21 November Thursday

മൃതദേഹത്തിൽനിന്ന്‌ ഫോൺ കവർന്ന പൊലീസുകാരനെ സസ്‌പെൻഡ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2019

കണ്ണൂർ  >   മൃതദേഹത്തിൽനിന്ന്‌ മൊബൈൽഫോൺ കവർന്നെന്നപരാതിയിൽ അന്വേഷണം നേരിടുന്ന പൊലീസുകാരന്‌ സസ്‌പെൻഷൻ. ചക്കരക്കൽ പൊലീസ്‌ സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ സി കെ സുജിത്തിനെയാണ്‌ ജില്ലാ പൊലീസ്‌ മേധാവി പ്രതീഷ്‌ കുമാർ അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്‌തത്‌. കൂടാളിയിൽ ഒരു വർഷം മുമ്പ്‌ ആത്മഹത്യ ചെയ്‌ത പെൺകുട്ടിയുടെ മൃതദേഹത്തിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഇൻക്വസ്‌റ്റിനിടെ അടിച്ചെടുത്തെന്നാണ്‌ പരാതി.

2018 ഒക്ടോബർ നാലിനാണ്‌ കൂടാളി പൂവത്തൂരിലെ ഇരുപതുകാരിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്‌.  മട്ടന്നൂർ എസ്‌ഐയായിരുന്ന ശിവൻ ചോടോത്തും സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ സുജിത്തും ചേർന്നാണ്‌ ഇൻക്വസ്‌റ്റ്‌ നടത്തിയത്‌. മൃതദേഹത്തിൽനിന്ന്‌ ലഭിച്ച സാംസങ്‌ ആൻഡ്രോയ്‌ഡ്‌ മൊബൈൽ ഫോൺ സുജിത്ത്‌ ബന്ധുക്കളെ ഏൽപ്പിക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്‌തില്ല. ഒരു വർഷം കഴിഞ്ഞിട്ടും ഫോൺ തിരിച്ചുകിട്ടാതെ വന്നതോടെ പെൺകുട്ടിയുടെ അച്ഛൻ  ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകുകയായിരുന്നു. ഇരിട്ടി  എഎസ്‌പി ആനന്ദ്‌കുമാറിനാണ്‌ അന്വേഷണ ചുമതല. എഎസ്‌പി അന്വേഷണം തുടങ്ങിയതോടെ ചൊവ്വാഴ്‌ച സുജിത്ത്‌ നാടകീയമായി ഫോൺ പെൺകുട്ടിയുടെ വീട്ടിലെത്തിച്ചു.
 


പ്രധാന വാർത്തകൾ
 Top