16 January Saturday

ഇനി കോവിഡ്‌ പിടിച്ചാൽ തപാൽവോട്ടുമാത്രം; പ്രത്യേക തപാൽവോട്ട്‌‌ നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020


ആദ്യ രണ്ടുഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന ജില്ലകളിൽ ഇനി കോവിഡ്‌ പോസിറ്റീവ്‌ ആകുന്നവർക്കും ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റൈനിൽ പോകുന്നവർക്കും പ്രത്യേക തപാൽവോട്ടാകും. ഇവർക്ക്‌ കോവിഡ്‌ നെഗറ്റീവായാലും ബൂത്തിലെത്തി വോട്ടുചെയ്യാനാകില്ല. അതത്‌ ജില്ലകളിലെ സർട്ടിഫൈഡ്‌ ലിസ്റ്റിൽ ഉൾപ്പെടുന്നവരുടെ വോട്ട്‌ സ്‌പെഷ്യൽ പോളിങ്‌ ടീം നേരിട്ടെത്തി രേഖപ്പെടുത്തും. വോട്ടെടുപ്പ്‌ ദിനത്തിന്റെ പത്തുദിവസംമുമ്പുമുതലാണ്‌ അതത്‌ ജില്ലയിൽ ലിസ്റ്റ്‌ തയ്യാറാക്കുന്നത്‌.

വോട്ട്‌ രേഖപ്പെടുത്താൻ എത്തുന്നതിനുമുമ്പ്‌ വോട്ടറെയും  സ്ഥാനാർഥികളെയും അറിയിക്കും. ബാലറ്റ്‌ കൈമാറുന്ന പ്രക്രിയക്ക്‌ സ്ഥാനാർഥികൾക്കോ ഏജന്റുമാർക്കോ സാക്ഷികളാകാം. ആശുപത്രിയിൽ ആണെങ്കിൽപ്പോലും രഹസ്യമായി വോട്ടിന്‌ സൗകര്യം ഒരുക്കും. വോട്ടെടുപ്പിന്റെ തലേദിവസം പകൽ മൂന്നുവരെ തപാൽവോട്ടിനുള്ള സർട്ടിഫൈഡ്‌ ലിസ്റ്റ്‌ ഓരോ ദിവസവും തയ്യാറാക്കും. ഇതനുസരിച്ച്‌ യഥാസമയം ബാലറ്റുമായി പോളിങ്‌ ടീം എത്തും.
വോട്ട്‌ വ്യക്തമായി രേഖപ്പെടുത്തണം 

പ്രത്യേക തപാൽവോട്ട്‌ ചെയ്യുന്നവർ വ്യക്തമായി വോട്ട്‌ രേഖപ്പെടുത്തണമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ വി ഭാസ്‌കരൻ നിർദേശിച്ചു. സ്ഥാനാർഥിയുടെ പേരിനുനേരെ ടിക്‌ മാർക്കോ ഇന്റു മാർക്കോ രേഖപ്പെടുത്താം. മറ്റ്‌ സ്ഥാനാർഥികളുടെ കോളത്തിലേക്ക്‌ ഇത്‌ നീങ്ങരുത്‌. ഗ്രാമ– -ബ്ലോക്ക്‌–- ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിലേക്ക്‌ മൂന്ന്‌ ബാലറ്റ്‌ പേപ്പറുണ്ടാകും. വോട്ട്‌ രേഖപ്പെടുത്തിയശേഷം മൂന്ന്‌ സത്യപ്രസ്താവന സഹിതം മൂന്ന്‌ കവറിലാക്കി ഒട്ടിക്കണം. മൂന്ന്‌ കവറും മറ്റൊരു വലിയ കവറിലാക്കി വേണം പോളിങ്‌ ടീമിന്‌ കൈമാറാൻ. വരണാധികാരിക്ക്‌ തപാലിലോ ആൾവശമോ എത്തിക്കാനുമാകും. കവറുകളടക്കം എല്ലാ സാമഗ്രികളും സ്‌പെഷ്യൽ പോളിങ്‌ ടീം എത്തിക്കും.
ലിസ്റ്റിൽ ഉൾപ്പെടാത്തവർ ചെയ്യേണ്ടത്‌ 

