24 February Sunday

പൊസളിഗെയിലെ സഞ്ചാര വിലക്ക്‌: ജില്ലാ ഭരണകൂടം നടപടിയെടുക്കണം- പി കരുണാകരന്‍ എംപി

പി കരുണാകരന്‍ എംപിUpdated: Sunday Jul 29, 2018

കാസര്‍കോട്  > പൊസളിഗെ മാലങ്കി കോളനികളിലെ പട്ടികജാതി വര്‍ഗ വിഭാഗക്കാരുള്‍പ്പെടെയുള്ള ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്ന് പി കരുണാകരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ ദേവിദാസിനോട് അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 പൊസളിഗെയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം മുഖ്യമന്ത്രി, പട്ടികജാതി വികസന വകുപ്പ് മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് പരിഹാര മാര്‍ഗമുണ്ടാകുമെന്നും എംപി പറഞ്ഞു.  1980 ,81 കാലത്താണ് പൊസളിഗെ കോളനിയിലേക്ക് റോഡുനിര്‍മിക്കുന്നത്. അതുകഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം കോളനിവാസിയായ ആളില്‍നിന്നും ഈ ഭൂമി റോഡ് നിലനിര്‍ത്തിക്കൊണ്ട്  ജന്മി വാങ്ങി.

അയിത്തത്തിന്റെ പേരില്‍ കോളനിവാസികളുടെ ഇതുവഴിയുള്ള സഞ്ചാരസ്വാതന്ത്ര്യം ജന്മി  ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണ്. ജന്മിയെ പേടിച്ച് വാഹനങ്ങള്‍ കടന്നുവരാന്‍ മടിക്കുന്നതിനാല്‍ ഗര്‍ഭിണികളെയും രോഗികളെയും ഉള്‍പ്പെടെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ ചുമന്നുകൊണ്ടുപോകേണ്ട ഗതികേടാണുള്ളത്.

അവിഭക്ത മഞ്ചേശ്വരം താലൂക്കിന്റെയും ബെള്ളൂര്‍ പഞ്ചായത്തിന്റെയും ആസ്തി രേഖയിലുള്ള റോഡായിട്ടും ഇത് സംരക്ഷിച്ച് നിലനിര്‍ത്താന്‍ പഞ്ചായത്തിനും മറ്റും താല്‍പര്യമില്ല. ജന്മിയോട് കൂറുപുലര്‍ത്തുന്ന സമീപനമാണ് ഇവരുടേത്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പൊസളിഗെമാലങ്കി റോഡ് വികസന സമിതി നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തിയിരുന്നു. ശേഷം സ്ഥലം സന്ദര്‍ശിച്ച ഡെപ്യൂട്ടി കലക്ടര്‍ കോളനിവാസികളുടെ ആവശ്യങ്ങള്‍ ശരിവയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

 ഇത് സ്വാഗതാര്‍ഹമാണ്. അയിത്തവും നാടുവാഴിത്തവും നാടുകടത്തപ്പെട്ടിട്ടും ഇപ്പോഴും അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇത്തരം അനാചാരങ്ങള്‍ നിലനില്‍ക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. ഇവ അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ഉണര്‍ന്നുപ്രവര്‍ത്തിക്കണം.

പഞ്ചായത്ത് ആസ്തിയിലുള്ള റോഡാണെങ്കിലും ജന്മി കോടതിയെ സമീപിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതാണ് കോളനിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിലേക്കെത്തിയത്. ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്നം പരിഹരിക്കുന്ന മുറയ്ക്ക് എംപി ഫണ്ട് ഉള്‍പ്പെടെ അനുവദിച്ച് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനാവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും പി കരുണാകരന്‍ എംപി പറഞ്ഞു.

സിപിഐ എം ഏരിയാസെക്രട്ടറി സിജി മാത്യു, ലോക്കല്‍സെക്രട്ടറി കെ എച്ച് സൂപ്പി, പഞ്ചായത്തംഗം വി ഉഷ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top