പത്തനംതിട്ട
പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ സിബിഐ സംഘം തെളിവെടുപ്പ് നടത്തി. കോന്നി വകയാറിലെ ഓഫീസ് ആസ്ഥാനത്ത് രണ്ട് പ്രതികളെയും എത്തിച്ചായിരുന്നു തെളിവെടുപ്പ്. വരും ദിവസങ്ങളിൽ ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മറ്റ് സ്ഥാപനങ്ങളിലും തെളിവെടുക്കും.
പകൽ 10.30ന് പ്രതികളായ റോയി തോമസ് ഡാനിയേൽ, മകൾ റിനു മറിയം എന്നിവരുമായിട്ടായിരുന്നു 10 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്. തുടർന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസിൽനിന്ന് ശേഖരിച്ച തെളിവുകൾ പരിശോധിച്ചു. സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതികളിൽനിന്ന് വിശദ വിവരങ്ങൾ ശേഖരിച്ചു.
സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതിനാൽ ഇലക്ട്രോണിക് ഡാറ്റകളുടെ പരിശോധന നടത്താൻ സാധിച്ചില്ല. സ്ഥാപനങ്ങളിലെ മാനേജർമാരെയും ചില ജീവനക്കാരെയും ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി വിശദമായ മൊഴി എടുത്തു. പ്രതികളുടെ ഉടമസ്ഥതയിൽ തന്നെയുള്ള ഏതെല്ലാം സ്ഥാപനങ്ങളിലേക്ക് പണം വകമാറ്റിയെന്നും അന്വേഷിച്ചു. ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. സിബിഐ സംഘം പ്രതികളുമായി എത്തിയതറിഞ്ഞ് നിക്ഷേപകരും സ്ഥലത്തെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..