11 December Wednesday

പി പി ദിവ്യ രാജിവച്ചു; അഡ്വ. കെ കെ രത്‌നകുമാരി പുതിയ പ്രസിഡന്റാകും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

കണ്ണൂർ
മുൻ എഡിഎം കെ നവീൻബാബുവിന്റെ ആത്മഹത്യയിൽ പൊലീസ്‌ കേസെടുത്തതിനാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് പി പി ദിവ്യയെ മാറ്റാൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് തീരുമാനിച്ചു. അഡ്വ. കെ കെ രത്നകുമാരിയെ പ്രസിഡന്റാക്കാനും തീരുമാനിച്ചു.

നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെത്തുടർന്ന് സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ് നേരത്തെ  പ്രതികരിച്ചിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് പി പി ദിവ്യ നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിലെ ചില പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് പാർടി സ്വീകരിച്ചത്. സമഗ്ര അന്വേഷണത്തിന്‌ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കേസെടുത്ത് അന്വേഷിക്കുന്നതിനാലാണ്  പ്രസിഡന്റ് സ്ഥാനത്തുനിന്ന്‌ പി പി ദിവ്യ ഒഴിവാകണമെന്ന് സെക്രട്ടറിയറ്റ് നിർദേശിച്ചത്.  

രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചതായി  പി പി ദിവ്യ അറിയിച്ചു. എഡിഎമ്മിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അന്വേഷണവുമായി പൂർണമായും സഹകരിക്കും. തന്റെ പ്രതികരണത്തെക്കുറിച്ചുള്ള പാർടി നിലപാട് ശരിവയ്‌ക്കുന്നു–- ദിവ്യ പറഞ്ഞു.      കെ കെ രത്നകുമാരി നിലവിൽവിദ്യാഭ്യാസ–-ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സണാണ്‌.

എഡിഎമ്മിന്റെ മരണം: 
ദിവ്യക്കെതിരെ കേസെടുത്തു
കണ്ണൂർ മുൻ എഡിഎം കെ നവീൻബാബുവിനെ മരിച്ചനിലയിൽ കണ്ട സംഭവത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യക്കെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസാണ്‌ കേസെടുത്തത്‌. റിപ്പോർട്ട്‌ തളിപ്പറമ്പ് ആർഡിഒ കോടതിയിൽ സമർപ്പിച്ചു. നവീൻബാബുവിന്റെ കുടുംബാംഗങ്ങളും കലക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവരും നൽകിയ മൊഴിയുടെയും ദൃശ്യമാധ്യമങ്ങളിൽ വന്ന വീഡിയോയുടെയും അടിസ്ഥാനത്തിലാണ് കേസ്‌ റിപ്പോർട്ട്. കണ്ണൂർ ടൗൺ പൊലീസ് പത്തനംതിട്ടയിലെത്തിയാണ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തത്. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത കലക്ടർ അരുൺ കെ വിജയന്റെ മൊഴി അടുത്തദിവസം രേഖപ്പെടുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top