25 April Thursday

പ്രളയാഘാതം ശാസ്‌ത്രീയമായി പഠിക്കാൻ ആസൂത്രണ ബോർഡ്‌; ആസൂത്രണ ബോർഡ്‌ അംഗം ആര്‍ രാംകുമാർ എഴുതുന്നു

ആര്‍ രാംകുമാര്‍ Updated: Wednesday Aug 29, 2018

കൊച്ചി > പ്രളയത്തെ തുടർന്ന്‌ വലിയ നാശനഷ്‌ടം സംഭവിച്ച കേരളത്തെ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഓരോ പ്രദേശത്തെയും പ്രളയക്കെടുതിയും പ്രകൃതിദുരന്തങ്ങളിലെ ആഘാത സാധ്യതയും ഭൂസവിശേഷതകളും സമഗ്രമായി പഠിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ്‌. കേരളത്തിലെ നിരവധി ശാസ്ത്രഗവേഷണ സ്‌ഥാപനങ്ങളെയും ഓരോ വിഷയത്തിലെയും വിദഗ്‌ധരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയുമെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാകും പഠനം പൂർത്തിയാക്കുക. സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗമായ രാംകുമാറാണ്‌ ഇതു സംബന്ധിച്ച്‌ ആദ്യം തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ കുറിച്ചത്‌. പിന്നീട്‌ മുഖ്യമന്ത്രി പിണറായി വിജയനും പത്ര സമ്മേളനത്തിൽ ഇത്തരമൊരു പഠനത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നു.

പ്രൊഫ. ആര്‍ രാംകുമാറിന്റെ ഫേസ്‌‌ബുക്ക്‌ പോസ്റ്റ്‌


കേരളത്തിന്റെ പ്രളയാനന്തരവികസനത്തെ കുറിച്ചുള്ള ചർച്ചകളാണെവിടെയും. ഇന്ന് ഞാറാഴ്ചയായത്‌ കൊണ്ട് ടി.ആർ.പിയും പ്രധാനമാണല്ലോ. പ്രളയം എന്ന പ്രതിഭാസം ഉരുൾപൊട്ടൽ എന്ന പ്രകൃതി ദുരന്തത്തോടൊപ്പം ഉണ്ടായത് കൊണ്ട് തന്നെ, പലവിധമായ അഭിപ്രായങ്ങൾ കൊണ്ട് മുഖരിതമാണ് കേരളത്തിന്റെ പൊതുമണ്ഡലം. ഈ അഭിപ്രായങ്ങൾ പലതും നല്ല മനസ്സുകളിൽ നിന്നാണ് എന്നത് ഞാൻ നിഷേധിക്കുന്നില്ല. പക്ഷെ, ഏകദേശം 100 വർഷങ്ങൾക്ക് ശേഷമുണ്ടായ പ്രളയമാണിത് എന്നൊന്നും പലരും ഓർക്കുന്നില്ല. എല്ലാവർക്കും അവരവരുടെ വിശകലനങ്ങൾ റെഡിയാണ്. ഈ വിശകലനങ്ങൾക്ക് ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന ചോദ്യമൊന്നും ചോദിക്കാൻ പോലും നിലവിലെ വിക്ഷോഭാന്തരീക്ഷത്തിൽ കഴിയുന്നില്ല. അടി കിട്ടും. ഇതിൽ പലതും ഇവരിലോരോരുത്തരും പല വർഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നത് തന്നെ. ഒരാളോട് ചോദിച്ചാൽ പറയും കുടിയേറ്റവും 'അനധികൃത' കയ്യേറ്റങ്ങളുമാണ് കാരണമെന്ന്. മറ്റൊരാളോട് ചോദിച്ചാൽ പറയും അനധികൃത ക്വാറികൾക്ക് അനുമതി കൊടുത്തതാണെന്ന്. ഇനിയും മറ്റൊരാൾ പറയും പുഴകളിലെ അനധികൃത മണൽ വാരലാണെന്ന്. വേറൊരാൾ പറയും അല്ലല്ല, ഇവിടെ വീടുകൾ വെക്കാൻ അനുമതി കൊടുക്കുന്നതിൽ ഒരു നയമില്ലാത്തതാണെന്ന്. വേറെ ചിലർക്ക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് തടയാൻ കഴിയാത്തതാണ് കാരണം. ശനിയാഴ്ചത്തെ മാതൃഭൂമി പത്രത്തിന്റെ വാരാന്തപ്പതിപ്പ് എടുത്തു നോക്കി. അതാ ചിരിച്ചു, സുസ്മേരവദനനായി നിൽക്കുന്നു, ഗാഡ്ഗിൽ. പാതി പേജുണ്ട് ഫോട്ടോ തന്നെ. മുറിവിൽ മുളകുപൊടി തേക്കുന്ന പോലെ തലക്കെട്ടുമുണ്ട്: 'അന്നേ പറഞ്ഞു, പക്ഷെ...'

