20 March Wednesday

നിഷ്‌പക്ഷതയ്‌ക്കുള്ളിലെ കാപട്യം;ജമുയത്തൂൽ ഹിസാനിയ, എൻഡിഎഫിന്റെ ആദ്യരൂപം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


മനുഷ്യനെ അറുത്ത് കൊലപ്പെടുത്താൻ ഒരു ഭയവുമില്ലാത്ത  സംഘം കൊലപാതകത്തിന് തുടക്കമിടുന്നത് രണ്ടര ദശകം മുമ്പ്. എൻഡിഎഫിന്റെ ആദ്യരൂപങ്ങളിലൊന്നായ 'ജമുയത്തൂൽ ഹിസാനിയയുടെ' പേരിലായിരുന്നു കൊലപാതകം. തൃശൂർ ജില്ലയിലായിരുന്നു ഇതിന്റെ തുടക്കം. തൊഴിയൂർ മനങ്കുളം വീട്ടിൽ സുനിൽ, സഹോദരൻ സുബ്രഹ്മണ്യൻ, അച്ചൻ കുഞ്ഞുമോൻ, അമ്മ കുഞ്ഞമ്മു, മൂന്ന് സഹോദരിമാർ എന്നിവരെ വീടുകയറിയ  ആയുധധാരികൾ ആക്രമിക്കുകയായിരുന്നു.

സുനിലിനിനെ (22) വെട്ടിക്കൊന്നു. സുബ്രഹ്മണ്യന്റെ ഇടതുകൈ അറുത്തെടുക്കുകയും ചെയ്തു. സുനിൽ ബിജെപി അനുയായിയായതുകൊണ്ട് കൊന്നവർ സിപിഐ എം കാരാണെന്ന് പൊലീസ് നിഗമനത്തിലെത്തി. സിപിഐ എം അംഗങ്ങളായിരുന്ന  ബിജി, ബാബുരാജ്,  അനുഭാവികളായ ഹരിദാസ്, റഫീക്ക് കോൺഗ്രസിലെ തിരുത്തൽ വാദികളായിരുന്ന ജയ്സൺ, ജയിംസ് ആളൂർ, പ്രത്യക രാഷ്ട്രീയമില്ലാതിരുന്ന ഷെമീർ, അബൂബക്കർ, സുബ്രഹ്മണ്യൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്‌തു.

തൃശൂർ സെഷൻസ് കോടതി ബിജി, ബാബുരാജ്, റഫീക്ക്, ഹരിദാസൻ എന്നിവരെ ജീവപര്യന്തത്തിന് ശിക്ഷിച്ചു. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ്  യഥാർഥ കൊലപാതകികൾ ശിക്ഷയനുഭവിക്കുന്നവരല്ലെന്നും 'ജമുയത്തൂൽ ഹിസാനിയ' ക്കാരാണെന്നും  തെളിഞ്ഞത്.  ചില വിരോധങ്ങൾ മൂലം  തീവ്രവാദസംഘടനക്കാർ യുവാവിനെ വകവരുത്തിയെന്ന് തീവ്രവാദക്കേസുകൾ അന്വേഷിച്ച പ്രത്യേകസംഘം കണ്ടെത്തി.

നിസാര കാരണങ്ങളുടെ പേരിൽ സംഘർഷമുണ്ടാക്കുകയും അത് പിന്നീട് മതത്തിന്റെ പേരിലേക്ക് മാറ്റിയുമായിരുന്നു പലപ്പോഴും ക്രൂരമായ കൊലപാതകങ്ങൾ. തൊട്ടുപിന്നാലെ മനുഷ്യാവകാശവും മതേതരത്വവും പറഞ്ഞ് ഇതേസംഘം തന്നെ പരസ്യമായി രംഗത്തിറങ്ങുകയും ചെയ്യും. കാസർകോട്ടെ യൂത്ത് കോൺഗ്രസ് നേതാവ് ബാലകൃഷ്ണന്റെ കൊലപാതകം തന്നെ ഉദാഹരണം.  മുസ്ലിം യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് കാസർകോട് വിദ്യാനഗർ പടുവടുക്കത്തെ ബാലകൃഷ്ണനെ കൊന്നത്. പടുവടുക്കത്തെ റിട്ട. തഹസിൽദാർ എം ഗോപാലന്റെയും പങ്കജാക്ഷിയുടെയും മകനായ ബാലകൃഷ്ണൻ (31) 2001 സെപ്തംബർ 18നാണ്  കുത്തേറ്റ് മരിച്ചത്.

