06 December Friday

"നീ താൻ ശരിയാന സൂപ്പർ സ്‌റ്റാർ, പല്ലാണ്ട് വാഴ്‌ക' പ്രണവിന്‌ സ്‌റ്റൈൽ മന്നന്റെ ആശിർവാദം

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

ആലത്തൂർ > "നീ താൻ ശരിയാന സൂപ്പർ സ്‌റ്റാർ, പല്ലാണ്ട് വാഴ്‌ക' (നീയാണ്‌ യഥാർഥ സൂപ്പർ സ്‌റ്റാർ, ഏറെനാൾ സന്തോഷമായി ജീവിക്കൂ). ഇരുകൈകളില്ലാത്ത യുവചിത്രകാരൻ എം ബി പ്രണവിനെ ചേർത്തുപിടിച്ച്‌ ഇന്ത്യൻ സിനിമയിലെ സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനികാന്ത് ആശീർവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം കാലുകൊണ്ട് സെൽഫിയെടുത്തതോടെയാണ്‌ ആലത്തൂർ കാട്ടുശേരി സ്വദേശി എം ബി പ്രണവ്‌ ഏവർക്കും പരിചിതനായത്‌.

മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രം വൈറലായതോടെ പ്രണവിനെ അഭിമുഖം ചെയ്യാനെത്തിയ തമിഴ്‌ മാധ്യമ പ്രവർത്തകനോടാണ് സൂപ്പർ സ്‌റ്റാർ രജനികാന്തിനെ കാണണമെന്ന ആഗ്രഹമറിയിച്ചത്. "രജനികാന്തിനെ കാണണം'എന്ന  തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനം പ്രണവിന്റെ സ്വപ്ന സാക്ഷാത്ക്കാരമായി മാറി. ഞായറാഴ്ച രാവിലെ രജനികാന്തിന്റെ ഓഫീസിൽനിന്ന്‌ പ്രണവിന് ക്ഷണമെത്തി. രക്ഷിതാക്കളോടൊപ്പം തിങ്കളാഴ്ച വൈകിട്ട്‌ അഞ്ചോടെ ചെന്നൈ പോയസ് ഗാർഡനിലെ രജനികാന്തിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. "ഷേക്‌ ലെഗ്‌' നൽകി സ്വീകരിച്ച പ്രണവിനെ പൊന്നാടയണിയിച്ച് സ്വീകരിച്ച താരം അര മണിക്കൂറോളം സംസാരിച്ചു. പിന്നീട്‌ പ്രണവിന്റെ മാസ്റ്റർപീസായ കാലുകൊണ്ടുള്ള സെൽഫിയും രജനിക്കൊപ്പമെടുത്തു. കാലുകൊണ്ട് വരച്ച രജനികാന്തിന്റെ ചിത്രവും കൈമാറി. ഇനിയുള്ള പ്രണവിന്റെ പ്രയാണങ്ങൾക്ക് താങ്ങായി കൂടെയുണ്ടാവുമെന്ന് ഉറപ്പുനൽകിയാണ്‌ സൂപ്പർ സ്‌റ്റാർ പ്രണവിനെ യാത്രയാക്കിയത്.


പ്രധാന വാർത്തകൾ
 Top