31 October Saturday

'അത്രമാത്രം കാവിരാഷ്ട്രീയവുമായി കുഞ്ഞാപ്പ ഗാഢബാന്ധവത്തിലേര്‍പ്പെട്ടിരിക്കുന്നു; ഇത് തീക്കളിയാണ്'

കാസിം ഇരിക്കൂര്‍Updated: Sunday Sep 20, 2020

'സമുദായത്തിലെ കോടാലിപ്പിടികള്‍ കേരളത്തിലെ മുസ്ലിങ്ങളെ ബി.ജെ.പിയിലേക്ക് മാര്‍ഗ്ഗം കൂട്ടാന്‍ വേണ്ടി ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് സി.പിഐഎമ്മാണ് നമ്മുടെ യഥാര്‍ഥ ശത്രുവെന്നും ബി.ജെ.പി മിത്രങ്ങളാണെന്നുമുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പുതിയ ക്ലാസ്. ഓണ്‍ലൈനിലൂടെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ലീഗ് ലീഡര്‍ നടത്തിയ ഈ കാലഘട്ടത്തിലെ ഏറ്റവും അപകടകരവും വിചിത്രവുമായ ക്ലാസ് ഇതുവരെ നിഷേധിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടില്ല.. അത്രമാത്രം കാവിരാഷ്ട്രീയവുമായി കുഞ്ഞാപ്പ ഗാഢബാന്ധവത്തിലേര്‍പ്പെട്ടിരിക്കുന്നു'; കാസിം ഇരിക്കൂര്‍ എഴുതുന്നു

 ഫേസ്‌ബുക്ക് പോസ്റ്റ്‌


ആര്‍.എസ്.എസിന്കുഞ്ഞാലിക്കുട്ടി മുസല്ല വിരിക്കുമ്പോള്‍

ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കരുത് മക്കളേ എന്ന സി.എച്ച് മുഹമ്മദ് കോയസാഹിബ് 1977 മേയ് ഒന്നിന് കോഴിക്കോട്ട് യങ്സ്പീക്കേഴ്സ് ഫോറത്തിന്റെ ക്യാമ്പില്‍ യുവാക്കള്‍ക്ക് നല്‍കിയ താക്കീത് മുസ്ലിം ലീഗുകാര്‍ ഇടക്കിടെ അയവിറക്കാറുണ്ട്. അധികാരത്തിന്റെ ഓരത്തൂകൂടി പോകാന്‍ പോലും ആര്‍.എസ്.എസിന് ത്രാണിയില്ലാത്ത ഒരു കാലഘട്ടത്തിലാണ് സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് ക്രാന്തദര്‍ശിയായ സി.എച്ച് അനുയായികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

കാലത്തിന്റെ അപ്രതിഹത പ്രവാഹത്തിനിടയില്‍ ആര്‍.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി മാറി. ജര്‍മനിയില്‍ നാസിസവും ഇറ്റലിയില്‍ ഫാഷിസവും 1930-1945 കാലഘട്ടത്തില്‍ കാഴ്ചവെച്ച ഭൂരിപക്ഷാധിപത്യത്തിന്റെയും ഹിംസയുടെയും ഭീതിജനകമായ ഒരിന്ത്യന്‍ വകഭേദം 2014 തൊട്ട് നരേന്ദ്രമോഡിയുടെ കാര്‍മികത്വത്തില്‍ ഇവിടെ നടപ്പാക്കുമ്പോള്‍ ലോകം അതീവ ഉത്ക്കണ്ഠയോടെയാണ് ഇന്ത്യന്‍ രാഷ്ട്രീയ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്.

