പ്രിയങ്കയുടെ ആദ്യ സ്വീകരണത്തിൽ വിലക്ക്: പാലം കടന്നപ്പോൾ കറിവേപ്പിലയാക്കിയെന്ന് ലീഗ്
എടക്കര > പ്രിയങ്ക ഗാന്ധി എംപിയായ ശേഷം നൽകിയ ആദ്യ സ്വീകരണത്തിൽനിന്ന് മുസ്ലിംലീഗിനെ അകറ്റിനിർത്തിയതിൽ പ്രതിഷേധം പുകയുന്നു. പാലം കടക്കുവോളം ലീഗിനെ മതിയോയെന്ന് മുസ്ലിംലീഗ് നിലമ്പൂർ നിയോജക മണ്ഡലം സെക്രട്ടറി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ആഹ്ലാദമൊക്കെ ആവാം, വിയർപ്പൊഴുക്കിയവരെ മറന്നാകരുതെന്ന് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റും പ്രതികരിച്ചു. ശനിയാഴ്‌ചയാണ് പ്രിയങ്ക കേരളത്തിൽ എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിക്കാൻ കോൺഗ്രസ് നേതാക്കൾ മാത്രമാണെത്തിയത്. ലീഗ് പ്രവർത്തകരെ ബോധപൂർവം മാറ്റിനിർത്തി. ഇതിൽ പ്രതിഷേധിച്ച് നിലമ്പൂർ മണ്ഡലത്തിലെ കരുളായിയിൽ നടന്ന ആദ്യ സ്വീകരണം പി വി അബ്ദുൾ വഹാബ് എംപി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ ബഹിഷ്‌കരിച്ചു.
വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലീഗിന്റെ പച്ചക്കൊടി നിരോധിച്ചിട്ടും അതെല്ലാംമറന്ന് പ്രവർത്തിച്ചവരോട് കാട്ടിയ വഞ്ചനയാണിതെന്നാണ് നേതാക്കൾ പറയുന്നത്. തെരഞ്ഞെടുപ്പുകൾ ഇനിയും വരും, പലരും മത്സരിക്കും, കാലം ഇതിനൊക്കെ മറുപടി നൽകുമെന്ന് മുസ്ലിം യൂത്ത് ലീഗ് അമരമ്പലം പഞ്ചായത്ത് കമ്മിറ്റിയും പ്രതികരിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ അവഗണിക്കപ്പെട്ടതോടെ ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരിയാണ് ആദ്യ പരസ്യ പ്രതികരണം നടത്തിയത്. തൊട്ടുപിറകെ മണ്ഡലം സെക്രട്ടറി ജസ്മൽ പുതിയറ അൽപ്പം കടുപ്പിച്ച് പോസ്റ്റിട്ടു. കാര്യം കഴിഞ്ഞാൽ കറിവേപ്പില തുടങ്ങി ലീഗ്–-കോൺഗ്രസ് പോർവിളിയായി കമന്റ് ബോക്‌സുകൾ നിറഞ്ഞു. സ്വീകരണ യോഗത്തിൽ പ്രിയങ്ക ലീഗിനെക്കുറിച്ച് പരാമർശിക്കുകപോലുംചെയ്‌തതുമില്ല.
0 comments