05 December Thursday

ആറും ഒമ്പതും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; പ്രതിക്ക് ഇരട്ട ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024
തിരുവനന്തപുരം > ആറും ഒമ്പതും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച വയോധികന്‌ രണ്ട്‌ ഇരട്ട ജീവപര്യന്തം. മംഗലപുരം സ്വദേശി വിക്രമനാ (63)ണ്‌ ഇരട്ട ജീവപര്യന്തവും 14 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ ലഭിച്ചത്‌. കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്താണ്‌ പ്രതി. 2020 -21ലാണ് സംഭവം. അമ്മൂമ്മ വീട്ടിലില്ലാത്തപ്പോഴാണ്‌ ഇയാൾ കുട്ടികളെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നത്‌. അയൽവാസി കണ്ടതോടെയാണ്‌ ഇക്കാര്യം പുറത്തറിഞ്ഞത്‌. ഇളയ സഹോദരിയെ പീഡിപ്പിച്ച കേസിൽ ഇയാൾക്ക്‌ ഇരട്ട ജീവപര്യന്തമുണ്ട്‌. മൂത്തസഹോദരിയെ പീഡിപ്പിച്ച കേസിൽ ചൊവ്വാഴ്‌ച വിധിപറഞ്ഞപ്പോഴും ഇരട്ട ജീവപര്യന്തംതന്നെ നൽകി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്‌ജി ആർ രേഖയാണ്‌ ശിക്ഷവിധിച്ചത്‌.  സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അതിയന്നൂർ ആർ വൈ അഖിലേഷ് എന്നിവർ ഹാജരായി.
 
പ്രതി ഇരുമ്പ്‌ നിയമത്തിന്റെ കൈകളിൽ തളയ്ക്കപ്പെടേണ്ടയാൾ
 
സഹോദരിമാരെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ രണ്ടുകേസുകളിലും ഇരട്ടജീവപര്യന്തവും 14 വർഷം കഠിനതടവും വിധിച്ച ജഡ്‌ജിയുടെ വാക്കുകൾ ഇങ്ങനെ. ‘‘ഈ കുറ്റകൃത്യത്തിന്‌ ശിക്ഷവിധിക്കുമ്പോൾ പ്രതിയുടെ പ്രായം പരിഗണിക്കേണ്ടതില്ല. ഇത്തരക്കാർ നിയമത്തിന്റെ ഇരുമ്പ്‌ കൈകളിൽ തളയ്ക്കപ്പെടേണ്ടവരാണ്‌’’. 
 
അച്ഛനും അമ്മയും ഉപേക്ഷിച്ചപ്പോൾ അമ്മൂമ്മയുടെ കൂടെ കഴിയാൻ വിധിക്കപ്പെട്ട കുട്ടികളെയാണ്‌ വിക്രമൻ എന്ന നരാധമൻ പീഡിപ്പിച്ചത്‌. കുട്ടികളുടെ ബാല്യം നഷ്‌ടപ്പെടുത്തിയ പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും ജഡ്‌ജി ആർ രേഖ വിധിന്യായത്തിൽ പറഞ്ഞു. ഒരു പ്രതിക്ക്‌ രണ്ടുകേസുകളിലും ഇരട്ട ജീവപര്യന്തം ലഭിക്കുന്നത്‌ അപൂർവമാണെന്ന്‌  സ്പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ പറഞ്ഞു. 
 
വിസ്താരത്തിനിടെ സംഭവങ്ങൾ വിവരിക്കാനാകാതെ കുട്ടികൾ ഭയന്നുകരയുമായിരുന്നു. ഇതുകാരണം പലതവണ വിസ്‌താരം നിർത്തിവച്ചു.  ആറുവയസ്സുള്ള അനിയത്തി നൽകിയ ധൈര്യത്തിലാണ്‌ ചേച്ചി എല്ലാം പറഞ്ഞത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top