ഹിറ്റ്‌ലറും മുസ്സോളനിയും നരേന്ദ്രമോഡിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് വിവരമുള്ളവര്‍ നമ്മോട് വിളിച്ചുപറയുന്നു. നാസിസവും ഫാഷിസവും ഹിന്ദുത്വ കാപാലികതയുടെ മുന്നില്‍ ഒന്നുമല്ലെത്ര. ഹിന്ദുത്വ ആശയങ്ങളോടും ഭരണകൂടത്തോടും അടുത്തിടപഴകുന്നത് പോലും വലിയ പാതകമായാണ് ഭൂരിപക്ഷസമൂഹത്തിലെ സുമനസ്സുകള്‍ കരുതുന്നത്. ന്യൂനപക്ഷമാവട്ടെ, ഒരിക്കലും അടുക്കാനോ ഐക്യപ്പെടാനോ സാധ്യമല്ലാത്ത അത്യന്തം അപകടകാരികളാണ് കാവിധ്വജവാഹകരെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉറച്ചുവിശ്വസിക്കുന്നു.

അതുകൊണ്ട് ഇന്ത്യയിലുടനീളം ഹിന്ദുത്വയുടെ ഇരകളും പ്രതിയോഗികളുമായ മുസ്ലീങ്ങള്‍ കാവിരാഷ്ട്രീയത്തെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി വിളിച്ചുകൂട്ടുന്ന സൗഹൃദയോഗങ്ങളില്‍ പങ്കെടുക്കുന്നത് പോലും വലിയ പാതകമായാണ് മുസ്ലീങ്ങള്‍ കരുതുന്നത്. 'അധികാരം ഇരന്നുവാങ്ങുന്ന സൂഫി ഭിക്ഷുക്കളെ' കുറിച്ച് ജമാഅത്തെ ഇസ്ലാമി ജിഹ്വ (പ്രബോധനം 2016 ഏപ്രില്‍ 1 ) ഒരു പാട് കണ്ണീര്‍ വാര്‍ത്തു. എ.പി അബ്ദുല്ലക്കുട്ടി എന്ന രാഷ്ട്രീയ ഭിക്ഷാംദേഹി ബി.ജെ.പിയിലേക്ക് ചേക്കേറിയപ്പോള്‍ കേരളീയര്‍ക്ക് അതുള്‍ക്കൊള്ളാന്‍ സാധിച്ചില്ല. മനസ് കൊണ്ട് വെറുത്തു; ശാപവചസ്സുകള്‍ ചൊരിഞ്ഞു. ആര്‍.എസ്.എസ് രാഷ്ട്രീയത്തോടുള്ള കേരളീയ മനസ്സിന്റെ അകല്‍ച്ചയും ഐത്തവും ഇന്നും നിലനില്‍ക്കുന്നത് കൊണ്ടാണ് രാജ്യത്തുടനീളം ബി.ജെ.പി പടര്‍ന്നുപന്തലിച്ചിട്ടും ഇവിടെ ബോന്‍സായി ചെടി പോലെ ആ പാര്‍ട്ടി വളര്‍ച്ചമുട്ടി നില്‍ക്കുന്നത്..

എന്തുകൊണ്ട് കേരളം താമര വിരിയിക്കാന്‍ മാത്രം ചെളിക്കുണ്ടാവുന്നില്ല എന്ന ചോദ്യമുയര്‍ത്തിയ ജെഫ്രലെറ്റിനെ ( Christophe Jaffrelot ) പോലുള്ളവര്‍ നല്‍കുന്ന ഉത്തരങ്ങളിലൊന്ന് ന്യൂനപക്ഷങ്ങള്‍ - മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആ പാര്‍ട്ടിയോട് കാണിക്കുന്ന വിപ്രതിപത്തി കേരളീയ സാമൂഹിക ചിന്താമണ്ഡത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ്. ബി.ജെ.പിയെ സ്വീകരിക്കുക എന്നാല്‍ മുഖ്യധാരയില്‍നിന്ന് വ്യതിചലിക്കുന്നതിന് സമാനമാണ്. ചരിത്രകാരനായ കെ.എന്‍ പണിക്കര്‍ സൂചിപ്പിച്ചത് പോലെ, നവോത്ഥാന, പുരോഗമന ആശയങ്ങള്‍ ഉഴുതിമറിച്ച മണ്ണില്‍ കാവിരാഷ്ട്രീയത്തിന്റെ സങ്കുചിത കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍ ഹൈന്ദവസമൂഹം മുന്നോട്ടുവരുന്നതില്‍ വിമുഖത കാണിക്കുന്നത് ഒരു വലിയ പൈതൃകം കളഞ്ഞുകുളിക്കാന്‍ ഞങ്ങളില്ല എന്ന ഉറച്ചബോധ്യത്തോടെയാണ്.

