24 August Saturday

പ്രവാസികൾക്കുള്ള പ്രോക്‌സി വോട്ട്‌ സംബന്ധിച്ച്‌ കൂടുതൽ പരിശോധന വേണ്ടിവരും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

തിരുവനന്തപുരം> നിലവിലെ വ്യവസ്ഥകളനുസരിച്ച് വോട്ട് ചെയ്യുന്നതിന് സമ്മതിദായകന്റെ ശാരീരിക സാന്നിധ്യം പോളിംഗ് സ്റ്റേഷനില്‍ ആവശ്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.   ഇക്കാര്യത്തില്‍ പ്രവാസി കേരളീയര്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പ്രോക്‌സി വോട്ടിംഗ് സംവിധാനം പരിഗണിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് ഭേദഗതിയ്ക്കായി ഒരു നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും എം കെ മുനീറിന്റെ സബ്‌മിഷന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പ്രോക്‌സി വോട്ടിംഗിന് ആവശ്യമായ വ്യവസ്ഥകള്‍ ചേര്‍ത്ത് 74, 76 വകുപ്പുകള്‍ ഭേദഗതി ചെയ്യാനും 74 എ-യ്ക്കു ശേഷം 74 ബി എന്ന പുതിയ വകുപ്പ് ചേര്‍ക്കാനുമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അത് പരിശോധിച്ചുവരികയാണ്.

എന്നാല്‍ നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തിന് മുമ്പായി ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍, വോട്ടര്‍പട്ടിക തയ്യാറാക്കല്‍, വോട്ടര്‍മാരുടെ ഐഡന്റിറ്റി, തെരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവം എന്നിവ സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖകള്‍ ആവശ്യമുണ്ട്. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളും വിവിധ രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. സുതാര്യത ഉറപ്പുവരുത്തി പ്രവാസികള്‍ക്ക് നിഷ്പക്ഷമായ രീതിയില്‍ വോട്ടവകാശം നിര്‍വ്വഹിക്കുന്നതിന് കുറ്റമറ്റ സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. ഇവയെല്ലാം സംബന്ധിച്ച് കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലും ഭേദഗതി ആവശ്യമായിവരും.ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് വിവിധ തലത്തിലുള്ള ചര്‍ച്ചകളും കൂടിയാലോചനകളും ആവശ്യമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top