18 October Friday

പിഎസ്‌സി നിയമന ശുപാർശ ഇനിമുതൽ ഉദ്യോഗാർഥികൾക്ക് നേരിട്ട്‌ കൈപ്പറ്റാം

സ്വന്തം ലേഖകൻUpdated: Friday Aug 2, 2019

തിരുവനന്തപുരം> പിഎസ്‌സി നിയമന ശുപാർശാ മെമ്മാ(അഡ്വൈസ്‌ മെമ്മൊ)  ഉദ്യോഗാർഥികൾക്ക്‌ നേരിട്ട്‌ നൽകുന്ന നടപടി തിങ്കളാഴ്‌ച മുതൽ ആരംഭിക്കും.  പിഎസ്‌സി  ഓഫീസിൽ നിന്നും നേരിട്ട് കൈപ്പറ്റാനാണ്‌ സംവിധാനം ഏർപ്പെടുത്തുന്നത്‌. ഉദ്യോഗാർഥികളുടെ ദീർഘകാലമായുള്ള ഈ ആവശ്യം പിഎസ്‌സി അടുത്തിടെയാണ്‌ അംഗീകരിച്ചത്‌.

സംസ്ഥാനതലത്തിൽ  ജൂലൈ  25 മുതൽ അംഗീകരിച്ച നിയമന ശുപാർശകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കാണ്  ആദ്യ ദിനത്തിൽ നേരിട്ട്‌ നൽകുന്നത്. ഈ വിവരം എസ്എംഎസ്, പ്രൊഫൈൽ സന്ദേശം,  ഫോൺ എന്നിവ വഴി  അറിയിച്ചിട്ടുണ്ട്.  മേഖലാ ജില്ലാ ഓഫീസുകളിൽ നിന്നുമുളള നിയമനശിപാർശ മെമ്മോ ഉദ്യോഗാർഥികളെ മുൻകൂട്ടി അറിയിച്ച് അതാത് ഓഫീസുകളിൽ നിന്നും പിന്നീട്‌ നൽകും.

തപാലിൽ അയയ്ക്കുന്ന നിയമന ശുപാർശ  ഉദ്യോഗാർഥികൾക്ക് ലഭിക്കുന്നില്ലായെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നേരിട്ടുനൽകാൻ   തീരുമാനിച്ചത്.     കൈപ്പറ്റാത്ത നിയമന ശുപാർശകളുടെ അടിസ്ഥാനത്തിൽ എൻജെഡി ഒഴിവുകൾ അറിയിക്കുന്നത് വേഗത്തിലാക്കാനും ഇതു വഴി കഴിയും.   കൂടുതൽ ഉദ്യോഗാർഥികൾക്ക് റാങ്കുപട്ടിക റദ്ദാകുന്നതിനുമുമ്പ് നിയമനം നൽകാനുമാവും. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌  തിരുവനന്തപുരം പിഎസ്‌സി ആസ്ഥാനത്ത്‌ ഉദ്‌ഘാടനം നടക്കും.

 


പ്രധാന വാർത്തകൾ
 Top