ആ ബോധ്യമാണ് എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും ഒരേ ചരടില്‍ കോര്‍ത്തു വിശാല ഹിന്ദുഐക്യം എന്ന സംഘപരിവാള്‍ അജണ്ട സാക്ഷാത്കരിക്കുന്നതില്‍ തടസ്സം നില്‍ക്കുന്നത്. എത്ര കാലമായി ആര്‍.എസ്.എസ് കേരളത്തിന് ഒരു ഹിന്ദുത്വ അജണ്ട തയാറാക്കിക്കൊണ്ടിരിക്കുന്നത്. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് കേരളത്തിന്റെ കാര്യം നോക്കാന്‍ ഒരു വിങ് തന്നെ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കയാണെത്ര. എന്നിട്ടെന്തു ഫലം കെ.ജി മാരാര്‍ക്കുശേഷം, ഒ. രാജഗോപാല്‍ അല്ലാതെ മറ്റൊരു നല്ല നേതാവിനെ  പാര്‍ട്ടിക്ക് മുന്നില്‍ നിറുത്താന്‍ കഴിഞ്ഞോ. നിലവിലെ നേതാക്കളുടെ നേതൃഗുണവും കാര്യശേഷിയും ദിവസേന നമ്മള്‍ കാണുന്നില്ലേ. കെ. സുരേന്ദ്രന്റെ ദിനേനയുള്ള ജല്‍പനങ്ങള്‍ പണ്ടെപ്പോഴോ സി.പിഐ എമ്മില്‍നിന്ന് പുറത്താക്കിയ, അടുത്തൂണ്‍ പറ്റിയ ഏതാനും പത്രക്കാര്‍ എഴുതിക്കൊടുക്കുന്ന വിവരക്കേടുകളല്ലേ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സന്ദീവ് വാര്യരുടെയും ബി. ബിഗോപാലകൃഷ്ണെന്റയും നിലവാരവും ജനം ദിനേന അളക്കുന്നുണ്ടല്ലോ!

ഡല്‍ഹിയില്‍ ചെന്ന് മന്ത്രിക്കുപ്പായമിട്ട വി.മുരളീധരെന്റ രാഷ്ട്രീയ നിലപാടിന് കാല്‍കാശിന്റെ വില ആരെങ്കിലും കല്‍പിക്കുന്നുണ്ടോ. കേരളത്തിലെ ബി.ജെ.പി ഒരു മീഡിയേ പ്രോഡക്ടറ്റ് മാത്രമാണ്. മീഡിയ വിചാരിച്ചാല്‍ എഴുതിത്തള്ളാവുന്ന ഒരു ശക്തി!ഈ അവസ്ഥക്കു മാറ്റമുണ്ടാക്കാനും കാവി രാഷ്ട്രീയത്തെ വളര്‍ത്തി അധികാരത്തിലേക്ക് ആനയിക്കാനും ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് സാധിക്കുമെങ്കില്‍ അത് മുസ്ലീങ്ങള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ ആയിരിക്കും.

