23 May Thursday

തമിഴ്‍നാട്-ആന്ധ്ര തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ 29, 30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യത

വെബ് ഡെസ്‌ക്‌Updated: Friday Apr 26, 2019

തിരുവനന്തപുരം> ഇന്ത്യൻ മഹാ സമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ടിരുന്ന ന്യൂനമർദം (low pressure) തീവ്ര ന്യൂനമർദം (depression) ആയി മാറുകയും അത് തമിഴ്നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി മുന്നേറുകയും ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ഒരു അതിതീവ്ര ന്യൂനമർദമായി (deep depression) മാറുന്ന സിസ്റ്റം ശേഷമുള്ള 12 മണിക്കൂറിൽ ഒരു ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നു. ഏപ്രിൽ 29 നോട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്ന സിസ്റ്റം ഏപ്രിൽ 30 ന് തമിഴ്‍നാട്-ആന്ധ്ര തീരത്തോട് അടുത്ത് എത്താനാണ് സാധ്യത.



ഏപ്രിൽ 29, 30 ദിവസങ്ങളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നു. ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ 28-04-2019 രാവിലെ മുതൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 50 കിലോമീറ്റർ വരെ വേഗതയിലും ഏപ്രിൽ 29 ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും കേരളതീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുത്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ഏപ്രിൽ 28 ന് മുന്നോടിയായി തീരത്ത് തിരിച്ചെത്തണമെന്ന് കർശന നിർദേശം പുറപ്പെടുവിക്കുന്നു.


പ്രധാന വാർത്തകൾ
 Top