ഈ അഭിപ്രായ വിസ്ഫോടനത്തിനിടയിൽ നിന്ന് കൊണ്ട് ഒരു സർക്കാരെങ്ങിനെ നയമുണ്ടാക്കും? ഏതു ശരി? ഏതു തെറ്റ്? എല്ലാവരും ശരിയോ? എല്ലാവരും തെറ്റോ? ഒരു പടക്കക്കൂട്ടം കൊണ്ട് വെച്ചതാണോ അതോ അതിന് സമീപം നിന്ന് തീപ്പെട്ടിയുരച്ചതാണോ സ്‌ഫോടനത്തിനു കാരണം എന്ന പഴയ ചോദ്യം നമുക്കോർക്കാം. പടക്കക്കൂട്ടത്തെയും തീപ്പെട്ടിയുരച്ചവനെയും വേർതിരിച്ചറിയുവാനുള്ള വിവേചനശേഷി ഈയവസരത്തിൽ പ്രധാനമാണ്. തൽക്ഷണമായ പ്രേരകശക്തിയെയും (ട്രിഗർ എന്ന് ഇംഗ്ളീഷിൽ പറയും) അടിസ്‌ഥാനപരമായ പ്രശ്നങ്ങളെയും വേർതിരിച്ചറിയുവാനുള്ള വിവേചനശക്തി. ഇങ്ങിനെയൊരു പ്രശ്നഘട്ടത്തിൽ ശാസ്ത്രത്തിനോടും ശാസ്ത്രീയ സമീപനത്തോടും കഴിയുന്നതും ചേർന്ന് നിൽക്കുക എന്നതേ ചെയ്യാനാവൂ.

പ്രളയത്തിന്റെ തീവ്രത കൊണ്ട് തന്നെ, സംസ്‌ഥാനത്തിന്റെ പ്രളയങ്ങളോടും ഉരുൾപൊട്ടലുകളോടുമുള്ള വൾനറബിലിറ്റി പഠിക്കാനുള്ള ഒരു നല്ല അവസരമാണ് ഇന്നുള്ളത്. സാധാരണ വർഷങ്ങളിൽ നമുക്ക് ഊഹിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള അപകടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ന് നമുക്ക് ശേഖരിക്കാം, പഠിക്കാം. ഈ പഠനത്തിനുള്ള ഒരു അസുലഭ അവസരമാണ് നമ്മുടെ മുന്നിലുള്ളത്. ഇത് കളയാൻ പാടില്ല. വെറും പഠനത്തിന് വേണ്ടിയല്ല. ഇത്തരത്തിലുള്ള ഒരു ശാസ്ത്രീയ സമീപനത്തിൽ ഊന്നി നിന്ന് കൊണ്ട് മാത്രമേ നമുക്ക് നയരൂപീകരണത്തിലേക്ക് നടക്കാൻ കഴിയൂ.

ഇത്തരത്തിലുള്ള ഒരു വലിയ പഠനത്തിന്റെ ഏകോപനത്തിലേക്കാണ് ഇന്ന് കേരള സംസ്‌ഥാന ആസൂത്രണ ബോർഡ് നീങ്ങുന്നത്. കേരളത്തിലെ നിരവധി ശാസ്ത്രഗവേഷണ സ്‌ഥാപനങ്ങളെയും പഞ്ചായത്തുകളെയും മറ്റുമൊക്കെ ഉൾക്കൊള്ളിച്ചു കൊണ്ട്. ഏകദേശം ഒരു വർഷമെങ്കിലും എടുക്കും ഈ പഠനം പൂർത്തിയാകാൻ.

