ന്യൂഡല്‍ഹി > പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയ്ക്ക് 2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീകൃഷ്ണന്റെ ആത്മവ്യഥകളുടെ തീവ്രാവിഷ്കാരമായ ശ്യാമമാധവം എന്ന കാവ്യാഖ്യായികയ്ക്കാണ് അവാര്‍ഡ്. 2013ല്‍ ഈ കൃതിക്ക് വയലാര്‍ അവാര്‍ഡും ലഭിച്ചിരുന്നു. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ അക്കാദമി പുരസ്കാരം ഫെബ്രുവരി 22ന് ഡല്‍ഹിയില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ് ചടങ്ങില്‍ വിതരണംചെയ്യും. ഡോ. എം ലീലാവതി, പ്രൊഫ. വി സുകുമാരന്‍, ആലങ്കോട് ലീലാകൃഷ്ണന് എന്നിവരടങ്ങിയ പുരസ്കാരനിര്‍ണയ സമിതിയാണ് പുരസ്കാരജേതാവിനെ തീരുമാനിച്ചത്. പ്രഭാവര്‍മ നിലവില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ അഡ്വൈസര്‍(പ്രസ്) ആണ്.
പരമ്പരാഗത കാവ്യരീതികളെ പുതിയകാലവുമായി ബന്ധപ്പെടുന്ന കൃതിയാണ് ശ്യാമമാധവമെന്ന് പുരസ്കാരനിര്‍ണയസമിതി വിലയിരുത്തി. കൃഷ്ണായനംമുതല് ശ്യാമമാധവംവരെ 15 അധ്യായങ്ങളില്‍ ശ്രീകൃഷ്ണന് നടത്തുന്ന ആത്മവിചാരണയിലൂടെ ഇതള്‍വിടരുന്ന ശ്യാമമാധവം വായനക്കാരുടെയും നിരൂപകരുടെയും പ്രശംസയ്ക്ക് അര്‍ഹമായിരുന്നു. നാടക, നൃത്താവിഷ്കാരങ്ങളും ശ്രദ്ധ നേടി. സൌപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം, അവിചാരിതം, അപരിഗ്രഹം തുടങ്ങിയവയാണ് പ്രഭാവര്‍മയുടെ കാവ്യസമാഹാരങ്ങള്‍. പാരായണത്തിന്റെ രീതിഭേദങ്ങള്‍ എന്ന പ്രബന്ധസമാഹാരവും മലേഷ്യന്‍ ഡയറിക്കുറിപ്പുകള്‍ എന്ന യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, മഹാകവി പി പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം, വൈലോപ്പിള്ളി അവാര്‍ഡ്, കൃഷ്ണഗീതി പുരസ്കാരം, മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള പുരസ്കാരങ്ങള്‍ തുടങ്ങിയവയും ലഭിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു പ്രമുഖ വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കവെ പൊടുന്നനെ പ്രസിദ്ധീകരണം നിര്‍ത്തിയ കൃതിയാണ് ഇപ്പോള്‍ പുരസ്കൃതമായിരിക്കുന്നത്.