വീട്ടിൽ നിന്ന് വിളിച്ചിറക്കിയശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി ചന്ദ്രഗിരിപ്പാലത്തിനടുത്തുള്ള പുലിക്കുന്ന് കടവത്ത്വച്ച്  കുത്തിയശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ശ്വാസകോശത്തിൽ ആഴത്തിലേറ്റ നാലു കുത്താണ് മരണകാരണമായത്.

2001 ജൂൺ രണ്ടിന് നാദാപുരം തെരുവംപറമ്പിൽ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകനായ ഈന്തുള്ളതിൽ ബിനുവിനെ കൊന്നത് വ്യാജപ്രചാരണം ഇളക്കിമറിച്ചാണ്. പ്രചാരണം പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞിട്ടും ഇന്നുവരെ ആ കൊലപാതകത്തെ അപലപിക്കാൻ എൻഡിഎഫ് തയ്യാറായിട്ടില്ല. ബിനു വധക്കേസിൽ ആറ് എൻഡിഎഫുകാരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വൻ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ കൊലപാതകം. സിപിഐ എമ്മിനെ നേരിടാൻ തീവ്ര സ്വഭാവമുള്ള ലീഗുകാർ ചേർന്ന് 1988‐90കളിൽ നാദാപുരം ഡിഫൻസ് ഫ്രണ്ട്(എൻഡിഎഫ്) രൂപീകരിച്ചിരുന്നു. പ്രവാസികളായ ലീഗ് പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു ഇത്. വേളത്ത് മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനായ പുത്തലത്ത് നസീറുദ്ദീനെ കൊന്നതും ഈ കൊലയാളി സംഘം തന്നെ.

പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും കില്ലർ സ്ക്വാഡ് വേരാഴ്ത്തി. പതിനേഴു വർഷം മുമ്പ് ബാബറി ദിനാചരണത്തിന്റെ പത്തനംതിട്ടയിൽ വൻ കലാപത്തിന് സംഘം പദ്ധതിയിട്ടു. മതസ്പർധ വളർത്തി കലാപത്തിനായിരുന്നു നീക്കം. കണ്ണിൽ കണ്ടവരെയെല്ലാം എൻഡിഎഫ് സംഘം ആക്രമിച്ചു. വിദഗ്ധ പരിശീലനം നേടിയവർ നഗരത്തിൽ തമ്പടിച്ചു. കുമ്പഴ മുതൽ പത്തനംതിട്ട വരെയുള്ള റോഡിലെ ഇരുവശങ്ങളിലെയും കടകൾ അടിച്ചു തകർത്തു. കേസിൽ എൻഡിഎഫ് നേതാക്കൾ ഉൾപ്പെടെ നിരവധിപേരെ അന്ന് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലെ വിവിധ കോടതികളിലായിരുന്നു കേസ്. കേസിൽ ഒമ്പത് പ്രതികൾക്ക് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഒമ്പത് വർഷം തടവുശിക്ഷ വിധിച്ചു.

നേരത്തെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിനു മുന്നിൽ ഒരു വിദ്യാർഥിയുടെ ചോര വീഴ്ത്തിയിട്ടുണ്ട് ഈ കില്ലർ സ്ക്വാഡ്. കോട്ട ശ്രീശൈലം വിശാൽകുമാറി(19)നെയാണ് കുത്തിക്കൊലപ്പെടുത്തിയത്.    2012ന് ജൂലൈ 16ന് ചെങ്ങന്നൂർ ക്രിസ്ത്യൻകോളേജ് കവാടത്തിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥികൾക്ക് സ്വീകരണം നൽകവെയായിരുന്നു അക്രമം. പന്തളം മങ്ങാരം അംജത്ത് വിലാസത്തിൽ നാസിം (21), പന്തളം കടയ്ക്കാട് സ്വദേശിയും ക്യാംപസ് ഫ്രണ്ട് ഏരിയാസെക്രട്ടറിയുമായ അൻസാർ ഫൈസൽ (20), പന്തളം കുരമ്പാല കടയ്ക്കാട് സ്വദേശി ഷെഫീഖ‌് (22), പന്തളം മങ്ങാരം സ്വദേശി ആസിഫ് മുഹമ്മദ് (19), പുന്തല സ്വദേശി ഷെമീർ റാവുത്തർ  (25), ഷെമീർ റാവുത്തർ(20), ചെറുവല്ലൂർ സ്വദേശി അഫ്സൽ (19), കൊല്ലകടവ് സ്വദേശിഅൽത്താജ് (20), പത്തനാപുരം നെടുംകുന്നം സ്വദേശി ഷിബിൻ ഹബീബ് (23) എന്നിവരായിരുന്നു പ്രതികൾ. ഇങ്ങനെ എണ്ണിയാൽ തീരാത്ത അക്രമവും കൊലപാതകവും കില്ലർ സ്ക്വാഡുകൾ വളരെ ആസൂത്രിതമായി നടപ്പാക്കിയിട്ടുണ്ട്. മരണസമാനമായി ജീവിക്കുന്നവർ അനവധി.