വെള്ളപ്പൊക്കത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഓരോ സ്‌ഥലത്തിലെയും ഏറ്റവും കൂടുതൽ വെള്ളം പൊങ്ങിയ ഉയരം, വെള്ളം കെട്ടി നിന്ന സമയം എന്നിവ ശേഖരിക്കേണ്ടതുണ്ട്. ഒപ്പം ഈ സ്‌ഥലങ്ങളിലെ അന്തരീക്ഷവിജ്ഞാനീയജലവിജ്ഞാന കണക്കുകളുമായി ഇവ ഒത്തു നോക്കണം. ഈ പഠനത്തിലൂടെ മാത്രമേ ഓരോ പ്രദേശത്തിലേയും കൃത്യമായ പ്രളയാപത്തിനെ കുറിച്ച് നമുക്കറിയാൻ കഴിയൂ. ഒപ്പം, വന്നിട്ടുള്ള ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, വെള്ളക്കെട്ട് പ്രദേശങ്ങളിലെ ജനഅധിവാസങ്ങളെ പറ്റിയുള്ള വിവരങ്ങൾ എന്നിവയും പഠനത്തിന്റെ ഭാഗമാകും. ഏറ്റവും ആധുനികമായ ശാസ്ത്രീയ മാതൃകകൾ ഇതിനായി ഉപയോഗപ്പെടുത്തും. ഏറ്റവും ഉയർന്ന പ്രവാഹത്തിൽ പോലും വെള്ളമൊഴുകിയാൽ എപ്പോൾ, എവിടെ വെള്ളമെത്തും എന്നതിന്റെ കുറിച്ച് ഇന്ന് നമുക്ക് അറിവ് കുറവാണ്. പ്രളയജലം കടലിലേക്ക് ഒഴുകി പോകുന്നതിനുള്ള തടസ്സങ്ങൾ, കടലിന്റെ മുഖത്തെത്തുമ്പോൾ അഭിമുഖീകരിക്കുന്ന തടസ്സങ്ങൾ, ഇതൊക്കെ മനസ്സിലാക്കാൻ 100 വർഷത്തിന് ശേഷമുണ്ടായ ഈ പ്രളയം ഒരവസരം തുറന്ന് തരികയാണ്. ഉദ്‌ഭവസ്‌ഥാനം മുതൽ റിസെർവോയർ വഴി കടൽ വരെ നീളുന്ന പഠനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കേരളത്തിലുടനീളം.

ഉരുൾപൊട്ടലുകളെ പറ്റി പഠിക്കാൻ ശാസ്ത്രീയപരിശീലനമുള്ള വ്യക്തികളെയാണ് ഉപയോഗപ്പെടുത്തുക. വിവിധ സർക്കാർ ഡിപ്പാർട്മെന്റുകളെയും ഇതിനായി ക്ഷണിക്കും. ഈ പഠനത്തിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ ബിൽഡിംഗ് സോണുകളെയും മറ്റു നിയമങ്ങളെയും പറ്റി പറഞ്ഞു തുടങ്ങാനാകൂ.

തീപ്പെട്ടിയുരച്ചവനെ വില്ലനാക്കുന്ന പരിപാടിയാവില്ല ഇത്. നമ്മുടെ മണ്ണ്ജല വിഭവങ്ങളെ പറ്റിയുള്ള ഇന്ന് വരെ നടന്നിട്ടില്ലാത്ത വിസ്താരത്തിലുള്ള ഒരു പഠനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകും. ഇത്തരത്തിലുള്ള പഠനങ്ങളുടെ അടിസ്‌ഥാനത്തിൽ മാത്രമേ നയങ്ങൾ ഉണ്ടാകാൻ പാടുള്ളൂ. ഒരു ജനാധിപത്യ സർക്കാരിന് അതേ ആവൂ.
 

പ്രധാന വാർത്തകൾ
 Top