എട്ട് കാവ്യസമാഹാരങ്ങളും ഏഴ് ചെറുകഥാസമാഹരങ്ങളും അഞ്ച് നോവലുകളും ഉള്‍പ്പെടെ 24 ഭാഷയിലെ പുസ്തകങ്ങള്‍ക്കാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചത്. 2010 ജനുവരി ഒന്നുമുതല്‍ 2014 ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാന്‍ പുരസ്കാരത്തിന് ഡോ. ആനന്ദ്പ്രകാശ് ദീക്ഷിത് (ഉത്തരമേഖല), നഗല്ല ഗുരുപ്രസാദ് റാവു (ദക്ഷിണമേഖല) എന്നിവരെ തെരഞ്ഞെടുത്തു. അക്കാദമിയുടെ പട്ടികയിലില്ലാത്ത ഭാഷകളില്‍ മികച്ച സംഭാവനകള്‍ നല്കിയവര്ക്കുള്ള ഭാഷാപുരസ്കാരങ്ങള്‍ക്ക് ഡോ. നിര്‍മല മിന്‍സ് (കുറുക്ക്), ഹരിഹര്‍ വൈഷ്ണവ് (ഹാല്‍ബി), ഡോ. ടി ആര് ദാമോദരന്‍, ടി എസ് സരോജ സുന്ദരരാജന് (സൌരാഷ്ട്ര), പ്രൊഫ. ലോസാങ് ജാംസ്പാല്‍, ഗെലോങ് തുപ്സ്താന്‍ പാല്ഡന് (ലഡാക്ക്) എന്നിവര്‍ക്ക് സമ്മാനിക്കും. ഒരു ലക്ഷംരൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ ശ്രീനിവാസറാവുവാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിച്ചത്.
'നിങ്ങളെ ഞങ്ങള്‍ക്ക് വേണമെന്ന് ആരോ പറയുംപോലെ'
കെ എന്‍ സനില്‍
തിരുവനന്തപുരം > കവിതയുടെ കാര്യത്തില്‍ പുലര്‍ത്തിയ സത്യസന്ധതയ്ക്കുള്ള അംഗീകാരമായി ഈ പുരസ്കാരത്തെ കാണാനാണ് തനിക്ക് ഇഷ്ടമെന്ന് പ്രഭാവര്‍മ. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് വിവരമറിഞ്ഞ് 'ദേശാഭിമാനി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാനരചനയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് പ്രഭാവര്‍മ.
അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. പുതിയ കാലവും അതിന്റേതായി കരുതപ്പെടുന്ന പരീക്ഷണങ്ങളുമെല്ലാം എന്റെ തലമുറയില്‍പ്പെട്ട പലരെയും ഏതൊക്കെയോ വഴിയിലൂടെ നയിച്ചപ്പോഴും,അത് മോഹിപ്പിക്കുന്നതായിട്ടും ഞാന്‍ ആ വഴി തെരഞ്ഞെടുത്തില്ല. ഒരുപക്ഷേ, ആ വഴിയിലൂടെ പോകാതിരിക്കുന്നത് നഷ്ടമുണ്ടാക്കുന്നതാകാമെങ്കില്ക്കൂടി ആ നഷ്ടം പ്രിയങ്കരമായ ഒന്നായേ കരുതിയിട്ടുള്ളൂ. അങ്ങനെ നഷ്ടപ്പെടുത്താനുള്ള മനസ്സ് കവിതയോട് കാട്ടിയ സത്യസന്ധതയില്‍നിന്ന് രൂപപ്പെട്ടതായിരുന്നു. അതിനുള്ള കാലത്തിന്റെ അംഗീകാരംകൂടിയാണ് ഈ പുരസ്കാരം.
ഇടതുപക്ഷരാഷ്ട്രീയത്തില്‍ നിലകൊണ്ടാല്‍ എഴുത്തുകാരന് ഹൃദയച്ചുരുക്കം വന്നുപോകും എന്നുകരുതുന്ന ഒരു വ്യവസ്ഥാനുകൂലസങ്കല്പ്പം ഇവിടെ കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. അതില്‍ കഴമ്പൊന്നുമില്ലെന്നും എഴുതുന്നതില്‍ സര്‍ഗാത്മകഭാവം ഉണ്ടോ എന്നതാണ് ആത്യന്തികമായി വിലയിരുത്തപ്പെടുന്നത് എന്നതിന്റെയും തെളിവുകൂടിയാണ് ഈ അംഗീകാരം.
