14 August Friday

നിരത്തിലിറങ്ങിയത്‌ നൂറോളം ബസുകൾ

സ്വന്തം ലേഖകൻUpdated: Sunday Aug 2, 2020

കൊച്ചി
പ്രതിസന്ധികൾക്കിടയിലും ജില്ലയിൽ സ്വകാര്യ ബസുകൾ ശനിയാഴ്ച ഭാഗികമായി സർവീസ്‌ നടത്തി. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമായി നൂറിൽത്താഴെ എണ്ണം ബസുകളാണ്‌ സർവീസ്‌ നടത്തിയത്‌. സാമ്പത്തികനഷ്ടം കാരണം ഒന്നുമുതൽ സർവീസ്‌ നടത്തില്ലെന്ന്‌ ബസ്‌ ഉടമകൾ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, തൊഴിലാളികളുടെ പ്രയാസവും  നികുതിയടവിൽ ഉൾപ്പെടെ ഒക്‌ടോബർവരെ സർക്കാർ സാവകാശം കൊടുത്ത സാഹചര്യവും കണക്കിലെടുത്താണ്‌ ഏതാനും ബസുകൾ നിരത്തിലിറക്കിയത്‌.
കോവിഡിന്‌ മുമ്പുവരെ ആയിരത്തിയിരുന്നൂറിലധികം ബസുകൾ ദിവസേന ജില്ലയിൽ സർവീസ്‌ നടത്തിയിരുന്നു.

ലോക്ക്‌ഡൗണിനുശേഷം ഇത്‌ നൂറ്റമ്പതിലേക്ക്‌ ചുരുങ്ങി. സർവീസ്‌ നടത്തുന്ന പകുതിയിലേറെ ബസുകളിലും യാത്രക്കാരുടെ എണ്ണം കുറവാണ്‌. തൊഴിലാളികളുടെ പ്രതിസന്ധി കണക്കിലെടുത്താണ്‌ ചുരുക്കം ബസുകളെ‌ങ്കിലും സർവീസ്‌ നടത്തുന്നത്‌. ആളുകളേറെയും സ്വന്തം വാഹനം ഉപയോഗിക്കുന്നതും ഈ മേഖലയെ ഗുരുതരമായി ബാധിച്ചു. ജില്ലയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഇറങ്ങിയത്‌ മുപ്പതിനായിരത്തിലധികം ഇരുചക്രവാഹനങ്ങളാണ്‌. തൊഴിലാളികളും ബസ്‌ ഉടമകളും സർക്കാർ പ്രതിനിധികളും ചേർന്ന്‌ ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കണമെന്ന്‌ ജില്ലാ പ്രൈവറ്റ്‌ ബസ്‌ വർക്കേഴ്സ്‌ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി ആർ മുരളീധരൻ, സെക്രട്ടറി കെ കെ കലേശൻ എന്നിവർ പറഞ്ഞു.
കൈയിൽ കിട്ടുന്നതാണ്‌ ഇപ്പോൾ‌ കൂലി

കോവിഡ്‌ വ്യാപന സാഹചര്യം രൂക്ഷമാകുമ്പോഴും ഒരുവിഭാഗം ബസുകൾ നിരത്തിലിറങ്ങുന്നത്‌ ഗതികേടുമൂലം‌. തൊഴിലാളികൾക്ക്‌ വരുമാനമില്ല. ദിവസേന ഓടിക്കിട്ടുന്ന തുക പങ്കിട്ടെടുത്താണ്‌ അവർ കഴിയുന്നത്‌.  മുമ്പ്‌ 1000 രൂപയിലധികം ദിവസക്കൂലിയുണ്ടായിരുന്ന ബസ്‌ ഡ്രൈവർമാർക്ക്‌ ഇന്ന്‌ 300 രൂപപോലും കിട്ടുന്നില്ല. കണ്ടക്ടറുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. മൂന്നും നാലും ജീവക്കാരുണ്ടായിരുന്ന ബസുകളിൽ ഡ്രൈവറെ വച്ചുമാത്രം സർവീസ്‌ നടത്തുന്ന സാഹചര്യവും ഉണ്ടായി. ഈ സ്ഥിതി തുടർന്നാൽ സ്വകാര്യ ബസ്‌ മേഖലതന്നെ തകരുമെന്ന്‌ തൊഴിലാളികൾ ആശങ്കയോടെ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top