26 ശതമാനം വരുന്ന മുസ്ലീങ്ങളെ കൊണ്ട് ആര്‍.എസ്.എസ് അല്ല നമ്മുടെ ശത്രു എന്ന് വിശ്വസിപ്പിക്കാനും പറയിപ്പിക്കാനും ആര്‍ക്കെങ്കിലും സാധിച്ചാല്‍ ബി.ജെ.പി ജയിച്ചു. കൊടുങ്കാട് വെട്ടിത്തെളിയിക്കാന്‍ വരുന്ന സംഘത്തെ കണ്ട് മുത്തശ്ശിമരം ചോദിച്ചത്രെ അവരുടെ കൂട്ടത്തില്‍ നമ്മുടെ ആളുകള്‍ ആരെങ്കിലുമുണ്ടോ എന്ന്. കോടാലിപ്പിടിയും മഴുവിന്റെ കൈപിടിയും മരം കൊണ്ട് ഉണ്ടാക്കിയതാണെന്ന മറുപടി കേട്ടപ്പോള്‍ ആ മുത്തശ്ശി നെറുവീര്‍പ്പോടെ പറഞ്ഞെത്ര; എന്നാല്‍ നമ്മുടെ കഥ കഴിഞ്ഞു! സമുദായത്തിലെ കോടാലിപ്പിടികള്‍ കേരളത്തിലെ മുസ്ലിങ്ങളെ ബി.ജെ.പിയിലേക്ക് മാര്‍ഗ്ഗം കൂട്ടാന്‍ വേണ്ടി ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് സി.പിഐഎമ്മാണ് നമ്മുടെ യഥാര്‍ഥ ശത്രുവെന്നും ബി.ജെ.പി മിത്രങ്ങളാണെന്നുമുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പുതിയ ക്ലാസ്. ഓണ്‍ലൈനിലൂടെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ലീഗ് ലീഡര്‍ നടത്തിയ ഈ കാലഘട്ടത്തിലെ ഏറ്റവും അപകടകരവും വിചിത്രവുമായ ക്ലാസ് ഇതുവരെ നിഷേധിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടില്ല.. അത്രമാത്രം കാവിരാഷ്ട്രീയവുമായി കുഞ്ഞാപ്പ ഗാഢബാന്ധവത്തിലേര്‍പ്പെട്ടിരിക്കുന്നു.

 മുസ്ലീം ലീഗിനെ കുഞ്ഞാലിക്കുട്ടി ആര്‍.എസ്.എസിന് വിറ്റു എന്ന് പറയുന്നതാവും ശരി. അതിന്റെ ദുരന്തഫലങ്ങളാണ് കേരളമിന്ന് അനുഭവിക്കുന്നത്. കോലീബി സഖ്യം എന്നാല്‍ ഇന്നലെവരെ തെരഞ്ഞെടുപ്പുകള്‍ വരുന്ന സമയത്ത് നടത്തുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍ക്കാലിക ഇടപാടുകളുടെ ഓമനപ്പേരായിരുന്നു. ഇന്നത് പരിണാമദശകള്‍ പലതും പിന്നിട്ടിരിക്കുന്നുവെന്നതിന്റെ വാര്‍ത്തയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.യു.ഡി.എഫിലെ ഒരു ഘടകകക്ഷിയാക്കി ബി.ജെ.പിയെ പരിഗണിക്കുന്ന തരത്തിലേക്ക് കുഞ്ഞാലിക്കുട്ടി മാനസികമായി അവരുമായി അടുത്തുകഴിഞ്ഞു. അതില്‍നിന്ന് ഇനി പിന്തിരിയാന്‍ ശ്രമിച്ചാല്‍ കുടുങ്ങുന്നത് കുഞ്ഞാലിക്കുട്ടിയായിരിക്കും.

പിണറായി സര്‍ക്കാരിന്റെ മികച്ച പ്രതിച്ഛായ സൃഷ്ടിച്ച അങ്കലാപ്പും യു.ഡി.എഫിന്റെ ശൈഥില്യവും ഒത്തുവന്നപ്പോള്‍ നിര്‍ഗളിച്ച അധികാരദുര മൂത്ത നട്ടുച്ചപ്പിരാന്ത് , രാഷ്ട്രീയത്തിന്റെ നടപ്പുശീലങ്ങളെ മുഴുവനും തട്ടിമാറ്റി, ' മണിച്ചിത്രത്താഴി'ല്‍ മോഹന്‍ ലാല്‍ പറയും പോലെ, എല്ലാ 'കണ്‍വെന്‍ഷനല്‍ മെത്തേഡുകളും തട്ടിമാറ്റി'' വലിയൊരു പരീക്ഷണത്തിന് കുഞ്ഞാലിക്കുട്ടിയെ പ്രരിപ്പിക്കുന്നത്. 2017ല്‍ ഇ. അഹമ്മദിന്റെ വിയോഗശേഷം മോഡിയെയും ഹിന്ദുത്വയെയും നേരിടാന്‍ പടച്ചട്ടയണിഞ്ഞ് ഡല്‍ഹിയിലേക്ക് വിമാനം കയറിയ കുഞ്ഞാപ്പയെ ആര്‍.എസ്. എസ് ആസ്ഥാനമായ നാഗ്പൂരിലേക്ക് കൊണ്ടുപോയി മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തിയോ എന്നാണ് സംശയിക്കേണ്ടത്.