തപാൽവോട്ടിന്‌ സ്വമേധയാ തയ്യാറാക്കുന്ന സർട്ടിഫൈഡ്‌ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക്‌ പ്രത്യേക തപാൽ ബാലറ്റിനായി രേഖാമൂലം അപേക്ഷിക്കാം. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ആവശ്യമായ രേഖകൾ സഹിതം വരണാധികാരിക്ക്‌ സമർപ്പിക്കണം.
ജില്ലാ മെഡിക്കൽ ഓഫീസറെ ഇതിനായി ഡെസിഗ്‌നേറ്റഡ്‌ ഹെൽത്ത്‌ ഓഫീസറായി ചുമതലപ്പെടുത്തി‌.

പ്രത്യേക തപാൽവോട്ട്‌‌ നാളെമുതൽ
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന അഞ്ച്‌ ജില്ലയിൽ കോവിഡുമായി ബന്ധപ്പെട്ട പ്രത്യേക തപാൽവോട്ടിങ്‌ ബുധനാഴ്‌ചമുതൽ ആരംഭിക്കും. ഇതിനായി തയ്യാറാക്കിയ സർട്ടിഫൈഡ്‌ ലിസ്റ്റിൽ ആദ്യദിനം ഉൾപ്പെട്ടത്‌ 24,621 പേർ. ഇവരിൽ 8568 പേർ കോവിഡ്‌ പോസിറ്റീവാണ്‌. 15,053 പേർ ക്വാറന്റൈനിൽ. 88,26,620 വോട്ടർമാരാണ്‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ആകെയുള്ളത്‌. ഇതിൽ 70 ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ അതത്‌ ജില്ലകളിൽ ആരോഗ്യവകുപ്പ്‌ സർട്ടിഫൈഡ്‌ ലിസ്റ്റ്‌ തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വരണാധികാരികൾക്കും കൈമാറും. സ്വകാര്യ ആശുപത്രിയിൽ പോസിറ്റീവ്‌ ആകുന്നവരും സർട്ടിഫൈഡ്‌ ലിസ്‌റ്റിൽ ഉൾപ്പെടും. സ്‌പെഷ്യൽ ബാലറ്റിനായി കോവിഡ്‌ ബാധിതരോ ക്വാറന്റൈനിൽ ഉള്ളവരോ പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ വി ഭാസ്‌കരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർ പോളിങ്‌ ദിനത്തിനുമുമ്പ്‌ കോവിഡ് മുക്തരായാലും ബൂത്തിലെത്തി വോട്ട്‌ ചെയ്യാനാകില്ല. ഇവരുടെ ബാലറ്റുമായി പോളിങ്‌ ഉദ്യോഗസ്ഥർ വീട്ടിലെത്തും. വോട്ട് രേഖപ്പെടുത്തി അപ്പോൾത്തന്നെ തിരിച്ചേൽപ്പിക്കുകയോ വോട്ടെണ്ണൽ ആരംഭിക്കുന്നതിനുമുമ്പ് വരണാധികാരിക്ക് തപാൽവഴിയോ ആൾവശമോ എത്തിക്കുകയോ ചെയ്യാം.

ഇതര ജില്ലകളിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും സർട്ടിഫൈഡ്‌ ലിസ്റ്റിൽ ഉൾപ്പെടുന്ന മുറയ്‌ക്ക്‌ അവരുടെ ജില്ലയിൽനിന്ന്‌ വോട്ട്‌ ചെയ്യാനുള്ള ബാലറ്റ്‌ എത്തിക്കും. ഇതര ജില്ലകളിൽ ഉദ്യോഗസ്ഥർ പോയി വോട്ട്‌ ചെയ്‌ത ബാലറ്റ്‌ ശേഖരിക്കുക പ്രയാസമാണെന്നും അവർക്ക്‌ തപാൽമാർഗം വരണാധികാരിക്ക്‌ അയക്കാം. തപാൽ ചാർജ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ വഹിക്കുമെന്നും തെരഞ്ഞെടുപ്പ്‌ കമീഷണർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top