16 June Sunday
ഇന്ത്യയെന്ന ആശയം

അടിസ്ഥാന വൈരുധ്യങ്ങൾ പരിഹരിക്കണം: പ്രകാശ‌് കാരാട്ട‌്

പ്രത്യേക ലേഖകൻUpdated: Sunday Feb 24, 2019തിരുവനന്തപുരം
രാഷ്ട്രീയ, ജനാധിപത്യ അവകാശങ്ങളിൽ തുല്യതയുണ്ടെങ്കിലും സാമൂഹ്യ, സാമ്പത്തിക ജീവിതത്തിലെ അസമത്വമാണ‌് ഇന്ത്യയെന്ന ആശയത്തിനുള്ളിലെ ഏറ്റവും പ്രധാന വൈരുധ്യമെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌് പറഞ്ഞു. കേരള നിയമസഭ സംഘടിപ്പിച്ച ദേശീയ വിദ്യാർഥി പാർലമെന്റിൽ ‘ഇന്ത്യയെന്ന ആശയം’ വിഷയത്തിലുള്ള പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല ജീവിതം സ്വപ‌്നംകാണുന്ന ജനതയുടെ ആശകളും പ്രതീക്ഷകളുമാണ‌് ഭരണഘടന ഉൾക്കൊള്ളുന്നത‌്. ജനങ്ങളുടെ വോട്ടവകാശത്തിൽ തുല്യതയുണ്ടെങ്കിലും സാമ്പത്തികമായി പല തലങ്ങളിൽ അസമത്വമുണ്ട‌്. ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള അസമത്വവും ശക്തമാണ‌്. ഈ അടിസ്ഥാനവൈരുധ്യം പരിഹരിക്കാതെ എല്ലാവർക്കും നല്ല ഇന്ത്യയെന്ന സ്വപ‌്നം സാക്ഷാൽക്കരിക്കാനാകില്ല. സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ മൂന്ന‌് ദശകങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും പ്രധാന സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ചെയ‌്തു. അറുപതുകളുടെ അവസാനം ഹരിതവിപ്ലവത്തിലൂടെ കാർഷികരംഗത്ത‌് വൻമുന്നേറ്റവും ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ വളർച്ചയുംനേടി. ഈ ഘട്ടത്തിലൊന്നും  അസമത്വം പരിഹരിക്കപ്പെട്ടില്ല.

എൺപതുകളിൽ വൻകിട കോർപറേറ്റുകൾക്കും മൂലധന ശക്തികൾക്കുമായി വലിയ മാറ്റങ്ങൾവരുത്തി, 1991 മുതൽ നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കി. ഈഘട്ടങ്ങളിൽ സാമ്പത്തിക അസമത്വം അതിഭീമമായി വർധിച്ചു. ഒരുശതമാനത്തിൽ താഴെവരുന്ന അതിസമ്പന്നരുടെ കൈയിൽ സമ്പത്തും സ്വത്തുക്കളും കേന്ദ്രീകരിക്കുകയും ഭൂരിപക്ഷവും വികസനത്തിൽനിന്നും വളർച്ചയിൽനിന്നും പുറന്തള്ളപ്പെടുകയും ചെയ‌്തു. വികസനത്തിന്റെ ഫലമാകെ ചുരുക്കം ചിലരിൽ കേന്ദ്രീകരിക്കുന്നു. പ്രാദേശികമായ അസമത്വവും വളരുന്നു. രാജ്യത്തെ ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലമാക്കി ക്രമേണ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ‌് നടക്കുന്നത‌്. കോർപറേറ്റുകൾ രാജ്യത്തിന്റെ രാഷ്ട്രീയ, ജനാധിപത്യ സംവിധാനത്തിൽ പിടിമുറുക്കുന്നു. അവരാണ‌് സർക്കാരുകളുടെ നയം നിശ്ചയിക്കുന്നത‌്. ധനമൂലധന ശക്തികൾ ഭരണം നിയന്ത്രിക്കും എന്നായിരിക്കുന്നു അവസ്ഥ.

തെരഞ്ഞെടുപ്പ‌് സംവിധാനത്തിലും പണം വൻതോതിൽ സ്വാധീനം ചെലുത്തുന്നു. കള്ളപ്പണമടക്കം ഉപയോഗിക്കുന്നു. സ്ഥാനാർഥികളിൽ വലിയൊരുഭാഗം സമ്പന്നരാണ‌് എന്നതാണ‌് പൊതുസ്ഥിതി. തൊഴിലില്ലായ‌്മ പെരുകുന്നു എന്നുമാത്രമല്ല,  ഉള്ള തൊഴിലിന്റെ ഗുണനിലവാരവും സുരക്ഷയും കുറയുന്നു. ശാസ‌്ത്ര അവബോധവും യുക്തിബോധവും വലിയ ആക്രമണങ്ങളെയാണ‌് നേരിടുന്നത‌്. ദേശീയ ശാസ‌്ത്ര കോൺഗ്രസ‌് അന്ധവിശ്വാസങ്ങളുടെ അവതരണ വേദിയായി. കർഷകരെ പിന്തുണയ‌്ക്കുന്ന കാർഷികനയവും തൊഴിലവസരങ്ങളുണ്ടാക്കുന്ന വ്യവസായവൽക്കരണവും നടക്കണം.  പണശക്തികളിൽനിന്ന‌് ജനാധിപത്യത്തെ രക്ഷിക്കാൻ ശക്തമായ തെരഞ്ഞെടുപ്പ‌് പരിഷ‌്കാരങ്ങളുണ്ടാകണം. ഭരണഘടന ശക്തമാക്കി ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഉയർത്തിപ്പിടിക്കണം. എന്നാൽ മാത്രമേ  ഇന്ത്യയെന്ന ആശയത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂ–- കാരാട്ട‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top