05 December Thursday

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

തിരുവനന്തപുരം> കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും സ്വകാര്യവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ കേരളത്തിന്റെ ആശങ്ക പലതവണ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. സി ദിവാകരന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ നടപടികളില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകള്‍ കേന്ദ്രത്തിന് അയച്ചിട്ടുണ്ട്.

 ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് പോലെയുള്ള സ്ഥാപനങ്ങള്‍ വിറ്റഴിക്കരുതെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐകകണ്‍ഠേന പ്രമേയം പാസാക്കിയിട്ടുണ്ട്. കൂടാതെ, സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരുന്നു.കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍, കമ്പനി സ്ഥാപിക്കുന്നതിനായി സംസ്ഥാനം സൗജന്യമായി നല്‍കിയ 123 ഏക്കര്‍ സ്ഥലത്തിന്റെ വില കൂടി വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഏറ്റെടുക്കല്‍ നടപടികളെ മന്ദഗതിയിലാക്കിയിട്ടുണ്ട്.കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡു (ഭെല്‍)മായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍ ലിമിറ്റഡിലെ ഭെല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സ്ഥാപനം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്ത് കൈമാറിയ 258.06 ഏക്കര്‍ ഭൂമിയും, സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 8.29 ഭൂമിക്കും പുറമെ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 32.56 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ 635 ഏക്കര്‍ സ്ഥലത്താണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിച്ചിട്ടുള്ളത്.

മേല്‍പ്പറഞ്ഞ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. ഇതിന്റെ തുടക്കമായി സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായോ വ്യവസ്ഥകള്‍ക്ക് വിധേയമായോ നല്‍കിയവയുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചെടുക്കാനുള്ള സാധ്യത പരിശോധിക്കുവാനും 29.07.2019 ലെ ഉത്തരവ് പ്രകാരം ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ ഒരു മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചിട്ടുണ്ട്.

ഭൂമി ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ വന്നുചേര്‍ന്ന തടസ്സങ്ങള്‍ പരിഹരിക്കാനും ഇടപെടുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി. സുധാകരന്‍ മറുപടി നല്‍കി

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top