കൽപ്പറ്റ സംഘർഷം: യൂത്ത് കോൺഗ്രസുകാരെ കാണാതെ പ്രിയങ്ക മടങ്ങി
കൽപ്പറ്റ > പൊലീസിനെയും ഭിന്നശേഷി ജീവനക്കാരെയും ആക്രമിച്ചതിനെ തുടർന്നുള്ള സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചില്ല. ശനിയാഴ്‌ച വയനാട് കലക്ടറേറ്റിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളവരെയാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ജില്ലയിലെത്തിയ പ്രിയങ്ക സന്ദർശിക്കാതെ മടങ്ങിയത്. പ്രിയങ്ക എത്തുമെന്ന് കരുതി ഡിസ്‌ചാർജ് നീട്ടിവച്ച് കാത്തിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നിരാശരായി. നേതാക്കളെ പ്രതിഷേധം അറിയിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയി, സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ ഉൾപ്പെടെയുള്ളവരാണ് ആശുപത്രിയിലുണ്ടായിരുന്നത്.
മലപ്പുറം ജില്ലയിലെ പരിപാടികൾക്കുശേഷം ശനി രാത്രിയോടെ പ്രിയങ്ക വയനാട്ടിലെത്തി. പടിഞ്ഞാറത്തറയിലായിരുന്നു താമസം. ഞായറാഴ്‌ച മാനന്തവാടി, ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്തു. ഇതിനിടയിൽ യൂത്ത് കോൺഗ്രസുകാരെ കാണാൻ തയ്യാറായില്ല. മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സർക്കാരുകൾ അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ച് ശനിയാഴ്‌ച യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിലാണ് സംഘർഷമുണ്ടായത്. പൊലീസിനെയും കലക്ടറേറ്റിലെ രണ്ടാംഗേറ്റിൽ സമരം നടത്തുകയായിരുന്ന ഭിന്നശേഷി ജീവനക്കാരെയും ആസൂത്രിതമായി ആക്രമിച്ചാണ് സംഘർഷമുണ്ടാക്കിയത്. പൊലീസ് ലാത്തിവീശലിലാണ് പരിക്കേറ്റത്.
ഞായറാഴ്‌ച പ്രിയങ്ക ജില്ലയിൽ എത്തുമ്പോഴുള്ള മാധ്യമശ്രദ്ധ മുതലെടുക്കുന്നതിനുള്ള ആസൂത്രിത നീക്കമായിരുന്നു യൂത്ത് കോൺഗ്രസിന്റേത്. പ്രിയങ്ക കാണാതെ മടങ്ങിയതോടെ പദ്ധതി പാളി. ദുരന്തബാധിതരുടെ പുനരധിവാസത്തിൽ രാഷ്‌ട്രീയം കലർത്തരുതെന്നും ഒരുമിച്ചുനിൽക്കണമെന്നും കൽപ്പറ്റയിലെ പ്രസംഗത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു.
0 comments