03 November Sunday

സരസ്വതി സമ്മാന്‍ പ്രഭാവര്‍മ്മയുടെ കാവ്യജീവിതത്തിന്റെ 
അടയാളപ്പെടുത്തല്‍ : ഡോ. ദാമോദര്‍ മൗജോ

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

സരസ്വതി സമ്മാൻ കവി പ്രഭാവർമ്മയ്ക്ക് ജ്ഞാനപീഠ ജേതാവ് 
ഡോ. ദാമോദർ മൗജോ സമ്മാനിക്കുന്നു


തിരുവനന്തപുരം
പ്രഭാവർമ്മയുടെ കാവ്യജീവിതത്തിന്റെ 50 വർഷത്തെ അടയാളപ്പെടുത്തുന്ന മറ്റൊരു തൂവലാണ് സരസ്വതി സമ്മാനെന്ന് ജ്ഞാനപീഠ ജേതാവ് ഡോ. ദാമോദർ മൗജോ. അവാർഡിന് അർഹനാക്കിയ ‘രൗദ്രസാത്വികം’ അദ്ദേഹത്തിന്റെ മറ്റ് രചനകളെപ്പോലെ എക്കാലവും ആദരിക്കപ്പെടും. മറ്റ് ഭാഷാ സാഹിത്യസൃഷ്ടികളിൽനിന്ന് വേറിട്ടുനിൽക്കുന്നതാണ് രൗദ്രസാത്വികം. നോവലും കവിതയും ചേരുന്ന ഇരട്ടഭാവം. ശൈലിയിലും സമീപനത്തിലും വ്യത്യസ്തത സൂക്ഷിക്കുന്നതാണ് ശ്യാമമാധവത്തിന്റെയും രൗദ്രസാത്വികത്തിന്റെയും ആഖ്യാനം. ഭാവാത്മകവും കാവ്യാത്മകവുമായ മികവിന്റെ സാക്ഷ്യമാണത്. തിരഞ്ഞെടുത്ത വൃത്തങ്ങൾ, ഉപയോഗിച്ച വാക്കുകൾ, കവിയുടെ അറിവ്, വൈകാരികത എന്നിവ അപൂർവങ്ങളിൽ അപൂർവമാണ്‌–- അദ്ദേഹം പറഞ്ഞു. കെ കെ ബിർള ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ പുരസ്കാരം പ്രഭാവർമ്മയ്ക്ക് സമർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ഭാഷയെ സ്നേഹിക്കുന്ന മനുഷ്യരാണ് കേരളത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. 

എഴുത്തിന്റെ അരനൂറ്റാണ്ട്‌ പാഴായിപ്പോയില്ലെന്നത് അഭിനന്ദനങ്ങളിലൂടെയും പുരസ്കാരങ്ങളിലൂടെയും അറിയുന്നതിൽ സന്തോഷമുണ്ടെന്ന്‌ പ്രഭാവർമ്മ മറുപടി പ്രസം​ഗത്തിൽ പറഞ്ഞു. പൂജപ്പുര സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്ക് കഴിയുന്നയൊരാൾ കവിത വായിച്ചിട്ട് അഭിനന്ദനം അറിയിച്ചതും ഓർമിച്ചു. പ്രഭാവർമ്മയുടെ ആത്മകഥ ‘നമാമി മനസാ ശിരസാ’ ഡോ. ദാമോദർ മൗജോ തമിഴ് സാഹിത്യകാരൻ ഡോ. മാലൻ നാരായണന്‌ നൽകി പ്രകാശിപ്പിച്ചു.  കവിതാസമാഹാരം ‘പ്രണയത്തിന്റെ കാവ്യപുസ്തകം’ ദിവ്യ എസ് അയ്യർക്ക് നൽകി ഡോ. സുരേഷ് ഋതുപർണ പ്രകാശനം ചെയ്തു. കെ ജെ യേശുദാസ്, നടൻ മോ​ഹൻലാൽ എന്നിവർ ആശംസയറിയിച്ചു. കെ ജയകുമാർ, ഡോ. ബി സന്ധ്യ, ഡോ. ജി രാജ്മോ​ഹൻ എന്നിവർ പങ്കെടുത്തു.

തുടർന്ന് നടന്ന നൃ-ത്തസം​ഗീത സന്ധ്യ മന്ത്രി വി ശിവൻകുട്ടിയും ജോൺ ബ്രിട്ടാസ് എംപിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ എ റഷീദ്, എം വിജയകുമാർ, ​ഗായിക അപർണ രാജീവ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top