19 September Saturday

പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പ് വേണ്ട; പൊലീസിനെ നിയോഗിച്ചത് ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം കുറയ്‌ക്കാൻ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

തിരുവനന്തപുരം > ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് കോവിഡ് പ്രതിരോധത്തിൽ പൊലീസിനെ കൂടുതൽ ചുമതലകൾ ഏൽപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ പ്രവർത്തകരുടെ ജോലി പൊലീസിന് കൈമാറുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തത് 'കോവിഡ് ബാധിതരുടെ സമ്പർക്കം ഉൾപ്പെടെ കണ്ടെത്താൻ നിയോഗിക്കപ്പെട്ടതോടെ പൊലീസിന് പിടിപ്പത് പണിയായി' എന്നാണ്. അവർ തന്നെ വീണ്ടും 'നിലവിലെ കോവിഡ് പ്രതിരോധത്തിന് പോലും പൊലീസ് ഇല്ലാതിരിക്കെയാണ് പുതിയ നിർദേശം' എന്നും പറയുന്നു. അതേ മാധ്യമസ്ഥാപനം തന്നെ 'കൊവിഡ് പ്രതിരോധത്തിൻറെ അധികചുമതല ഏൽപിച്ചതിൽ പൊലീസിലും പ്രതിഷേധം പുകയുന്നു. ജോലിഭാരം ഇരട്ടിയാകുന്നതും രോഗവ്യാപന സാധ്യത വർധിക്കുന്നതുമാണ് പൊലീസുകാരുടെ ആശങ്ക' എന്ന നിരീക്ഷണവും നടത്തിയിട്ടുണ്ട്.

ഇതിൽ കാര്യങ്ങൾ വളരെ വ്യക്തമാണ്. കോവിഡ് പ്രതിരോധത്തിൽ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവർത്തകരും പൊലീസും ഉണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും അവരുടെ ഇടപെടലും തുടക്കം മുതലേ ഉണ്ട്. എന്നാൽ തുടർച്ചയായ അധ്വാനവും വിശ്രമരാഹിത്യവും സ്വാഭാവികമായും ആരിലും ക്ഷീണമുണ്ടാക്കും. അത് ആരോഗ്യപ്രവർത്തകരിലും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുള്ള ദൗത്യമല്ല ഇപ്പോൾ നിർവഹിക്കാനുള്ളത്.

രോഗികളുടെ എണ്ണം കൂടി, വീടുകളിൽ നിരീക്ഷണത്തിലുള്ളവർ കൂടി, പ്രൈമറി കോണ്ടാക്റ്റുകളുടെ എണ്ണം കൂടി, കോണ്ടാക്റ്റ് ട്രെയ്‌സിങ് കൂടുതൽ വിപുലമായി മാറി, സിഎഫ്എൽടിസികൾ സ്ഥാപിച്ചതോടെ ആ രംഗത്ത് പുതുതായി ശ്രദ്ധിക്കേണ്ടി വന്നു, മൊബൈൽ യൂണിറ്റുകൾ കൂടുതലായി, ടെസ്റ്റിങ് സൗകര്യങ്ങൾ വർധിപ്പിച്ചു. അങ്ങനെ ആരോഗ്യപ്രവർത്തകരുടെ ജോലിഭാരം ഗണ്യമായി വർധിച്ചു. വീടുകളിൽ ചികിത്സക്കുള്ള സംവിധാനം ഒരുക്കുമ്പോൾ വീണ്ടും ജോലിഭാരം കൂടും.

ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ കൂടുതൽ സഹായിക്കാനും സമ്പർക്കം കണ്ടെത്തുന്നതിന് സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാനുമാണ് പൊലീസിനെ ചുമതലപ്പെടുത്തുന്നത്. ആരോഗ്യപ്രവർത്തകർ ചെയ്യേണ്ട ഒരു ജോലിയും പൊലീസിന് കൈമാറുകയല്ല. മറിച്ച്, പൊലീസിന് അധികജോലി ഏൽപിക്കുകയാണ്. അത് ആരോഗ്യസംവിധാനത്തെയും പ്രവർത്തകരെയും സഹായിക്കുക എന്ന ജോലിയാണ്. അങ്ങനെയൊരു തീരുമാനത്തെ തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രചരിപ്പിച്ചാലോ?-മുഖ്യമന്ത്രി ചോദിച്ചു.

