18 June Tuesday

പ്രതിപക്ഷത്തിനു സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന വാദം നിരര്‍ഥകം;അഞ്ചു വര്‍ഷത്തെ മോഡി ഭരണം ജനവഞ്ചനയില്‍ റെക്കോഡിട്ടു: കാരാട്ട്

പ്രത്യേക ലേഖകന്‍Updated: Friday Mar 22, 2019

കണ്ണൂര്‍ > പ്രതിപക്ഷത്തെ ഇടതുപക്ഷ-- മതനിരപേക്ഷ കക്ഷികളും പ്രാദേശിക പാര്‍ടികളും വിചാരിച്ചാല്‍ സുസ്ഥിര ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിയില്ലെന്ന വാദം നിരര്‍ഥകമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. യുപിഎ സര്‍ക്കാര്‍ ഇത്തരം പാര്‍ടികള്‍ ചേര്‍ന്നതായിരുന്നില്ലേ. അതു ദുര്‍ബലമായിരുന്നോ--  അദ്ദേഹം ചോദിച്ചു.

കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ 'മുഖാമുഖം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.ബിജെപി സര്‍ക്കാരിനെതിരെ മുഴുവന്‍ പ്രതിപക്ഷ പാര്‍ടികളും ചേര്‍ന്ന മഹാസഖ്യം പ്രായോഗികമല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ രൂപപ്പെടുന്ന തെരഞ്ഞെടുപ്പു സഖ്യങ്ങള്‍ക്കാണ് ബിജെപിയെയും സഖ്യശക്തികളെയും ഫലപ്രദമായി നേരിടാന്‍ കഴിയുക.  അതത് സംസ്ഥാനത്തെ പ്രാദേശിക പാര്‍ടികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനാകും. 

യുപിയിലെ എസ്പിയും ബിഎസ്പിയും ബീഹാറിലെ ആര്‍ജെഡിയും തമിഴ്‌നാട്ടില്‍ ഡിഎംകെയുമൊന്നും അവഗണിക്കേണ്ട ചെറു പാര്‍ടികളല്ല. അതതുസംസ്ഥാനത്തെ വലിയ പാര്‍ടികളാണെന്നും കാരാട്ട് വിശദീകരിച്ചു. 1952ല്‍ ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചശേഷമുള്ള ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ഭരണഘടനയുടെയും  അതിന്റെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ്.

 അഞ്ചു വര്‍ഷത്തെ മോഡി ഭരണം സമസ്തമേഖലയിലെയും ഭരണപരാജയത്തിലും ജനവഞ്ചനയിലുമാണ് റെക്കോഡിട്ടത്. വര്‍ഷം രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. പുറത്തുവന്ന ഔദ്യോഗിക കണക്കുകളനുസരിച്ച്  കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലാണ് രാജ്യം. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കാര്‍ഷികവിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവും അമ്പതുശതമാനവും ചേര്‍ന്ന താങ്ങുവില നിശ്ചയിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം.

കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വരുമാനമാണ് കൃഷിക്കാര്‍ക്ക് ലഭിക്കുന്നത്. ഓരോരംഗത്തും ഇതാണ് സ്ഥിതി. സാമ്പത്തിക വളര്‍ച്ചയും വ്യവസായവളര്‍ച്ചയും താഴോട്ടുപോയി.  വാണിജ്യ കമ്മി വന്‍തോതില്‍ ഉയര്‍ന്നു. വിലക്കയറ്റം പാരമ്യത്തിലെത്തി. ഇതിനൊക്കെ പുറമെയാണ് മുമ്പൊരുകാലത്തുമില്ലാത്ത വിധമുളള വര്‍ഗീയവല്‍ക്കരണവും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളും.
രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന ഇത്തരം മൗലിക വിഷയങ്ങളാണ് ഇടതുപക്ഷം ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.

അതേസമയം യുദ്ധോത്സുക ദേശീയത ഉയര്‍ത്തി യഥാര്‍ഥ വിഷയങ്ങള്‍ വഴിതിരിച്ചുവിടാനാണ് മോഡിയും ബിജെപി സര്‍ക്കാരും ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയ-- ഫാസിസത്തിനുമെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കേണ്ടത്. കോണ്‍ഗ്രസിന് ഇപ്പോഴും ഇതു ബോധ്യപ്പെട്ടിട്ടില്ല.

തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ടു നേരിടുകയാണവര്‍. പശ്ചിമബംഗാളില്‍ സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടെന്ന ധാരണ  പൊളിച്ചത് കോണ്‍ഗ്രസാണെന്നും  കാരാട്ട് ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും സംബന്ധിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരീസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും സി സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു

 


പ്രധാന വാർത്തകൾ
 Top