13 May Thursday

പോപ്പി അംബ്രല്ല സ്ഥാപകൻ ടി വി സ്‌കറിയ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

ആലപ്പുഴ > പോപ്പി അംബ്രല്ല സ്ഥാപകനും പോപ്പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായ ടി വി സ്കറിയ (സെന്റ്‌ ജോർജ് ബേബി–--81) നിര്യാതനായി. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച പകൽ 11ന് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. 25 വർഷത്തിലധികയായി കേരളത്തിന്റെ കുട വ്യവസായത്തിലെ പ്രമുഖ  പേരാണ് ‘പോപ്പി’. കുട വ്യവസായത്തിലെ ആധുനികവത്‌കരണത്തിന്‌ തുടക്കംകുറിച്ചവരിൽ ഒരാളാണ് സെന്റ്‌ ജോർജ് ബേബി.

സ്‌കൂൾ തുറക്കുമ്പോൾ പാഠപുസ്‌തകങ്ങൾക്കൊപ്പം അവശ്യം കൈയിലിരിക്കേണ്ട ഒന്നായി കുടയെ മാറ്റിയ പരസ്യങ്ങൾക്കും ഇദ്ദേഹം തുടക്കമിട്ടു.. ബാഗിൽ ഒതുങ്ങുന്ന ഫൈവ് ഫോൾഡ് മുതൽ ബ്ലൂടുത്ത് കണക്ടിറ്റിവിറ്റിയും ഫാനും ഒക്കെയുള്ള നൂനതമാറ്റങ്ങളും മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

14ാം വയസിൽ അച്ഛനൊപ്പം  സെന്റ്‌ ജോർജ് കുട കമ്പനിയിൽ പ്രവർത്തനം തുടങ്ങിയതിനാൽ സെൻറ് ജോർജ് ബേബിയെന്നാണ് അറിയപ്പെട്ടിരുന്നത്. 1995ൽ പോപ്പി അംബ്രല്ലാ മാർട്ട് സ്ഥാപിച്ച് കുടവിപണിയിൽ ആധുനികവത്കരണത്തിന്‌ തുടക്കമിട്ടു. 1979ൽ   ഐഎസ്ഐയുടെ കുട ഗുണനിലവാരനിയന്ത്രണ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. അതേവർഷം കമ്മിറ്റിയുടെ ചെയർമാനായി നിയമിതനായി. 2005ൽ ഓൾ ഇന്ത്യ അംബ്രല്ലാ ഫെഡറേഷൻ പ്രസിഡന്റായി. കുട രംഗത്തെ പ്രവർത്തനമികവും നേതൃപാടവവും പരിഗണിച്ച് ഒട്ടേറെ പുരസ്കാരങ്ങൾക്കും അർഹനായി. രാജീവ്ഗാന്ധി ക്വാളിറ്റി പുരസ്കാരം, അക്ഷയ പുരസ്കാരം, എകെസിസിശതാബ്ദി പുരസ്കാരം, 1998ലെ ദീപിക ബിസിനസ്മാൻ ഓഫ് ദ ഇയർ (കേരള) എന്നിവ ലഭിച്ചു. ഭാര്യ: പാലാ പടിഞ്ഞാറേക്കര കുടുംബാംഗം തങ്കമ്മ ബേബി. മക്കൾ: ഡെയ്‌സി ജേക്കബ്, ലാലി ആന്റോ, ഡേവിസ് തയ്യിൽ (സിഇഒ പോപ്പി അംബ്രല്ലാ മാർട്ട്), ടി എസ് ജോസഫ് (പോപ്പി). മരുമക്കൾ: മുൻ ഡിജിപി ജേക്കബ് തോമസ്, ഡോ. ആന്റോ കള്ളിയത്ത്, സിസി ഡേവിസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top