03 June Saturday
പ്രഭാവര്‍മയ്ക്ക് കടമ്മനിട്ട പുരസ്‌കാരം സമ്മാനിച്ചു

കവി കടമ്മനിട്ട ഇടതുപക്ഷത്തിന്റെ തേരാളി - മന്ത്രി സജി ചെറിയാന്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

കടമ്മനിട്ട> ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തേരാളിയായിരുന്നു കവി കടമ്മനിട്ട രാമകൃഷ്ണനെന്ന്  സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ .കടമ്മനിട്ട ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കടമ്മനിട്ടയില്‍ നടന്ന അനുസ്മരണവും കവിയുടെ പേരിലുള്ള പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്  സമ്മാനിച്ചും  സംസാരിക്കുകയായിരുന്നു മന്ത്രി.

 സാധാരണക്കാരുടെ മനസ്സ് കീഴടക്കിയ കവി  സാംസ്‌കാരിക,  സാഹിത്യ,  സംവാദ വേദികളില്‍ ഇടതുപക്ഷത്തിന്റെ  വീറുറ്റ പോരാളിയായി  നിലകൊണ്ടിരുന്നുവെന്നും  മന്ത്രി പറഞ്ഞു.കാലാതിവര്‍ത്തിയായ രചനകളിലൂടെ  തന്റെ രചനാ പാടവം തെളിയിച്ച അസാമാന്യ പ്രതിഭയായിരുന്നു കടമ്മനിട്ടയെന്ന് യോഗത്തില്‍ അധ്യക്ഷനായ എം എ ബേബി പറഞ്ഞു.  

കടമ്മനിട്ട രചനകള്‍ മറ്റു കലാരൂപങ്ങള്‍ക്കും ഏറെ പ്രചോദനമാകുന്നതാണ്. തന്നിലെ കവിയെ കണ്ടെത്തിയ കവിയുടെ നാമധേയത്തിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നതില്‍ അങ്ങേയറ്റം ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് പുരസ്‌കാരം സ്വീകരിച്ച് കവി പ്രഭാവര്‍മ്മ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍  കാട്ടാക്കട കടമ്മനിട്ട സ്മൃതി സന്ദേശം നല്‍കി. പത്രപ്രവര്‍ത്തകന്‍ രവിവര്‍മ്മ തമ്പുരാന്‍ മുഖ്യപ്രഭാഷണം നടത്തി.

 വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയ പത്തനംതിട്ട കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഫോക്ലോര്‍ പുരസ്‌കാരം നേടിയ കടമ്മനിട്ട രഘുകുമാര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. കടമ്മനിട്ടയുടെ പ്രമുഖ  കവിത കുറത്തി ഇതിവൃത്തമാക്കി ആറന്മുള വാസ്തു വിദ്യാഗുരുകുലത്തിലെ   പ്രധാന  മൂറല്‍ കലാകാരന്‍ സുരേഷ് മുതുകുളം രചിച്ച കാവ്യ ചിത്രവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

ഡിസി ബുക്‌സ് എംഡി രവി ഡിസി, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്തം?ഗം വി പി ഏബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ്കുമാര്‍, കെ ഹരിദാസ്, വി കെ പുരുഷോത്തമന്‍ പിള്ള, എം ആര്‍ ഗീതാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച്  വെള്ളിയാഴ്ച രാവിലെ  മുതല്‍ കാവ്യാലാപനവും മനോജ് സുനി അവതരിപ്പിച്ച ക്ലൗണ്‍ ഷോയും ഉണ്ടായിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top