05 December Thursday

ജയിലുകള്‍ തിങ്ങിനിറയുന്നത് ഒഴിവാക്കാന്‍ പ്രൊബേഷന്‍ സംവിധാനം ശക്തിപ്പെടുത്തും: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

തിരുവനന്തപുരം >   കേരളത്തിലെ ജയിലുകളിലുള്ള ആള്‍ പെരുപ്പം ഒഴിവാക്കാന്‍ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ സാധ്യമാകുമെന്നും ഇതിനായി വലിയ പ്രവര്‍ത്തനമാണ് സാമൂഹ്യനീതി വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. സമൂഹത്തില്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തി കുറ്റവാളികളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. സാമൂഹികവും മാനസികവുമായ ഇടപെടലിലൂടെ കുറ്റകൃത്യത്തില്‍ നിന്നും അവരെ പിന്തിരിപ്പിച്ച് കുടുംബത്തിനും സമൂഹത്തിനും ഉപകാരികളായി മാറ്റാന്‍ സാധിക്കും. തിരുവനന്തപുരത്ത്‌ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജില്ലാതല പ്രൊബേഷന്‍ ഉപദേശക സമിതി അംഗങ്ങളുടെ ശാക്തീകരണ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  മന്ത്രി.

  ഗൗരവതരമല്ലാത്ത കുറ്റംചെയ്യുന്ന ആദ്യ കുറ്റവാളികളിലും മറ്റും സാമൂഹ്യ, മന:ശാസ്ത്ര ഇടപെടല്‍ നടത്തിയാല്‍ ജയിലുകളുടെ എണ്ണം കുറയ്ക്കാന്‍ കേരളത്തില്‍ സാധിക്കും. സാഹചര്യം കൊണ്ട് ചെറിയ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ വീണ്ടും കേസില്‍ പെടാതെ നോക്കാന്‍ നമുക്ക് കഴിയണം. ഇതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഫലവത്തായാല്‍ കേരളം രാജ്യത്തിന് മാതൃകയാകുമെന്ന് മന്ത്രി പറഞ്ഞു.

  പരിഷ്‌കൃത സമൂഹത്തില്‍ മനുഷ്യനെ കുറ്റവാസനകളില്‍ നിന്നും മാറ്റിയെടുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. കുറ്റകൃത്യം മനസിന്റെ അസുഖമാണ് എന്നാണ് പറയുന്നത്. അതൊഴിവാക്കിയാല്‍ കുറ്റകൃത്യങ്ങള്‍ തടയാനാകും. പല സാഹചര്യങ്ങളാല്‍ ഒരാള്‍ കുറ്റവാളിയാകാറുണ്ട്. അവരില്‍ ചിലരെങ്കിലും അറിയാതെ ചെയ്തുപോകുന്നവരോ തിരിച്ചുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവരോ ആണ്. അവര്‍ക്ക് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് നല്ലനടപ്പ് നല്‍കിയാല്‍ ബഹുഭൂരിപക്ഷം പേരിലും വലിയ മാറ്റം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈയൊരു വലിയ ദൗത്യം വിജയകരമാകാന്‍ എല്ലാവരുടേയും പിന്തുണയും മന്ത്രി അഭ്യര്‍ഥിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top