13 July Monday

ഒരു വിമാനത്തിനും സംസ്ഥാനം 'നോ' പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

തിരുവനന്തപുരം> ജൂണ്‍ രണ്ട് വരെ 140 വിമാനങ്ങളില്‍ 24333 പേരാണ് നാട്ടിലേക്ക് തിരിച്ചെത്തിയതെന്നും മൂന്ന് കപ്പല്‍ വഴി 1488 പേരും വിദേശത്ത് നിന്നെത്തിയെന്നും മുഖ്യമന്ത്രി  പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 മൊത്തം 25821 പേരാണ് വിദേശത്ത് നിന്നെത്തിയത്.വിദേശത്തോ ഇതര സംസ്ഥാനത്തോ കഴിയുന്ന സഹോദരങ്ങളില്‍ ഈ ഘട്ടത്തില്‍ തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും കൊണ്ടുവരാനും ആരോഗ്യസുരക്ഷ ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദിവസേന ആളുകള്‍ വരുന്നുണ്ട്. സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.

വൈദ്യപരിശോധന, ക്വാറന്റീന്‍, സ്രവ പരിശോധന, പോസിറ്റീവാകുന്നവര്‍ക്ക് ചികിത്സ, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ നിരീക്ഷണം ഇതൊക്കെ ചിട്ടയായി ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു.

സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന തോത് പിടിച്ചുനിര്‍ത്താനായി. മെയ് ഏഴ് മുതലാണ് വന്ദേ ഭാരത് പരിപാടി മുഖേന പ്രവാസികള്‍ തിരികെ വന്നത്. വന്ദേഭാരതത്തിന്റെ ഭാഗമായി വിമാനം വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വച്ചിട്ടില്ല. ഒരു വിമാനവും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും അനുമതി നല്‍കി. വന്ദേ ഭാരത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജൂണ്‍ മാസത്തില്‍ ഒരു ദിവസം 12 വിമാനമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അത് സംസ്ഥാനം അംഗീകരിച്ചു.


ജൂണില്‍ 360 വിമാനങ്ങള്‍ വരണം. ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 36 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. കേരളം അനുമതി നല്‍കിയ 324 വിമാനങ്ങള്‍ ജൂണ്‍ മാസത്തിലേക്ക് ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. കേന്ദ്രം ഉദ്ദേശിച്ച രീതിയില്‍ വിമാനം പ്രവര്‍ത്തനത്തിന് അവര്‍ക്ക് സാധിക്കുന്നില്ല. അതില്‍ കുറ്റപ്പെടുത്താനാവില്ല. വലിയൊരു ദൗത്യമായതിനാല്‍ ഒന്നിച്ച് ഒരുപാട് വിമാനമയച്ച് ആളുകളെ കൊണ്ടുവരുന്നത് പ്രയാസമാണ്. കേരളം അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്താല്‍ ഇനിയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കും.

വന്ദേ ഭാരത് മിഷനില്‍ ഇനി എത്ര വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ചോദിച്ചു. വിവരം ലഭിച്ചാല്‍ അനുമതി നല്‍കും. 40 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 26 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. അത് പൂര്‍ത്തിയായാല്‍ ഇനിയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കും.  ഒരു വിമാനത്തിനോടും സംസ്ഥാനം നോ പറഞ്ഞിട്ടില്ല.

വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ തൊഴിലുടമകളോ സംഘടനകളോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് സംസ്ഥാനം എതിര്‍ത്തിട്ടില്ല. യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കൊണ്ടുവരുന്നവരോട് വിമാന നിരക്ക് വന്ദേ ഭാരത് വിമാനത്തിന് തുല്യമാകണം എന്നും സീറ്റ് നല്‍കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

മറ്റു വ്യവസ്ഥകളൊന്നുമില്ല. ഈ രണ്ട് നിബന്ധനകളും പ്രവാസികളുടെ താത്പര്യം പരിഗണിച്ചാണ്. സ്വകാര്യ വിമാനക്കമ്പനികള്‍ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ അനുവാദം ചോദിച്ചു. അതിനും അനുവാദം നല്‍കും. സ്‌പൈസ് ജെറ്റിന്റെ 300 വിമാനങ്ങള്‍ക്ക് കേരളത്തിലേക്ക് അനുമതി നല്‍കി. ഒരു ദിവസം 10 എന്ന കണക്കില്‍ ഒരു മാസം കൊണ്ട് ഇത്രയും വിമാനം വരും. കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാകുന്നവരെ കൊണ്ടുവരുമെന്നാണ് സ്‌പൈസ് ജെറ്റിന്റെ നിബന്ധന. അബുദാബിയിലെ ഒരു സംഘടന 40 ചാര്‍ട്ടേര്‍ഡ് വിമാനത്തിന് അനുവാദം ചോദിച്ചു, അതും നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


പ്രധാന വാർത്തകൾ
 Top