21 February Thursday

തീവ്രവാദികൾ കേൾക്കണം ഈ ഉമ്മയുടെ പിൻവിളി

സതീഷ‌്ഗോപിUpdated: Wednesday Jul 18, 2018


ഒറ്റപ്പെടലിന്റെ വേനലും കണ്ണീർ മഴക്കാലവുമാണ് ഈ ഉമ്മയുടെ കൂട്ടിരിപ്പുകാർ. ജമ്മു‐ കശ്മീരിലെ കുപ്വാരയിൽ മുഴങ്ങിയ വെടിയൊച്ചയുടെ പ്രതിധ്വനി ഇപ്പോഴും ഇവരുടെ നെഞ്ചിലുണ്ട്. മത തീവ്രവാദത്തിലേക്ക് വഴിപിഴയ‌്ക്കുന്ന ചെറുപ്പക്കാർ കേൾക്കണം ഈ വയോധികയുടെ പിൻവിളി. കണ്ണൂർ കുറുവയിലെ വീട്ടിലെ മിഴിനീർ തോരാത്ത മുഖം മുമ്പ് ചുവരുകളിലെല്ലാമുണ്ടായിരുന്നു. “തീവ്രവാദിയാണെങ്കിൽ മകന്റെ മയ്യത്ത് കാണേണ്ട’യെന്ന ആ വിലാപം കാതുകളിലും. ഇത് ലഷ്കറെ ത്വയ്ബക്കായി ഇന്ത്യൻ പട്ടാളവുമായി “വിശുദ്ധ യുദ്ധം’ നടത്തി മരിച്ച ഫയാസിന്റെ ഉമ്മ. സിരകളിൽ മതഭ്രാന്തിന്റെ വിഷാണു നിറച്ച് സിറിയയിലെ ഐഎസിലേക്കുപോലും യുവാക്കളെ കടത്തുന്നത് ആവർത്തിക്കുമ്പോൾ സഫിയയുടെ ആധി നീറിപ്പടരുന്നത് ഉമ്മമാരുറങ്ങാത്ത വീടുകളിലേക്ക്.

കണ്ണൂർ തായത്തെരുവിലെ ഫായിസ്, പരപ്പനങ്ങാടിയിലെ അബ്ദുൾ റഹീം, എറണാകുളം വെണ്ണലയിലെ മുഹമ്മദ് യാസീൻ എന്നിവർക്കൊപ്പം ഫയാസിനെയും 2008 സെപ്തംബർ 17നാണ‌് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത‌്.

ചക്കരക്കൽ പൊലീസ് രജിസ്റ്റർചെയ്ത മാല മോഷണക്കേസിൽ പ്രതിയായതോടെയാണ് മകന്റെ ജീവിതം മാറിമറിഞ്ഞതെന്ന് സഫിയ പറയുന്നു. “”രണ്ടുമാസം ജയിൽശിക്ഷ അനുഭവിച്ചു. 10,000 രൂപ കടം വാങ്ങിയാണ് അവനെ ജാമ്യത്തിലിറക്കിയത്. പിന്നീടവൻ വീട്ടിൽനിന്ന് പുറത്തിറങ്ങാതായി. അവന്റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ ഖുർആൻ പഠനത്തിന് എന്ന പേരിലാണ് ഫൈസൽ എന്നയാൾ വിളിച്ചുകൊണ്ടുപോയത്’’ബ സഫിയ പറഞ്ഞു.

22ാം നാൾ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് “തീവ്രവാദി’യെന്ന വാക്ക് ഈ ഉമ്മയുടെ ഉള്ളിൽ ഇടിത്തീയായത്. പിന്നാലെ ടെലിവിഷനിലും പത്രങ്ങളിലും വാർത്തകളുടെ പെരുമഴ. ആളുകൾക്ക് വീട്ടിലേക്ക് വരാൻ പോലും പേടി. “തീവ്രവാദി’യെന്ന വാക്കിന്റെ ഭാരം സാധാരണക്കാരിയായ ആ ഉമ്മ തിരിച്ചറിയുകയായിരുന്നു. മകനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അവൻ തീവ്രവാദിയാണെങ്കിൽ മയ്യത്ത് പോലും കാണേണ്ടെന്ന് പ്രതികരിച്ചത് അപ്പോഴാണ്. ഇതും മുസ്ലിം വിഭാഗത്തിലെ തീവ്രവാദവിഭാഗക്കാർ വിവാദമാക്കി. മകന്റെ മരണത്തോടെ തനിച്ചായ വയോധികയെ തേടി ആരുമെത്തിയില്ല. മകൾ ആസ്യയുടെ ഭർത്താവ് നൗഫലിന്റെ സംരക്ഷണത്തിൽ വാടക ക്വാർട്ടേഴ്സിലാണ് ഇവർ ഇപ്പോൾ.

പലരുടെയും സഹായത്താൽ വീട് നിർമിക്കാനുള്ള ഒരുക്കത്തിലാണ്. മകൻ കൊല്ലപ്പെട്ടപ്പോൾ സഹായവാഗ്ദാനം നൽകിയ പലരും പിന്നീട് തിരിഞ്ഞുനോക്കിയില്ല.

യുവാക്കൾ ഐഎസിൽ ചേരാൻ പോയി കൊല്ലപ്പെടുന്ന വാർത്തകൾ കേൾക്കുമ്പോൾ സഫിയയുടെ നെഞ്ചുപിടയും; തണലാകേണ്ട മക്കളാണല്ലോ എന്നോർത്ത‌്. നാട്ടുകാരുടെ ഒറ്റപ്പെടുത്തലും ഭീകരം. മതപഠനത്തിന്റെ മറവിലാണ് യുവാക്കളെ തീവ്രവാദത്തിലേക്ക‌് നയിക്കുന്നത്.

വെണ്ണലയിലെ ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന യുവാവിനെയാണ് മതംമാറ്റി മുഹമ്മദ് യാസീനാക്കിയത്. വളപട്ടണം, തലശേരി, തൃക്കരിപ്പൂർ, പാലക്കാട് എന്നിവിടങ്ങളിൽനിന്നും നിരവധി പേരെയാണ് സിറിയയിൽ എത്തിച്ചത്. ഇവരിൽ മിക്കവരും പോപ്പുലർഫ്രണ്ട് പ്രവർത്തകരാണ്.
 

പ്രധാന വാർത്തകൾ
 Top