നിലവിൽ 31 കൊലക്കേസുകളിലായി 295 പ്രതികളുണ്ട്. ഇതിൽ 236 പേർ അറസ്റ്റിലായി. 59 പേർ ഇപ്പോഴും ഒളിവിലാണ്. അക്രമികളെ അറസ്റ്റു ചെയ്യുമ്പോൾ മനുഷ്യാവകാശവും ഇരവാദവും പറഞ്ഞ് രംഗത്തുവരികയാണ് ഇക്കൂട്ടർ എന്നും ചെയ്യുക. അതിന് പിന്തുണയുമായി ഒരു വിഭാഗം ബുദ്ധിജീവികളും അരാഷ്ട്രീയവാദികളും നിഷ്പക്ഷരും രംഗത്തുവരികയും ചെയ്യുന്നു.

വെട്ടിനുറുക്കിയിട്ടും തളർന്നില്ല ബാപ്പുട്ടി
‘‘ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട കൊലയാളി സംഘടന ഞങ്ങളിവിടെത്തന്നെയുണ്ടെന്ന് കാണിക്കാനാണ് നിരപരാധികളെയും എതിർ ആശയപ്രചാരകരെയും കൊന്നുതള്ളുന്നതും വെട്ടിവീഴ്ത്തുന്നതും. ഇവർക്ക് എക്കാലത്തും താങ്ങും തണലുമാകുന്നത് മതത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർടിയിലെ നേതാക്കളും''. എം ബാപ്പുട്ടിയുടെ ഈ വാക്കുകൾക്ക്  അനുഭവങ്ങളുടെ ചൂടും ചൂരുമുണ്ട്.   എൻഡിഎഫായും പോപ്പുലർ ഫ്രണ്ടായും എസ്ഡിപിഐയായും വേഷംമാറിവരുന്ന  മുസ്ലിം തീവ്രവാദി സംഘടനയുടെ ക്രൂരത ഏറ്റുവാങ്ങിയ രാഷ്ട്രീയ പ്രവർത്തകനാണ് ബാപ്പുട്ടി. 2006 മാർച്ച് നാലിനാണ് എൻഡിഎഫ് തീവ്രവാദികൾ ബാപ്പുട്ടിയെ വെട്ടിനുറുക്കിയത്.

തിരൂർ അർബൻ ബാങ്ക് താനാളൂർ ശാഖയിലെ ജോലികഴിഞ്ഞ് സുഹൃത്ത് ഇക്ബാലിന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ താനൂർ മൂച്ചിക്കൽ റെയിൽവേ മേൽപ്പാലത്തിനുമുകളിലായിരുന്നു ആക്രമണം. ഇരുചക്ര വാഹനങ്ങളിൽ പിന്തുടർന്ന സംഘം വെട്ടുകയായിരുന്നു. ഇരുകൈകളും കാൽമുട്ടും അറ്റുതൂങ്ങി. ആറുമാസം വിവിധ ആശുപത്രികളിലും ഒരുവർഷം വീട്ടിലുമായി ചികിത്സ. ഇടതുകൈയിലെ ഒരു വിരൽ നഷ്ടമായി. കൈപ്പത്തി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ചികിത്സക്കിടെ തുന്നിച്ചേർത്തെങ്കിലും ഇപ്പോഴും അനക്കാൻ  കഴിയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിലുണ്ടായ നിസ്സാര തർക്കത്തിനൊടുവിലാണ് ബാപ്പുട്ടിയെ കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. മുസ്ലിംലീഗ് നേതാക്കൾ എൻഡിഎഫിന് നൽകിയ ക്വട്ടേഷനിലാണ് വെട്ടിനുറുക്കിയത്.  കുറ്റവാളികൾ ഇന്നും നിയമത്തിന് മുന്നിലെത്തിയിട്ടില്ല. ബാപ്പുട്ടി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറിമാരിലൊരാളാണ്. വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറിയായി ട്രേഡ് യൂണിയൻ രംഗത്തും സജീവം.

(കൃത്യമായ പരിശീലനം, ആസൂത്രണം ഉന്നതങ്ങളിൽ അതേക്കുറിച്ച്‌ നാളെ)
 

പ്രധാന വാർത്തകൾ
 Top