03 August Monday

ചെന്നിത്തലയ്‌ക്ക്‌ മുംബൈയിലും പി ആർ ഏജൻസി; ഉമ്മൻചാണ്ടിക്ക്‌‌ ചെലവിട്ടത്‌ 22 കോടി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

തിരുവനന്തപുരം > പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പ്രതിച്ഛായ നിർമിതിക്ക്‌ മുംബൈ കേന്ദ്രമായും പിആർ ഏജൻസി‌. ഉപജാപക സംഘം വഴി സർക്കാരിനെതിരെ ഉയർത്തിക്കൊണ്ടുവരുന്ന വിവാദങ്ങൾക്ക്‌ ദേശീയ മാധ്യമങ്ങളിൽ സ്ഥാനം പിടിപ്പിക്കുക എന്നതാണ്‌ പ്രധാന പണി‌. മുൻ മാധ്യമ പ്രവർത്തകന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ പിആർ സംഘമാണ് ഇവർക്ക്‌ വാർത്താ ക്ലിപ്പിങ്ങുകളും മറ്റും കൈമാറുന്നത്‌‌. കേരളത്തിലെ പ്രധാന വാർത്താ ചാനലിന്റെ തലപ്പത്ത്‌ വാർത്തകളുടെ ഏകോപന ചുമതലയുള്ള മാധ്യമ പ്രവർത്തകൻ പിആർ സംഘത്തിലും പ്രധാനിയാണ്‌. മാധ്യമ സ്ഥാപനങ്ങളിലെ ചർച്ചകളുടെ വിവരം ചെന്നിത്തലയുടെ പിആർ സംഘത്തിന്‌ ചോർത്തി കൊടുക്കാൻ പെയ്‌ഡ്‌ ഏജന്റുമാരുമുണ്ട്‌‌.

തിരുവനന്തപുരം ജവഹർ നഗറിൽ െചന്നിത്തലയുടെ  പിആർ ഏജൻസി ഓഫീസ്‌ പ്രവർത്തിക്കുന്ന  കെട്ടിടം

തിരുവനന്തപുരം ജവഹർ നഗറിൽ െചന്നിത്തലയുടെ പിആർ ഏജൻസി ഓഫീസ്‌ പ്രവർത്തിക്കുന്ന കെട്ടിടം

പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണൽ സ്‌റ്റാഫിലെ പ്രമുഖ ഉദ്യോഗസ്ഥൻ വഴി ചില മുതിർന്ന ഉദ്യോഗസ്ഥരെ മോഹവാ​ഗ്ദാനം നല്‍കി  വലയിലാക്കിയിട്ടുണ്ട്‌‌. സെക്രട്ടറിയറ്റിലെ ചർച്ചകളുടെയും മറ്റും വിശദാംശങ്ങളും രേഖകളുമാണ്‌ പിആർ സംഘം ഇവരോട്‌ ആവശ്യപ്പെടുന്നത്‌. ആദ്യം ചാനലുകളിൽ ബ്രേക്കിങ്‌ ന്യൂസ്‌, പിന്നാലെ ഫെയ്‌സ്ബുക്ക്‌ കുറിപ്പ്‌, രാത്രിയിൽ ചർച്ച എന്നിങ്ങനെയാണ്‌ സർക്കാർ വിരുദ്ധ വാർത്തകൾ ക്രമപ്പെടുത്താറ്‌.  ബ്രേക്കിങ്‌ വരുന്ന മുറയ്‌ക്ക്‌ തന്നെ പത്രങ്ങളിൽ വാർത്ത എത്തിക്കും. ഇതിന്‌ ചില പ്രത്യേക മാധ്യമ പ്രവർത്തകരെയാണ്‌ ഉപയോഗിക്കുന്നത്‌. മാസങ്ങളായി ശമ്പളം നൽകാത്ത ചില മാധ്യമ സ്ഥാപനത്തിലുള്ളവരും സംഘത്തിലുണ്ട്‌.

അതേസമയം  കെപിസിസിയുടെ പിആർ പ്രവർത്തനം ഡൽഹിയിലുള്ള ഒരു ഏജൻസിയാണ്‌ നിർവഹിക്കുന്നത്‌. മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകനുമായി ബന്ധമുള്ളതാണ്‌ ഈ ഏജൻസി. കെപിസിസി പ്രസിഡന്റിന്‌ വാർത്താ കുറിപ്പും മറ്റും തയ്യാറാക്കി നൽകുന്നത്‌ ഇവരാണ്‌.

ഉമ്മൻചാണ്ടിക്ക്‌‌ ചെലവിട്ടത്‌ 22 കോടി

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജനസമ്മതി കൂട്ടാൻ പിആർ പ്രവർത്തനത്തിന്‌ നിയോഗിച്ചത്‌ 62 അംഗ സംഘത്തെ. അഞ്ചുവർഷം ഇവർക്ക്‌ ശമ്പള ഇനത്തിലും മറ്റുമായി  ചെലവഴിച്ചത്‌ 22.79 കോടി രൂപ. 2011 മുതൽ 15 വരെയുള്ള കാലയളവിൽ കോൺഗ്രസ്‌ പ്രവർത്തകരെ സിഡിറ്റ്‌ മുഖേനയാണ്‌ ഉമ്മൻചാണ്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ നിയമിച്ചത്‌. ഉമ്മൻചാണ്ടിയുടെ പിആർ പ്രവർത്തനത്തിന്‌ സിഡിറ്റ്‌ മാത്രം 3.5 കോടി രൂപ പുറമെ ചെലവഴിച്ചു. ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനായി ജില്ല തോറും നടത്തിയ ജനസമ്പർക്ക പരിപാടിക്കും മറ്റുമായി വൻ തുകയാണ്‌ പൊടിച്ചത്‌. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top