27 September Sunday

സുസ്‌ഥിര വികസനത്തിലും പുനർനിർമ്മാണത്തിലും മികച്ചനേട്ടങ്ങൾ കൈവരിക്കാൻ സർക്കാരിനായി: ഗവർണർ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 29, 2020

തിരുവനന്തപുരം> സംസ്‌ഥാനത്തിന്റെ   പുനർനിർമ്മാണത്തിലടക്കം  വിവധ മേഖലകളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ സർക്കാരിനായിയെന്ന്‌ നയപ്രഖ്യാപനത്തിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. തുടർച്ചയായി രണ്ടാം  വർഷവും സുസ്‌ഥിര വികസനത്തിൽ നീതി ആയോഗിന്റെ  ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കുവാൻ സംസ്‌ഥാനത്തിന്‌ കഴിഞ്ഞു.  .ജില്ലാ സഹകരണ ബാങ്കുകളെ സംയാജിപ്പിച്ചുകൊണ്ട്‌ കേരള സംസ്‌ഥാന സഹകരണ ബാങ്ക്‌ രൂപീകരിക്കാൻ കഴിഞ്ഞത്‌ വലിയ നേട്ടമാണെന്നും ഗവർണർ പറഞ്ഞു.

തദ്ദേശ ഭരണ സ്‌ഥാപനങ്ങളെ ഉൾപ്പെടുത്തി ‘‘നമ്മൾ നമ്മൾക്കായി’’ എന്ന പ്രചരണത്തിലൂടെ ജനകീയ സംരംഭമാക്കി മാറ്റുന്ന ശ്രമത്തിലാണ്‌ സർക്കാർ. സംസ്‌ഥാന പുനർനിർമ്മാണത്തിനായി അന്താരാഷ്‌ട്ര വിദഗ്‌ധരുടെ അഭിപ്രായം സർക്കാർ തേടി. ദുരന്ത പ്രതിരോധ ശേഷിയുള്ള കേരളം സൃഷ്‌ടിക്കുന്നതിൽ വിലയേറിയ മാർഗനിർദ്ദേശമാകുമത്‌.

കേരള അടിസ്‌ഥാന സൗകര്യ നിക്ഷേപ നിധി ബോർഡിലൂടെ (കിഫ്‌ബി) നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെയ്‌ക്കാൻ സർക്കാരിനായി. 50000 കോടി രൂപയുടെ പദ്ധതികൾക്ക്‌ കിഫ്‌ബിഇതിനകം അംഗീകാരം നൽകി.
 ലൈഫ്‌ മിഷൻ പദ്ധതിയിൽ 2 ലക്ഷം വീടുകളാണ്‌ ഉപഭോക്‌താക്കൾക്ക്‌ കൈമാറുന്നത്‌. പൊതു വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി. ആർദ്രം പദ്ധതി, ഹരിതമിഷൻ . നദികളുടെ പുന രുജ്ജീവനം എന്നിവ എടുത്തു പറയേണ്ടതാണ്‌.

കമ്മ്യൂണിറ്റി വോളണ്ടിയർ കോർ, യുവ നേതൃത്വ അക്കാദമി എന്നിവ അടിയന്തര സാഹചര്യങ്ങളിൽ സംസ്‌ഥാനത്തിന്റെ  രക്ഷയ്‌ക്കായി  സജജരാകും.രാത്രികാല അഭയകേന്ദ്രം,  സ്‌ത്രീകൾക്ക്‌ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സംവിധാനങ്ങൾ എന്നിവയും നടപ്പാക്കിവരുന്നു. മുഖ്യമന്ത്രിയുടെ ദുരിതശ്ര്വാസ നിധിയിൽനിന്നു 961കോടി ചിലവിട്ട്‌ നടത്തുന്ന ചീഫ്‌ മിനിസ്‌റ്റേഴ്‌സ്‌ ലോക്കൽ റോഡ്‌ റിബിൽഡ്‌ പ്രോജക്‌റ്റ്‌ വലിയ മാറ്റമാണ്‌ കൊണ്ടുവരുന്നത്‌.

നിക്ഷേപം  ആകർഷിക്കുന്നതിന്‌ അനുമതികൾക്കായുള്ള നടപടിക്രമങ്ങൾ സുഗമമാക്കി. വ്യവസായ മേഖലക്ക്‌ പ്രത്യേക പാക്കേജും നടപ്പാക്കി. ഇതെല്ലാം നടപ്പാക്കുമ്പോഴും   സാന്പത്തികമായി മുമ്പെങ്ങുമില്ലാത്ത മാന്ദ്യത്തെയാണ്‌  അഭിമുഖീകരിക്കുന്നത്‌. സംസ്‌ഥാനങ്ങളുടെ വരുമാനശേഷി കുറഞ്ഞുവരികയാണ്‌. എന്നാൽ കേന്ദ്രം അതു മനസിലാക്കുന്നില്ല. അതിൽ സർക്കാരിന്‌ വലിയ ആശങ്കയുണ്ട്‌. 10000 കോടിയുടെ പൊതു വായ്‌പയെടുക്കാൻ സംസ്‌ഥാനത്തിന്‌ മുന്പ്‌ അർഹതയുണ്ടായിരുന്നു. എന്നാൽ 1900 കോടിക്ക്‌ മാത്രമാണ്‌  കേന്ദ്രം അനുമതി നൽകിയത്‌.

അപ്രതീക്ഷിതമായ കാലവസ്‌ഥാ വ്യതിയാനം മൂലം കർഷകർക്ക്‌ വൻ  നഷ്‌ടമാണുണ്ടായത്‌. പ്രകൃതിക്ഷോഭങ്ങളെ ചെറുക്കുന്ന വിളയിനങ്ങൾ വികസിപ്പിക്കുവാൻ ഊന്നൽ നൽകിയിട്ടുണ്ട്‌. പോഷക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗോത്രവർഗ പ്രദേശങ്ങളിൽ പ്രത്യേക പദ്ധതി രൂപീകരിക്കും. കന്നുകാലികൾക്ക്‌ വേണ്ടി സമഗ്ര ഇൻഷുറൻസ്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. മൊബൈൽ വെറ്ററിനറി യൂണിറ്റുകളും ക്ലിനിക്കുകളും സജ്ജമാക്കിയിട്ടുണ്ട്‌.

 സംസ്‌ഥാനത്ത്‌ ഒറ്റത്തവണ ഉപയോഗ  പ്ലാസ്‌റ്റിക്‌ നിരോധിച്ചിട്ടുണ്ട്‌.  മത്സ്യത്തൊഴിലാളികൾക്ക്‌ വിവരങ്ങൾ കൈമാറുന്നതിനും രക്ഷാപ്രവറത്തനങ്ങൾ സുഗമമാക്കുന്നതിനും എല്ലാ മറൈൻ ജില്ലകളിലും ഫിഷറീസ്‌ സ്‌റ്റേഷനുകൾ സ്ജ്ജമാക്കും.
കണ്ണൂരിൽ കണ്ണവത്ത്‌ സുസ്‌ഥിര വിനോദ സഞ്ചാരത്തോടൊപ്പം ഒരു വന്യജീവി സഫാരി പാർക്ക്‌ നിർമിക്കുവാൻ തീരുമാനമുണ്ട്‌.

വ്യവസായവും വാണിജ്യവും , ഭവന നിർമ്മാണം, ആഭ്യന്തരം, ഉന്നതവിദ്യാഭ്യാസം, ആയുഷ്‌, ആരോഗ്യം , വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ വളരെയേറെ  സർക്കാരിന്‌ മുന്നേറാനായിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top