15 November Friday

ബോർഡുകളോട് കുറുമ്പ്; എന്നാ "കാട്ടാനാ'

ഷിജോ എബ്രഹാംUpdated: Friday Oct 11, 2019

കോതമംഗലം 
ചിന്നം വിളിച്ചെത്തുന്ന കാട്ടാനക്കൂട്ടം പൂയംകുട്ടി വനമേഖലയിലെ മാമലക്കണ്ടം മലയോര ഹൈവേയിൽ സ്ഥാപിച്ച സൂചനാബോർഡുകൾ പിഴുതെറിയുന്നു.  മലയോരപാതയിലെ ആറാംമൈൽമുതൽ എളബ്ലാശേരിവരെയുള്ള ഭാഗങ്ങളിലാണ് കാടിളക്കിയെത്തുന്ന ആനക്കൂട്ടം കുറുമ്പ്‌ കാട്ടുന്നത്‌. ആനത്താരകൾ ‘എലിഫന്റ് ക്രോസ് ഏരിയ' ബോർഡുകൾ വച്ച് മാർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ, നൂറുകണക്കിന് വാഹനയാത്രികർ നിത്യേന കടന്നുപോകുന്ന കാനനപാതയിലെങ്ങും ഇവയടക്കമുള്ള ഒട്ടേറെ സൈൻ ബോർഡുകൾ പിഴുതെറിഞ്ഞ നിലയിലാണ്‌.

ആനക്കൂട്ടം വിഹരിക്കുന്ന പാതയിൽ നെഞ്ചിടിപ്പോടെ യാത്രചെയ്യുന്നവർ സൈൻ ബോർഡുകളുടെ സ്ഥിതികൂടി കാണുന്നതോടെ ശ്വാസം നിലച്ച അവസ്ഥയിലും. ഇടമലയാർ, പൂയംകുട്ടി, ഷോളയാർ വനമേഖലകൾ അതിരിടുന്ന പൂയംകുട്ടി കാടുകൾ കേരളത്തിലെ കാട്ടാനകളുടെ പ്രധാന  ആവാസമേഖലയാണ്. ആനകൾ ചുറ്റിക്കറങ്ങുന്ന ഈ വനപ്രദേശത്തുകൂടിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. കാട്ടാനകൾ കൂട്ടമായി സഞ്ചരിക്കുന്ന ആനത്താരയാണ് ഈ വനങ്ങൾ. വ്യത്യസ്തതരം തീറ്റയും നീരാടാൻ അരുവികളും മലമ്പ്രദേശങ്ങളും ഇടകലർന്ന കാടകം സഹ്യന്റെ മക്കളുടെ ആകർഷണകേന്ദ്രമാണ്.

ആനകൾ കൂട്ടത്തോടെ വിഹരിക്കുന്ന ഇടമലയാർ പൂയംകുട്ടി വനമേഖല  വർഷങ്ങളായി വേട്ടക്കാരുടെ  ഇഷ്ടസ്ഥലവുമായിരുന്നു. പ്രമാദമായ ഇടമലയാർ ആനവേട്ടക്കേസും ആനക്കൊമ്പ് റാക്കറ്റിലെ അന്താരാഷ്ട്ര കണ്ണികൾ കൊമ്പുകുത്തിയതും പിന്നീടുള്ള ചരിത്രം. ഇതെല്ലാം ലോകശ്രദ്ധ നേടിയതോടെ വേട്ടക്കാർ പിൻവലിഞ്ഞു. ആനകളുടെ ആപൽക്കാലത്തിന് ഏതാണ്ട് അറുതിയാവുകയും ചെയ്തു. ഇപ്പോൾ വെടിയുണ്ടകളെ ഭയക്കാതെ ആനത്താരകളിലൂടെ സ്വൈരസഞ്ചാരത്തിലാണ്‌ കാട്ടാനക്കൂട്ടം. 

അതേസമയം, ആവാസവ്യവസ്ഥയും സഞ്ചാരവഴികളും കാട്ടാനക്കൂട്ടങ്ങൾക്ക് ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ സുരക്ഷിത യാത്രയ്‌ക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനും ഫോറസ്റ്റ് അധികൃതർ ശ്രദ്ധചെലുത്തുന്നുണ്ട്.  കൂടുതൽ നിരീക്ഷണങ്ങൾ ഇവിടെ വേണമെന്ന ആവശ്യവും  ശക്തമാണ്.


പ്രധാന വാർത്തകൾ
 Top