ശ്യാമമാധവം ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട കവിതകൂടിയാണ്. എഴുതി പൂര്‍ത്തിയാക്കി വാരികയില്‍ പ്രസിദ്ധീകരണമാരംഭിച്ചശേഷമുണ്ടായ ഒരു രാഷ്ട്രീയസംഭവവുമായി ഈ കവിതയുടെ ഉള്ളടക്കത്തെ കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിച്ചു. അത്തരം ശ്രമങ്ങള്‍കൊണ്ട് എത്ര തമസ്കരിക്കാന്‍ ശ്രമിച്ചാലും കവിതയും അതിന്റെ സത്യവും ആത്യന്തികമായി അതിജീവിക്കുകതന്നെ ചെയ്യുമെന്നതിന്റെ തെളിവാണ് ശ്യാമമാധവത്തിന് ലഭിക്കുന്ന അംഗീകാരം എന്ന് കരുതാനാണ് എനിക്കിഷ്ടം. നേരത്തെ വയലാര്‍ അവാര്‍ഡും ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. പുസ്തകങ്ങളുടെ ധാരാളിത്തമുള്ള സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട കൃതികളെ തൊട്ട് അടയാളപ്പെടുത്തുകകൂടിയാണ് അവാര്‍ഡുകള്‍ ചെയ്യുന്നത്. ആ നിലയ്ക്കുകൂടി സ്വീകാര്യമാണ് വിലപ്പെട്ട ഈ പുരസ്കാരം.
കവിതയുടെ വഴി ക്ളേശകരമായ ഒന്നാണ്. ഭൌതികമായ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാന്വേണ്ടി ഉപയോഗപ്പെടുത്താവുന്ന ജീവിതവും സമയവുമാണ് ഭൌതികമായി കാര്യമായി ഒന്നും നേടിത്തരാത്ത കവിതയ്ക്കുവേണ്ടി കവി സമര്‍പ്പിക്കുന്നത്. അത് വലിയ ആത്മാര്‍പ്പണമാണ്. അതാകട്ടെ, മാനസികമായ ഒരുപാട് യാതനാനുഭവങ്ങളുടെ, സഹനാനുഭവങ്ങളുടെ ആകത്തുകകൂടിയാണ്. ഏറെക്കാലം ഇരുട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ കൈവരുന്ന ഒരു കിരണം പോലെയോ, ഒരുപാട് വേദനിക്കുമ്പോള്‍ കൈവരുന്ന ഒരു സാന്ത്വനത്തിന്റെ തലോടല്പോലെയോ ഒക്കെയാണ് പുരസ്കാരങ്ങളെ കാണേണ്ടത്. ഒരു കൃതി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് വായനക്കാരന് പറയുന്നത് കേള്‍ക്കുന്നതില്‍ ഒരു സുഖമുണ്ട്. ആ സുഖംതന്നെയാണ് പുരസ്കാരലബ്ധിയിലുമുണ്ടാകുന്നത്.
'ഒരു കല്ത്തുറുങ്കാണീഹൃദയം; അതില്‍ തളഞ്ഞൊടുങ്ങിപ്പോകുന്നല്ലോ ജീവപര്യന്തം സ്നേഹം' എന്ന എന്റെ വരികള്‍ വായിച്ചിട്ട് ഇതിലുള്ളത് തന്റെ ജീവിതമാണ് എന്ന് സെന്‍ട്രല്‍ ജയിലിലെ ഒരു തടവുകാരന് എനിക്ക് എഴുതിയിട്ടുണ്ട്. ആ കുറിപ്പ് കിട്ടുമ്പോഴുള്ള സന്തോഷവും പുരസ്കാരം ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷവും ഒന്നുതന്നെയാണ്. നിങ്ങളെ ഞങ്ങള്‍ക്ക് വേണമെന്ന് ആരോ ഇരുളില്‍ എവിടെയോനിന്ന് പറയുന്നതായ തോന്നല്‍ മനസ്സിലുണ്ടാകുന്നു. ആ തോന്നല്‍ ജീവിതത്തിന് അത്യാവശ്യമാണ്; എഴുത്തിനും- പ്രഭാവര്‍മ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..