ഇവിടെ അപൂർവം ചിലർക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങിനെയെങ്കിലും ഏതു വിധേനെയും രോഗവ്യാപനം വലിയ തോതിലാവണം. അത്തരം മാനസികാവസ്ഥയുള്ളവർക്കു മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാൻ കഴിയൂ. ആരോഗ്യപ്രവർത്തകരുടെ ഇടപെടലുകളെക്കുറിച്ചും അവർ അനുഷ്ഠിക്കുന്ന ത്യാഗനിർഭരമായ സേവനത്തെക്കുറിച്ചും അറിയാത്തവർ ആരാണുള്ളത്? എല്ലാ ഘട്ടത്തിലും അവരെ അഭിനന്ദിക്കുക മാത്രമല്ല, വേണ്ട സഹായങ്ങൾ നൽകണമെന്ന നിലപാട് സ്വീകരിക്കുകയുമാണ് സർക്കാർ. ഈ വാർത്താസമ്മേളനങ്ങളിൽ തന്നെ എത്ര തവണ അക്കാര്യം പറഞ്ഞു എന്ന് ഓർത്തുനോക്കൂ.

റിവേഴ്‌സ് ക്വാറൻറൈനിൽ ആളുകൾ കൂടുതലുള്ള സ്ഥലം കൂടിയാണ് നമ്മുടേത്. അതുകൊണ്ട്, ചികിത്സയിലും പരിചരണത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതിനോടൊപ്പം കോണ്ടാക്ട് ട്രെയ്‌സിങ് പോലുള്ള പ്രവർത്തനങ്ങളും ഒക്കെ ഒരു കൂട്ടർ തന്നെ തുടർച്ചയായി ചെയ്യുമ്പോൾ മനുഷ്യസഹജമായ ക്ഷീണമുണ്ടാകില്ലേ? തളർച്ച അവരെ ബാധിക്കില്ലേ? ഈ ഒരു സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിനായി പൊലീസിനെ നിയോഗിക്കുന്നത്.

ഒരുപാട് യാത്രചെയ്തവരുണ്ടാകാം, വിപുലമായ സമ്പർക്കപ്പട്ടികയുള്ളവരുണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ സൈബർ സഹായം ഉൾപ്പെടെ ആവശ്യമായി വരും. മൊബൈൽ സേവനദാതാക്കളെ ബന്ധപ്പെടേണ്ടി വരും. ഈ കാര്യത്തിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ പോലീസിന് മികച്ച രീതിയിൽ സാധിക്കും. അതിനുള്ള സംവിധാനങ്ങളും അന്വേഷണമികവും പൊലീസിനുണ്ട്.

ഇപ്പോൾ നമുക്കുമുന്നിലുള്ളത് ഗൗരവമേറിയ ഒരു ദൗത്യമാണ്. ഇതുവരെ സമ്പർക്കവ്യാപനത്തെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുകയും സമ്പർക്കംമൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് പൊലീസ് സഹായം നൽകിയിരുന്നു. രോഗവ്യാപനം വർധിച്ച ഈ ഘട്ടത്തിൽ ആ ഉത്തരവാദിത്തം കൂടുതലായി പൊലീസിനെ ഏൽപിക്കുകയാണ്. അതിൽ ഒരു തെറ്റിദ്ധാരണയും വേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോൺടാക്ട് ട്രെയിസിങ്ങിന് പൊലീസിൻറെ അന്വേഷണമികവ് ഉപയോഗിക്കും എന്നു പറയുന്നത് ആ മേഖലയിൽ പഴുതുകളടച്ചുള്ള സമീപനമുണ്ടാകണം എന്നതുകൊണ്ടാണ്. ഇതു പറഞ്ഞപ്പോൾ ആരോഗ്യപ്രവർത്തകരെ ഒഴിവാക്കുകയാണോ എന്ന് ചിലർക്ക് തോന്നി. അത്തരം തോന്നലുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ പ്രതിപക്ഷം ശ്രമിച്ചു. ഈ തീരുമാനം സംസ്ഥാനത്തെ പൊലീസ് രാജിലേക്ക് നയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്.

