02 December Friday

പോപ്പുലർ ഫ്രണ്ട്‌ പരിവാരം
; മുഖങ്ങൾ പലത്‌

പി പി സതീഷ്‌ കുമാർUpdated: Thursday Sep 29, 2022

കോഴിക്കോട്‌ > സമൂഹശരീരത്തിലേക്ക്‌ പോപ്പുലർ ഫ്രണ്ടും പരിവാരവും പല രൂപങ്ങളിലാണ്‌ നുഴഞ്ഞുകയറുക. മനുഷ്യാവകാശത്തിന്റെയും ജീവകാരുണ്യത്തിന്റെയും സാന്ത്വന പരിചരണത്തിന്റെയും മതബോധനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മുഖാവരണം അവർ തരംപോലെ അണിയും. കുട്ടികളുടെ സംഘടനയായ ജൂനിയർ ഫ്രണ്ട്‌ മുതൽ റീഹാബ്‌ കേരള വരെയും മതകാര്യങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കെൽപ്പുള്ള ഓൾ ഇന്ത്യ ഇമാംസ്‌ കൗൺസിൽപോലുള്ള സംഘടനാരൂപങ്ങളിലും കൂട്ടായ്മകളിലും അവരുടെ നിയന്ത്രണമുണ്ട്‌. കേരളത്തിൽ ആർഎസ്‌എസിനും ഹിന്ദുത്വരാഷ്ട്രീയത്തിനുമെതിരായ പ്രതിരോധമാണ്‌ പ്രഖ്യാപിത കർമപദ്ധതിയെങ്കിലും ഒളിഅജൻഡകൾ പലതാണ്‌.

മനുഷ്യാവകാശവും ഭരണഘടനയും മുൻനിർത്തിയുള്ള എല്ലാസമരങ്ങളുടെയും മുന്നിൽക്കയറി നിൽക്കും. വികസനപദ്ധതികൾക്കെതിരെ അടുത്തകാലത്ത്‌ നടന്ന എല്ലാ സമരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും പോപ്പുലർഫ്രണ്ടിന്റെ വിവിധ രൂപങ്ങളുണ്ട്‌. ഗെയിൽ, കെ റെയിൽ, ദേശീയപാതാ വിരുദ്ധ സമരം, കോഴിക്കോട്‌ ആവിക്കൽ മലിനജല സംസ്‌കരണ പ്ലാന്റിനെതിരായ സമരം എന്നിവയിലെല്ലാം അണിനിരന്നു.  

മുസ്ലിം സ്വത്വരാഷ്ട്രീയവും പ്രതിലോമ വിധ്വംസക രാഷ്ട്രീയവും വളർത്താനുള്ള മറമാത്രമാണ്‌ പോപ്പുലർ ഫ്രണ്ട്‌ പരിവാരത്തിന്‌ മനുഷ്യാവകാശവും ദളിത്‌ രാഷ്ട്രീയവും. കേരളത്തിന്റെ മതനിരപേക്ഷ സമൂഹത്തിൽ മുസ്ലിം തീവ്രവാദരാഷ്ട്രീയത്തിന്‌ ചുവടുറപ്പിക്കുക ദുഷ്‌കരമാണെന്ന തിരിച്ചറിവിലാണ്‌ ഇതര മതവിഭാഗങ്ങളിലെ ചിലരെക്കൂടി ഉൾപ്പെടുത്തിയുള്ള കമ്മിറ്റി ഫോർ ദ റീലിഫ്‌ ഓഫ്‌ പൊളിറ്റിക്കൽ പ്രിസണേഴ്‌സ്‌ പോലുള്ള സംഘടനകളുടെ ആവിർഭാവം. വ്യത്യസ്‌ത ആശയധാരകളുള്ള മാവോയിസ്‌റ്റുകളുമായും അവർ കൈകോർക്കുന്നു. പോപ്പുലർ ഫ്രണ്ടും കൂട്ടാളികളും ബീഭത്സമുഖം മറച്ചുപിടിക്കാൻ  മനുഷ്യാവകാശസംരക്ഷണത്തിന്റെ വക്താക്കളാവും. ‘ഇര'കളുടെ പരിവേഷമണിയും. ബുദ്ധിജീവികളെ വിലയ്‌ക്കെടുക്കും. ‘മനുഷ്യാവകാശ' പ്രവർത്തകരായ ചിലരെ കവചമാക്കും. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പരിശീലിപ്പിച്ച് തീറ്റിപ്പോറ്റുന്ന ‘കില്ലർ സ്ക്വാഡ്‌’ രൂപപരിണാമത്തിലെ അവസാനത്തെ മുഖമാണ്‌.
മതത്തിനായി രക്തസാക്ഷികളായാൽ സ്വർഗം ലഭിക്കുമെന്ന ആപൽക്കരമായ ചിന്താധാരയാണ്‌ അവർ വിശ്വാസികളെ ആകർഷിക്കാൻ മുന്നോട്ടുവയ്‌ക്കുന്നത്‌. സ്‌ത്രീകൾക്ക്‌ വിലക്കുകൽപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയം.  