ആളാകെ മാറിയിരിക്കുന്നു! കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരുമായി ഏതെക്കെയോ രഹസ്യതാവളങ്ങളില്‍ ഇക്കഴിഞ്ഞ മൂന്നുകൊല്ലം സംഗമിച്ചിട്ടുണ്ടെന്നാണ് അനുമാനിക്കേണ്ടത്. കെ. സുരേന്ദ്രനോ വി.മുരളീധരനോ പറയുന്നതെന്തും, ലഫ്ള്' തെറ്റാതെ കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ച് അപഹാസ്യനാവുന്നത് ശ്രദ്ധിച്ചുവോ. മുസ്ലിം യൂത്ത്‌ലീഗുകാരും യൂത്ത് കോണ്‍ഗ്രസുകാരും യുവമോര്‍ച്ചക്കാരും ഒരുമിച്ച് പിണറായി സര്‍ക്കാരിനെതിരെ അല്ലെങ്കില്‍ മന്ത്രി കെ. ടി ജലീലിന് എതിരെ മുദ്രാവാക്യം വിളിക്കുമ്പോള്‍ അതില്‍ ഒരു അപാകതയും കാണാന്‍ കഴിയാത്ത വിധം ലീഗ് നേതാക്കളുടെ പച്ച മനസ്സ് കാവിഛായ പുരണ്ടിരിക്കയാണ്.


രാഷ്ട്രീയമായ ഈ അവിശുദ്ധ കൂട്ടുകെട്ടാണ് യു.എ.ഇ കോണ്‍സുലേറ്റ് വക 1000റമദാന്‍ ഭക്ഷണക്കിറ്റുകളും 1000മുസ്ഹഫും ഇവിടെ വിതരണം ചെയ്തത് കടുത്ത അപരാധമാണെന്ന് വിളിച്ചുപറയാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രരിപ്പിക്കുന്നത്. 2005ല്‍ തന്നെ കുറ്റിപ്പുറത്ത് മലര്‍ത്തിയടിച്ച് തരിപ്പണമാക്കിയ കെ.ടി ജലീലിനോട് പകയും കെറുവും സ്വാഭാവികമായും കാണും. എന്നാല്‍, താന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹത്തെ മുഴുവന്‍ നിദാന്ത ശത്രുക്കളുടെ മുന്നിലേക്ക് ഇട്ടുകൊടുക്കാന്‍ മാത്രം എന്തിനു അവിവേകം കാണിക്കണം.

യു.എ.ഇ കോണ്‍സുലേറ്റ് വഖഫ് മന്ത്രി കെ.ടി ജലീല്‍ വഴി റമദാന്‍ കിറ്റ് വിതരണം ചെയ്തതിലോ ഖുര്‍ആന്‍ കോപ്പികള്‍ അര്‍ഹതപ്പെട്ടവരിലേക്കെത്തിക്കാന്‍ ഏല്‍പിച്ചതിലോ ഒരു തെറ്റുമില്ലെന്ന് ഏറെക്കാലം മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് നല്ല ബോധ്യമുണ്ടാവുമെന്നാണ് സാമാന്യബുദ്ധി പറയുന്നത്. രാഷ്ട്രീയലാക്കോടെ ചില ആരോപണങ്ങള്‍ ആരും ഉന്നയിക്കുക സ്വാഭാവികം. എന്നാല്‍, ഇപ്പോള്‍ ചെയ്തത് എന്താണ്, ആര്‍.എസ്.എസിന്റെ കൈയിലേക്കല്ലേ കേരളീയ മുസ്ലിം സമൂഹത്തെ മുഴുവന്‍ വലിച്ചെറിഞ്ഞുകൊടുത്തിരിക്കുന്നത്. അതും വിശുദ്ധ ഖുര്‍ആെന്റ പേരില്‍.

