15 January Friday

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന കേന്ദ്രത്തിനെതിരെ ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാട്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

തിരുവനന്തപുരം> ബജറ്റിലെ ധനക്കമ്മി കുറച്ചുകാണിക്കുക എന്ന സങ്കുചിത ലക്ഷ്യം മുന്‍നിര്‍ത്തി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നവരത്ന, മഹാരത്ന കമ്പനികളുടെ ഓഹരികള്‍ ഉള്‍പ്പെടെ വിറ്റഴിക്കുന്ന നയം തുടര്‍ച്ചയായി കോണ്‍ഗ്രസ്സ്- ബിജെപി സര്‍ക്കാരുകള്‍ കേന്ദ്രത്തില്‍ അവലംബിച്ചു വരുന്നുവെന്നു നിയമസഭയില്‍ മന്ത്രി ജി സുധാകരന്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ കേന്ദ്രസര്‍ക്കാരിന്റെ നയമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സ്വീകരിച്ചുവരുന്നത് കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എം സ്വരാജ് എംഎല്‍എയുടെ സബ്മിഷനാണ് പൊതുമരാമത്ത് മന്ത്രി മുഖ്യമന്ത്രിയ്ക്ക് വേണ്ടി മറുപടി നല്‍കിയത്.

എല്ലാക്കാലത്തും  ഇതിനെതിരെ ശക്തമായ നിലപാട് ഇടതുപക്ഷ പാര്‍ട്ടികളും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും സ്വീകരിച്ചുവരുന്നുണ്ട്. ഇപ്പോഴത്തെ ഓഹരി വിറ്റഴിക്കല്‍ 1999 മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ച നയത്തിന്റെ തുടര്‍ച്ചയാണ് എന്ന വസ്തുത വിസ്മരിക്കുവാന്‍ കഴിയില്ല.

ബജറ്റിലെ ധനക്കമ്മി കുറച്ചു കാണിക്കുന്നത് പരമമായ ലക്ഷ്യമായി കാണുകയും ഇതിനായി വരുമാനം വര്‍ദ്ധിപ്പിക്കുന്നതല്ലാതെയുള്ള എല്ലാ കുറുക്കുവഴികളും തേടുകയും ചെയ്യുന്ന വികലമായ നയമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിന് പിന്നിലുള്ളത്. സേവന മേഖലയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ക്രമേണ പിന്‍മാറണമെന്ന നയത്തിന്റെ ഭാഗംകൂടിയാണ് ഈ നടപടികള്‍.

ഈ പശ്ചാത്തലത്തിലാണ് പത്തുവര്‍ഷം മുമ്പ് 45 ശതമാനം വിപണി പങ്കാളിത്തം ഉണ്ടായിരുന്ന ബിഎസ്എന്‍എല്‍ 10 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്.
2000 മുതല്‍ 2009 വരെ 49,990 കോടി രൂപ പ്രവര്‍ത്തനലാഭം ഉണ്ടായിരുന്ന കമ്പനിയാണ് ബിഎസ്എന്‍എല്‍ ഇതര ടെലികോം കമ്പനികള്‍ കണ്‍സോര്‍ഷ്യം ഉണ്ടാക്കി ടെണ്ടറുകള്‍ അട്ടിമറിച്ചു. ഇതിന്റെ ഫലമായി 2019 ആകുമ്പോഴേക്കും സ്ഥാപനത്തിന്റെ ആകെ ബാധ്യത 12,888 കോടി രൂപയായി.

എല്ലാ ടെലികോം കമ്പനികളും 3ജി യില്‍ നിന്ന് 4ജി യില്‍ എത്തി അഞ്ചാം ജനറേഷനിലേക്ക് കുതിക്കുമ്പോള്‍ സര്‍ക്കാര്‍ ബിഎസ്എന്‍എല്‍ ന് 4ജി പോലും നിഷേധിച്ചിരിക്കുന്നു. ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയതും അതുകാരണം അവര്‍ അനുഭവിക്കുന്ന ദുരിതവും ഇക്കഴിഞ്ഞ ജൂലായില്‍ കത്ത് മുഖാന്തിരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

പത്ത് മാസങ്ങളായി ശമ്പളം ലഭിക്കാതെ ജീവിതം വഴിമുട്ടിയ ബിഎസ്എന്‍എല്‍ ലില്‍  30 വര്‍ഷത്തോളം കരാര്‍ തൊഴിലാളിയായിരുന്ന രാമകൃഷ്ണന്‍ ഇന്നലെ  ആത്മഹത്യ ചെയ്തു.50 ശതമാനം വരുന്ന കരാര്‍ തൊഴിലാളികളെ ഒഴിവാക്കാനും തൊഴിലാളികളുടെ തൊഴില്‍ദിനങ്ങള്‍ വെട്ടിച്ചുരുക്കാനും 55 വയസ് കഴിഞ്ഞവരെ ഒഴിവാക്കണമെന്നും ബിഎസ്എന്‍എല്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. 8 മാസത്തോളമായി ഇവര്‍ക്ക് വേതനം ലഭിക്കുന്നില്ല. കേരളത്തില്‍ മാത്രം 2019 ജനുവരി മാസം 8,076 കരാര്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നത് ജൂലായ് 31 ആയപ്പോഴേക്കും 6,182 ആയി കുറച്ചു.

കരാര്‍ തൊഴിലാളികളുടെ വേതന കുടിശ്ശിക ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ ബിഎസ്എന്‍എല്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ മാസങ്ങളായി സമരം നടത്തിവരികയാണ്.പൊതുമേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ ബിഎസ്എന്‍എല്‍ എന്ന പൊതുമേഖലാ സ്ഥാപനത്തെയും തൊഴിലാളികളെയും വഴിയാധാരമാക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

ബിഎസ്എന്‍എല്ലിനെയും അതിലെ തൊഴിലാളികളെയും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടതുണ്ട്.അതിനാവശ്യമായ ഇടപെടലുകള്‍ തുടര്‍ന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top