21 September Saturday

അപേക്ഷിച്ചവർക്കെല്ലാം പ്ലസ‌് വണ്ണിൽ സീറ്റ‌്; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ‌് ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019


തിരുവനന്തപുരം
ചരിത്രത്തിലാദ്യമായി അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും ഹയർ സെക്കൻഡറി പ്രവേശനം ഒരുക്കി സംസ്ഥാന  സർക്കാർ. പ്ലസ‌് വൺ  പ്രവേശനം അവസാന ഘട്ടത്തിലെത്തിയപ്പോൾ അവശേഷിക്കുന്ന മുഴുവൻ അപേക്ഷകർക്കും സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിൽ പ്രവേശനം  ഉറപ്പിച്ചു. ഓൺലൈൻ ഏകജാലക സംവിധാനത്തിൽ മുഖ്യ അലോട്ടുമെന്റുകൾ പൂർത്തിയായപ്പോൾ എല്ലാവർക്കും സീറ്റ‌് ലഭിക്കാത്ത സ്ഥിതിയായിരുന്നു. ആദ്യ സപ്ലിമെന്ററി അലോട്ടുമെന്റിൽ ഈ പ്രശ‌്നം പരിഹരിക്കാനായി. അവസാന അലോട്ടുമെന്റ‌് ഞായറാഴ‌്ച വൈകിട്ടോടെ പ്രസിദ്ധീകരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രവേശനംനേടാം. നിലവിൽ 23933 സീറ്റ‌് ഒഴിവുണ്ട‌്. തുടർന്നും അപേക്ഷകർക്ക‌്  പ്രവേശനം ലഭ്യമായിട്ടില്ലെങ്കിൽ അവരെ മുഴുവൻ ഉൾക്കൊള്ളാനുള്ള ഇടപെടലിന‌് മന്ത്രി സി രവീന്ദ്രനാഥ‌് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക‌് നിർദേശം നൽകി. കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ സംബന്ധിച്ച‌് ഹയർ സെക്കൻഡറി ജോയിന്റ‌് ഡയറക്ടർ 25ന‌് സർക്കാരിന‌് റിപ്പോർട്ട‌് നൽകും. തുടർന്ന‌് ഈ ബാച്ചുകൾ കുട്ടികൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക‌് മാറ്റും. 

4,79,730പേരാണ‌് പ്ലസ് വണ്ണിന് അപേക്ഷിച്ചത്. മുഖ്യ അലോട്ട്‌മെന്റിൽ 3,61,713 സീറ്റുകളിൽ പ്രവേശനം നേടി. വർധിപ്പിച്ച 20 ശതമാനം സീറ്റുൾപ്പെടെ 80,471 സീറ്റിലേക്കായിരുന്നു ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ്.  

ഹയർ സെക്കൻഡറിക്കു പുറമേ വിഎച്ച്എസ്ഇക്ക് 30,000 സീറ്റും പോളി ടെക്നിക്, ഐടിഐ എന്നിവയിലെ സീറ്റുകളും കൂടിയാകുമ്പോൾ എസ‌്എസ‌്എൽസി ജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനം സാധ്യമാവും. ഏറ്റവുമധികം അപേക്ഷകരുള്ള മലപ്പുറം ജില്ലയുൾപ്പെടെ മലബാർ മേഖലയിൽ വിദ്യാർഥികൾ സീറ്റ് കിട്ടാതെ പുറന്തള്ളപ്പെടുന്ന മുൻകാല അവസ്ഥയ‌്ക്കും പരിഹാരമായി. പത്തനംതിട്ട ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കഴിഞ്ഞ വർഷം ഇവിടേക്ക‌് മാറ്റി നൽകിയിരുന്നു. സമാന ബാച്ച‌് മാറ്റം ഇത്തവണയും ഉണ്ടാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top