05 December Thursday

പൊലീസ് റാങ്ക് ലിസ്റ്റ് : അഡ്വൈസ് മെമ്മോ അയക്കാനുള്ള സാധ്യത ആരായും

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

തിരുവനന്തപുരം> കാസര്‍ഗോഡ് ജില്ലയിലെ കേരളാ ആംഡ് പോലീസ് ബറ്റാലിയന്‍ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ നിന്നും പ്രൊവിഷണലായി അഡ്വൈസ് മെമ്മോ നല്‍കുന്നതിനുള്ള സാധ്യത പിഎസ് സി.യോട് ആരായുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അനൂപ് ജേക്കബിന്റെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

റാങ്ക് പട്ടികയില്‍ ഒന്നും, രണ്ടും, ഇരുപത്തിയെട്ടും  റാങ്ക് നേടിയ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കുകയാണ്. അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കി പബ്ലിക് സര്‍വീസ് കമ്മീഷന് മറുപടി നല്‍കിയിട്ടുണ്ട്. അവശ്യ സര്‍വ്വീസ് എന്ന നിലയില്‍ പോലീസ് സേനയിലേക്കുള്ള ഈ തിരഞ്ഞെടുപ്പിന് നേരിട്ട ഈ തടസ്സത്തിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.അതോടൊപ്പം ഉദ്യോഗാര്‍ത്ഥികളുടെ ഉത്കണ്ഠയ്ക്ക് പരിഹാരം കാണുകയും വേണം.. ഭരണഘടനാ സ്ഥാപനമായ പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരിധിയില്‍ വരുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ആയതിനാല്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. എങ്കിലും പ്രൊവിഷണലായി അഡൈ്വസ് മെമ്മോ നല്‍കുന്നതിനുള്ള സാധ്യത കമ്മീഷന്റെ മുന്നിലെ വെക്കും-മുഖ്യമന്ത്രി വ്യക്തമാക്കി.

ഒന്നും രണ്ടും മൂന്നും പ്രതികളായ ഉദ്യോഗാര്‍ത്ഥികള്‍ നാലും, അഞ്ചും, ആറും പ്രതികളുടെ സഹായത്തോടെ ആധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നു മുതല്‍ അഞ്ചുവരെ പ്രതികളെ അറസ്റ്റ് ചെയതു.  ആറാം പ്രതി  കോടതിയില്‍  കീഴടങ്ങി.

കേസിന്റെ അന്വേഷണം സി.ബി.ഐ.യ്ക്ക്  കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.കേസിന്റെ അന്വേഷണത്തിനിടെ ശേഖരിച്ച ആധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധന നടന്നുവരുകയാണ്. കുറ്റക്കാരായ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുളള എല്ലാവിധ ശ്രമങ്ങളും നടത്തിയിട്ടുണ്ട്.-മുഖ്യമന്ത്രി പറഞ്ഞു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top