12 August Wednesday

പ്രവാസി പ്രശ്‌നം: കേന്ദ്രത്തിന്റെ നിസംഗത മറയ്ക്കാന്‍ ചിലര്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു: പ്രവാസി സംഘം

വെബ് ഡെസ്‌ക്‌Updated: Friday Jun 19, 2020

തിരുവനന്തപുരം> പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിസംഗത മറച്ചുവയ്ക്കാനാണ് ചില കേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പ്രവാസി സംഘം.ആദ്യം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സംബന്ധിച്ചായിരുന്നു നുണ പ്രചരണം. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ അത് പൊളിഞ്ഞു.

പിന്നെ ചാര്‍റ്റഡ് വിമാനങ്ങള്‍ തടയുന്നു എന്നായി.വിദേശകാര്യ സഹമന്ത്രിയുടെ പദവിയിലുള്ള ആളാണ് ഈ ആരോപണം ഉന്നയിച്ചത്.പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഇതേ ആരോപണം തുടര്‍ന്നു.എന്നാലിങ്ങനെ തടയുന്നില്ലെന്ന് മാത്രമല്ല എണ്ണൂറോളം പുതിയ ചാര്‍ട്ടഡ് വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന്
 വ്യക്തമായതോടെ ഈ പ്രചരണത്തിനും അല്‍പ്പായുസ്സായി.പക്ഷെ ഇതുകൊണ്ടവസാനിച്ചില്ല.

പ്രവാസി യാത്രികര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശവും വളച്ചൊടിക്കപ്പെട്ടു.ചാര്‍ട്ടേഡ് വിമാനങ്ങള്‍ തടയാനാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.എന്നാല്‍ പ്രവാസി യാത്രികരുടെ തന്നെ സുരക്ഷയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പല രാജ്യങ്ങളിലും ഇപ്പോള്‍ തന്നെ ഈ പരിശോധന ലഭ്യമാണെന്നും വന്നതോടെ ഇപ്പോള്‍ മറ്റൊരു പ്രചരണവുമായാണ് ഇറങ്ങിയിട്ടുള്ളത്.അതിഥി തൊഴിലാളികളെ പോലെ പ്രവാസികളെ കണക്കാക്കുന്നില്ലെന്നതാണ് ആ പ്രചരണം.

ഇന്ത്യാ ഗവണ്‍മെന്റിന് സുപ്രിം കോടതി നല്‍കിയ നിര്‍ദ്ദേശത്തില്‍ അതിഥി തൊഴിലാളികളുടെ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് പറഞ്ഞിരുന്നു.ഇത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയുടെ മുന്നില്‍ ഒരു ഹരജി വന്നു.പ്രവാസികളെയും ഇന്ത്യയ്ക്കകത്തുള്ള അതിഥി തൊഴിലാളികളെയും ഒരു പോലെ കാണണമെന്നായിരുന്നു ആവശ്യം.എന്നാലിത് കേന്ദ്ര മാനദണ്ഡ പ്രകാരം തന്നെ രണ്ടും രണ്ടാണെന്ന് ഏവര്‍ക്കുമറിയാം.പക്ഷെ വിവാദ വ്യവസായികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഇതിനെ ഉപയോഗിക്കാനാണ് താല്‍പ്പര്യം.

വസ്തുതകളുമായി ഇത് പൊരുത്തപ്പെടുന്നതല്ല.ഇന്ത്യയില്‍ പ്രവാസികള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്ഷേമ പദ്ധതികളുള്ള സംസ്ഥാനമാണ് കേരളം.പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇവിടെ നല്‍കുന്നു.കോവിഡ് കാലത്ത് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ധനസഹായം നല്‍കിയ ഇന്ത്യയിലെ ഏക സര്‍ക്കാരാണ് കേരളത്തിലേത്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലുമൊരു സഹായം പ്രവാസിക്ക് നല്‍കുന്നില്ല.ലോകത്ത് ഏറ്റവുമധികം പ്രവാസി പണം വരുന്ന രാജ്യമായിട്ടും പ്രവാസി  ഇന്ത്യക്കാര്‍ക്ക് ഒരു ആനുകൂല്യവും പ്രഖ്യാപിച്ചില്ല.

എംബസികള്‍ വഴി സംഭരിക്കുന്ന പണം പോലും വിദേശങ്ങളിലെ സാധാരണ പ്രവാസികളുടെ ക്ഷേമത്തിന് ഉപയോഗപ്പെടുത്തുന്നില്ല.തൊഴില്‍ നഷ്ടമായി തിരിച്ചു വരുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രാടിക്കറ്റ് പോലും നല്‍കുന്നില്ല.കേന്ദ്ര സര്‍ക്കാരിന്റെ ഈ നീതി നിഷേധത്തിനെതിരെ ഒരക്ഷരം മിണ്ടാത്തവരാണ് കേരളത്തെ ആക്ഷേപിക്കുന്നത്.വസ്തുകള്‍ തിരിച്ചറിഞ്ഞ് പ്രവാസി അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും പ്രവാസി സംഘം പ്രസിഡന്റ് പിടി കുഞ്ഞുമുഹമ്മദ് ജനറല്‍ സെക്രട്ടറി  കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top