കോളേജ് വളപ്പിൽ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട അഭിമന്യു ക്യാമ്പസ് ഫ്രണ്ട് എന്ന മുസ്ലിം തീവ്രവാദസംഘടനയുടെ ഭീകരമുഖമാണ്‌ അനാവരണം ചെയ്‌തത്‌.  
സിപിഐ എം‐ ആർഎസ്എസ് സംഘടനകളിൽപെട്ട 27 പേരെ പോപ്പുലർ ഫ്രണ്ട്‌ സംഘം കൊലപ്പെടുത്തിയതായി 2012ൽ കേരള സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. വർഗീയ കൊലപാതകങ്ങൾ,- 86 വധശ്രമം,- 106 വർഗീയസംഘർഷങ്ങൾ എന്നിവകളിലും പോപ്പുലർ ഫ്രണ്ട്‐ എൻഡിഎഫ് പ്രവർത്തകർക്ക് പങ്കുണ്ടെന്ന് 2014ൽ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 
   
പോപ്പുലർ ഫ്രണ്ടും അതിന്റെ ആദ്യരൂപങ്ങളും കേരളത്തിൽ 95മുതൽ 2018വരെ ആസൂത്രിതമായി കൊലപ്പെടുത്തിയത്‌ 31 പേരെയാണ്. 2022 ആവുമ്പോഴേക്കും ഇവർ നടത്തിയ കൊലപാതകത്തിന്റെ എണ്ണം 35 ആയി.  മഞ്ചേരി ‘ഗ്രീൻവാലി' പോപ്പുലർ ഫ്രണ്ടിന്റെ എല്ലാ വിധ്വംസകപ്രവർത്തനങ്ങളുടെയും ആസൂത്രണ കേന്ദ്രമാണ്.
പലയിടത്തും ‘സദാചാര പൊലീസി’ന്റെ റോളും ഇവർക്കാണ്‌. ബാലുശേരിയിൽ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയെ കെട്ടിയിട്ട്‌ ആൾക്കൂട്ട വിചാരണ നടത്തി മുക്കിക്കൊല്ലാൻ  ശ്രമിച്ച സംഭവം ഞെട്ടിക്കുന്നതായിരുന്നു.

സിമി, എൻഡിഎഫ്‌, 
പിഎഫ്‌ഐ...

2006 നവംബർ 22ന്‌ ബംഗളൂരുവിലാണ്‌ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ രൂപീകരിച്ചത്‌. കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റി (കെഎഫ്‌ഡി), നാഷണൽ ഡെവലപ്‌മെന്റ്‌ ഫ്രണ്ട്‌ (എൻഡിഎഫ്‌), തമിഴ്‌നാട്ടിലെ മനിത നീതി പസ്‌റൈ (എംഎൻപി) എന്നിവ സംയോജിപ്പിച്ചായിരുന്നു രൂപീകരണം. 2007 ഫെബ്രുവരിയിൽ ‘എംപവർ ഇന്ത്യ കോൺഫ്രൻസ്‌’ നടത്തി സമാന സ്വഭാവമുള്ള സംഘടനകളെ യോജിപ്പിക്കാൻ തീരുമാനിച്ചു. തുടർന്നാണ്‌ പിഎഫ്‌ഐ ദേശീയ സംഘടനയാകുന്നത്‌. സൊസൈറ്റീസ്‌ രജിസ്ട്രേഷൻ നിയമപ്രകാരമാണ്‌ രജിസ്റ്റർ ചെയ്‌തത്‌.  

   സിമിയും എൻഎഡിഎഫുമാണ്‌ പിഎഫ്‌ഐയുടെ ആദ്യരൂപം. ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനു പിന്നാലെ ‘സിമി’യെ നിരോധിച്ചു. തുടർന്ന്‌ 1993 നവംബറിലാണ്‌ എൻഡിഎഫ്‌ രൂപീകരിക്കുന്നത്‌. ഇസ്ലാമിക്‌ ഫൗണ്ടേഷൻ, സുന്നി ടൈഗർ തുടങ്ങി പല പേരുകളിൽ പ്രവർത്തിച്ച സംഘടനകളുടെ പൊതുവേദിയായിരുന്നു എൻഡിഎഫ്‌. പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയിലെ (സിമി) നേതാക്കളാണ്. 2009 ജൂൺ 21ന്‌ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർടി ഓഫ്‌ ഇന്ത്യ  (എസ്‌ഡിപിഐ) എന്നപേരിൽ രാഷ്ട്രീയ പാർടിയും രൂപീകരിച്ചു.    

അനുബന്ധ സംഘടനകൾ. യുവജനങ്ങൾ, വിദ്യാർഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ, ദുർബല വിഭാഗങ്ങൾ തുടങ്ങിയവർക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ എട്ട്‌ അനുബന്ധ സംഘടനകളുണ്ട്‌.  ഈ സംഘടനകളുടെ ‘ഹബ്’ ആയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചത്.

താലിബനിസ്റ്റ്‌ ചിന്താഗതി

തങ്ങളുടെ താൽപ്പര്യത്തിന്‌ എതിരായതിനെ ഉന്മൂലനം ചെയ്യുകയെന്ന താലിബനിസ്റ്റ്‌ ചിന്താഗതിയാണ്‌ മുമ്പ്‌ എൻഡിഎഫും  ഇപ്പോൾ പോപ്പുലർ ഫ്രണ്ടും പുലർത്തിയത്‌. പുരോഗമനപരമെന്ന്‌ പുറമേ തോന്നുന്ന മുദ്രാവാക്യമുയർത്തിയും സാമ്രാജ്യത്വത്തിന്‌ എതിരാണെന്ന്‌ തോന്നിച്ചും സ്വാധീനമുണ്ടാക്കാൻ ശ്രമിച്ചു.  മയക്കുമരുന്ന്‌, കുഴൽപ്പണ–- സ്വർണക്കടത്ത്‌ പണമാണ്‌ ഇതിന്‌ ഉപയോഗിച്ചത്‌. ജീവകാരുണ്യം ധ്വനിപ്പിക്കുന്ന സന്നദ്ധസംഘടനകളുടെ പേരിലും പണമെത്തിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top