തിരുവനന്തപുരം
എ കെ ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ കൃപാസനം ഏറ്റുപറച്ചിലിനെ പരിഹസിച്ച് ആന്റണിയോടൊപ്പം കെഎസ്‌യു കാലംമുതൽ പ്രവർത്തിച്ച കോൺഗ്രസ് നേതാവ് പ്രൊഫ. ജി ബാലചന്ദ്രൻ. ആന്റണിയും നാളെ മാനസാന്തരംവന്ന് നരേന്ദ്രമോദിയുടെ മുന്നിൽ മുട്ടുകുത്തുമോയെന്ന് ചോദിച്ച അദ്ദേഹം എല്ലാ ആനുകൂല്യവും പറ്റിയശേഷവും കുടുംബം പാർടിയെ അപഹസിച്ചത് ശരിയായില്ലെന്ന് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
പ്രസക്തഭാഗങ്ങൾ:
‘‘ആന്റണി കെഎസ്‌യു പ്രസിഡന്റായിരുന്നപ്പോൾ ഞാൻ വൈസ് പ്രസിഡന്റായിരുന്നു. ഞാൻ ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്നപ്പോഴാണ് ആന്റണി ചേർത്തലയിൽനിന്ന് മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രിയായത്. രാഷ്ട്രീയ മോഹത്തോടെ ബിസിനസ്സിൽനിന്ന് തിരിച്ചുവന്ന അനിൽ ആന്റണിയെ സൈബർ സെൽ കൺവീനറാക്കി. ചുമ്മാതങ്ങ് എംഎൽഎയോ എംപിയോ ആക്കാൻ പറ്റുമോ ?
ജി കാർത്തികേയന്റെ മകൻ ശബരീനാഥ്, പി ടി തോമസ് മരിച്ചപ്പോൾ ഉമാ തോമസ്, ഉമ്മൻചാണ്ടി നിര്യാതനായപ്പോൾ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള ചാണ്ടിഉമ്മൻ എന്നിവർക്ക് സഹതാപതരംഗത്തിൽ വിജയിക്കാനായി. അനിൽ അങ്ങനെയാണോ. ശരീര ഭാഷപോലും രാഷ്ട്രീയത്തിനു വഴങ്ങുന്നതല്ല. സംസാരത്തിൽ പോലും പിഴവ്. പക്ഷേ, കൗശലക്കാരായ ബിജെപിക്കാർ ആന്റണിയുടെ മകനായതുകൊണ്ട് ജനറൽ സെക്രട്ടറിയാക്കി-. അമ്മ എലിസബത്ത് ആന്റണി പറയുന്നു അത് അവരുടെ പ്രാർഥനയും ആഗ്രഹവും കൊണ്ടാണെന്ന്. കോൺഗ്രസ്സിൽനിന്നപ്പോൾ ഒന്നും കിട്ടിയില്ലെന്ന്. അമ്മയ്ക്കും മക്കൾക്കും ആന്റണി ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നപ്പോഴൊക്കെ അതിന്റെ തണലിൽ സൗഭാഗ്യങ്ങൾ അനുഭവിച്ചിട്ടുള്ളത് മറക്കാനാകുമോ ? എലിസബത്ത് വരച്ച ചിത്രങ്ങൾ വിലയ്ക്കു വാങ്ങിയതിന്റെ പേരിൽ ആന്റണി കേട്ട പഴിയെത്ര.
പുരുഷായുസ്സ് മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ച ആന്റണിയും മാനസാന്തരത്തിൽ മോദിയുടെ മുൻപിൽ മുട്ടുകുത്തി പ്രാർഥിക്കുമായിരിക്കും. ’’
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..