യഥാർത്ഥത്തിൽ എന്തു കണ്ടിട്ടാണ് ഈ ആക്ഷേപം? ഒരുഭാഗത്ത് ആരോഗ്യപ്രവർത്തകരോട് അവഗണന എന്ന് ആക്ഷേപം ഉന്നയിക്കുക. മറുഭാഗത്ത് പൊലീസ് സംവിധാനത്തിൻറെ ഇടപെടൽ മരവിപ്പിക്കുക. രണ്ടും നടന്നാൽ കോവിഡ് അതിൻറെ വഴിക്ക് പടർന്നുപിടിക്കുമെന്ന് അറിയാത്തയാളാണോ പ്രതിപക്ഷ നേതാവ്? ഇതേ സമീപനമല്ലേ കഴിഞ്ഞദിവസം നാം കണ്ടത്? എന്തിനാണ് ഇത്തരമൊരു ഇരട്ടമുഖം സ്വീകരിക്കുന്നത്. ഇവിടെ പലതരത്തിലുള്ള പ്രതീക്ഷകൾ വെച്ചുപുലർത്തിയവരുണ്ടല്ലോ? പ്രളയത്തെക്കുറിച്ചും വരൾച്ചയെക്കുറിച്ചും സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ചുമൊക്കെ വലിയ പ്രതീക്ഷയോടെ കണ്ടയാളുകളിൽ നിന്ന് ഇതിലപ്പുറം എന്താണ് പ്രതീക്ഷിക്കാനാവുക?

ഇപ്പോൾ നമ്മുടെ കോവിഡ് പ്രതിരോധം ശക്തമായി മുന്നോട്ടുപോകുകയാണ്. കേരളത്തിൻറെയും രാജ്യത്തിൻറെയും ലോകത്തിൻറെയും മറ്റു പ്രദേശങ്ങളുടെയും അനുഭവം താരതമ്യം ചെയ്താൽ നാം എത്രമാത്രം മുന്നേറി എന്ന് വ്യക്തമാകും. എന്നിട്ടും പറയുകയാണ് ഇവിടെ സർക്കാർ പരാജയപ്പെട്ടു എന്ന്. ആരോടാണ് ഇത് പറയുന്നത്? സർക്കാരിനൊപ്പം കോവിഡ് പ്രതിരോധയജ്ഞത്തിൽ പങ്കാളികളാകുന്ന ഇന്നാട്ടിലെ ജനങ്ങളോടോ? ആ ജനങ്ങളിൽ എല്ലാവരുമില്ലേ? ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ ഉള്ളവർ മാത്രമാണോ കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായി നിൽക്കുന്ന തങ്ങൾക്ക് സ്വാധീനിക്കാൻ പറ്റുന്നയാളുകളെ അടർത്തിമാറ്റുക, അവരിൽ വല്ലാത്തൊരു സംശയമുണ്ടാക്കുക, ആ പ്രവർത്തനത്തിൽ സജീവമാകാതിരിക്കാൻ പ്രേരിപ്പിക്കുക. അതാണോ ഈ ഘട്ടത്തിൽ ചെയ്യേണ്ടത്? നാം നമ്മുടെ നാടിൻറെ അനുഭവം കാണുന്നുണ്ടല്ലോ. ജനങ്ങളാകെ ഒരുമയോടെ തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകുന്ന നിലയല്ലേ കാണുന്നത്. ഇത്തരം ആക്ഷേപം ഉന്നയിക്കുന്നവരുടെ ആക്ഷേപങ്ങൾക്ക് വിലകൽപ്പിച്ചിരുന്നുവെങ്കിൽ ഇന്ന് കാണുന്ന അതേ കാഴ്ചയുണ്ടാകുമോ? ജനങ്ങൾ കാര്യങ്ങൾ കൃത്യമായി തിരിച്ചറിയുന്നു എന്നാണ് കാണേണ്ടത്.

ഒരു കാര്യമേ ഈ ഘട്ടത്തിൽ ഓർമിപ്പിക്കാനുള്ളൂ. പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തിക്കൊണ്ടിരിക്കും. പ്രതിപക്ഷ നേതാവ് പറഞ്ഞത് വിമർശനങ്ങളെ പോസിറ്റീവായി എടുക്കണമെന്നാണ്. നല്ല കാര്യമാണത്. വിമർശനങ്ങൾ തള്ളിക്കളയുന്ന സർക്കാരല്ല ഇത്. പക്ഷെ, വിമർശനങ്ങൾക്കു പകരം തെറ്റായ പ്രചാരണങ്ങളും കോവിഡ് പ്രതിരോധം തകർക്കാനുള്ള കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്. കെട്ടുകഥകൾ ചുമന്നുകൊണ്ടുവരുമ്പോൾ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. അതിൻറെ ഭാരം അത് ചുമക്കുന്നവർ തന്നെ പേറേണ്ടിവരും.-മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top