23 January Wednesday

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനിയുടെ റൈസ് ബക്കറ്റ് ചലഞ്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

തിരുവനന്തപുരം > ടെക്നോപാര്‍ക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി 2018 ലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന റൈസ് ബക്കറ്റ് ചലഞ്ചിന്റെ ഔദ്യോഗിക ഉത്ഘാടനം  തിരുവനന്തപുരം നഗരസഭാ മേയര്‍ വി കെ പ്രശാന്ത്  നിര്‍വഹിച്ചു. ടെക്നോപാര്‍ക്കിനുള്ളില്‍ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും  ഈ റൈസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് ഏറ്റവും കുറഞ്ഞത് 5 കിലോഗ്രാം അരി അതാത് കെട്ടിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റില്‍ നിക്ഷേപിച്ച് കൊണ്ട് ഈ പരിപാടിയോട് സഹകരിക്കാവുന്നതാണ്. 

ഇതിനായി ടെക്നോപാര്‍ക്കിനുള്ളിലെ വിവിധ കെട്ടിടങ്ങളായ നിള, ഭവാനി, കാര്‍ണിവല്‍, പമ്പ, തേജസ്വിനി, ചന്ദ്രഗിരി, പെരിയാര്‍, ഗായത്രി, ആംസ്റ്റര്‍, ഗംഗ , യമുന, ടെക്നോപാര്‍ക്ക് ഫേസ് 2, ഈ വൈ കിന്‍ഫ്ര പാര്‍ക്ക് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളില്‍ അരി പാക്കറ്റുകള്‍  നിക്ഷേപിക്കുകയും അടുത്ത സുഹൃത്തിന്  വെല്ലുവിളി കൈമാറുകയും ചെയ്യാവുന്നതാണ്. ഇപ്രകാരം സംഭരിക്കുന്ന അരി ടെക്നോപാര്‍ക്കിനുള്ളില്‍ ജോലിചെയ്യുന്ന ഐ ടി ഇതര ജീവനക്കാര്‍ക്ക് ഓണ സമ്മാനമായി നല്‍കുന്നതോടൊപ്പം കുട്ടനാട്ടിലെ പ്രളയത്താല്‍ കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരിട്ടെത്തിക്കുവാനും പ്രതിധ്വനി തീരുമാനിച്ചിട്ടുണ്ട്. റൈസ് ബക്കറ്റ് ചലഞ്ച്  2018 ആഗസ്ത് 8 ബുധനാഴ്ച ആരംഭിച്ച് 2018 ആഗസ്ത് 21 ബുധനാഴ്ച  സമാപിക്കും.

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് പ്രതിധ്വനി റൈസ് ബക്കറ്റ് ചലഞ്ച് ടെക്നോപാര്‍ക്കിനുള്ളില്‍ നടത്തുന്നത്. ഓരോ തവണയും ടെക്നോപാര്‍ക് ജീവനക്കാരുടെ ഭാഗത്തുനിന്നും കൂടുതല്‍ കൂടുതല്‍ ആവേശോജ്വലമായ പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം സംഭരിച്ച 6500 കിലോഗ്രാം അരി ടെക്നോപാര്‍ക്കിലെ ഐ ടി ഇതര ജീവനക്കാര്‍ക്ക് പുറമെ തിരുവനന്തപുരം ജില്ലയിലെ ഇരുപതോളം വൃദ്ധ സദനങ്ങളിലും അനാഥാലയങ്ങളിലും വിതരണം ചെയ്തിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും റൈസ് ബക്കറ്റ് ചലഞ്ചില്‍ പങ്കെടുക്കാനും ബന്ധപ്പെടുക അരുണ്‍ ദാസ് 9176601230, പ്രമിത് 9995752510, സുകേഷ് 8086944094


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top