24 February Monday

പൊന്നാനി മിസ്‌രിപള്ളിയുടെ പ്രതാപം തിരികെയെത്തും; സർക്കാർ സംരക്ഷണ പദ്ധതി തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Feb 14, 2020

പൊന്നാനിയിലെ മിസ‌്‌രി പള്ളി

പൊന്നാനി > നൂറ്റാണ്ടുകളുടെ പഴക്കമുള്ള പൊന്നാനി മിസ‌്‌രി പള്ളി പൈതൃക സംരക്ഷണ പദ്ധതിയായ മുസ്‌രിസ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി പഴയകാല തനിമയോടെ സംരക്ഷിക്കാനുള്ള നടപടികൾക്ക് തുടക്കമായി. പദ്ധതിക്കായി സംസ്ഥാന സർക്കാർ 85 ലക്ഷം സർക്കാർ അനുവദിച്ച സാഹചര്യത്തിലാണ് നടപടി. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് നാലിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. 
 
പൊന്നാനിയുടെ ചരിത്ര ശേഷിപ്പുകളിൽ ഒന്നായ മിസ‌്‌രി പള്ളി പുതുക്കിപ്പണിയാൻ  പള്ളികമ്മിറ്റി കഴിഞ്ഞ വർഷം മുൻഭാഗം പൊളിച്ചിരുന്നു. വിവാദമായതോടെ സ്പീക്കർ  ഇടപെട്ടു.  ചരിത്ര ശേഷിപ്പുകളെ അതേ രീതിയിൽ സർക്കാർ സംരക്ഷിക്കുമെന്ന്‌ ഉറപ്പ് നൽകി.  പൊന്നാനിയുടെ ടൂറിസം സാധ്യതകൾകൂടി കണക്കിലെടുത്താണ് സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിലൂടെ മുസ്‌രിസ്‌ പൈതൃക സംരക്ഷണ പദ്ധതിയിൽ പൊന്നാനി ഇടംപിടിച്ചത്.
 
പോർച്ചുഗീസുകാർക്കെതിരെ പട നയിക്കാൻ സാമൂതിരി പൊന്നാനിയിലെത്തി സൈനുദ്ദീൻ മഖ്ദൂമിനെ കണ്ടതും മഖ്ദൂമിന്റെ അഭ്യർഥനയെ തുടർന്ന് ഈജിപ്ഷ്യൻ സൈന്യം പൊന്നാനിയിലെത്തിയതും ചരിത്രം. ഇവർ തമ്പടിച്ച പ്രദേശത്താണ് പള്ളി നിർമിച്ചത്. ഈജിപ്തുകാരെ മിസ്‌രികൾ എന്ന് വിളിക്കുന്നതിനാലാണ് പള്ളിക്ക് മിസ്‌രി പള്ളി എന്ന് പേര് വന്നതെന്നും ചരിത്രകാരൻമാർ പറയുന്നു.
 
മിസ്‌രി പള്ളി, കമ്മാലിക്കാനകം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. പള്ളി പൊളിക്കാൻ ആരംഭിച്ചപ്പോൾ ഈ കുടുംബം പരാതിയുമായി അധികൃതരെ സമീപിക്കുകയായിരുന്നു. എതിർപ്പ്‌ ശക്തമായതോടെ സ്പീക്കറും നഗരസഭയും  ഇടപ്പെട്ട് പള്ളി പൊളിക്കുന്നത്  നിർത്തി വയ്പിച്ചു. വിദേശ രാജ്യങ്ങളിലെ  മാധ്യമങ്ങളിൽവരെ വിഷയം ഇടംപിടിച്ചു. മുസിരിസ് പൈതൃക പദ്ധതിയുടെ ഹെറിറ്റേജ് ആർക്കിടെക്റ്റ് നിർമാണ പ്രവൃത്തികളുടെ നേതൃത്വം ഏറ്റെടുത്തതോടെ പള്ളിയ്ക്ക് നഷ്ട പ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ പൊന്നാനിക്കാർ.
പ്രധാന വാർത്തകൾ
 Top