 ഖുര്‍ആനോടുള്ള ആര്‍.എസ്.എസിന്റെ സമീപനം എന്താണെന്ന് അറിയാത്തയാളാനോ കുഞ്ഞാലിക്കുട്ടി 2002 ഒക്ടോബര്‍ 13ന് നാഗപൂരില്‍ ചേര്‍ന്ന ആര്‍.എസ്.എസ് വിജയദശമി ഉല്‍സവത്തില്‍ അന്നത്തെ സര്‍സംഘ് ചാലക് കെ.എസ്.സുദര്‍ശന്‍ പറഞ്ഞത് ഓര്‍മയുണ്ടോ. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും കാലാനുസൃതമാക്കണമെന്നാണ്. ഖുര്‍ആന്‍ കാലഹരണപ്പെട്ടതും അറബ് ഗോത്രസംസ്‌കാരത്തിന്റെ അന്ധവിശ്വാസങ്ങളാല്‍ ജഡിലവുമായ ഒരു ഗ്രന്ഥമാണെന്നാണ് ആര്‍.എസ്.എസിന്റെ സ്ഥിരം പല്ലവി. അറബ് രാജ്യങ്ങളുമായി നയതന്ത്രബന്ധമാവാം; അവിടെച്ചെന്ന് ഇന്ത്യക്കാര്‍ക്ക് ജോലി ചെയ്തു സമ്പാദിക്കാം ; പക്ഷേ അവരുടെ സാംസ്‌കാരിക ചിഹ്നങ്ങള്‍ ഇങ്ങോട്ടേക്ക് കയറ്റുമതി ചെയ്യേണ്ടാ എന്ന കുടില ചിന്ത വെച്ചുപുലര്‍ത്തുന്ന ആര്‍.എസ്.എസുകാരുമായി ചേര്‍ന്ന് ജലീലിനെതിരെ, ഖുര്‍ആന്റെ പേരില്‍ പ്രക്ഷോഭം നടത്തുമ്പോള്‍ യഥാര്‍ഥത്തില്‍ ആരെയാണ് കുഞ്ഞാപ്പ തൃപ്തിപ്പെടുത്തുന്നത്.

എന്തൊക്കെ കഥകളാണ് ബി.ജെ.പിയുമായി ചേര്‍ന്ന് കെട്ടിച്ചമച്ചത്. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ അല്ലേ ഈ വിഷയത്തില്‍ പ്രധാനമന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടത്. ആദ്യം പറഞ്ഞു ഇതില്‍ േപ്രാട്ടോകോള്‍ ലംഘനമുണ്ടെന്ന്. അവിശ്വാസപ്രമേയ ചര്‍ച്ചക്ക് വന്നപ്പോഴേക്കും വി.ഡി. സതീശനാണ് പറഞ്ഞത് ഖുര്‍ആന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയെന്ന്. കെ.എം ഷാജി ഒരു പടി മുന്നോട്ട് കടന്ന് ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് തട്ടിവിട്ടു. അതോടെ സ്വര്‍ണക്കടത്തല്ല, 1000ഖുര്‍ആന്‍ വിതരണം ചെയ്തതാണ് നമ്മുടെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് കോണ്‍ഗ്രസുകാരും ലീഗുകാരും ബി.ജെ.പിക്കാരും ഒരേ സ്വരത്തില്‍ കോറസ് പാടി.

ക്വട്ടേഷന്‍ സംഘത്തെയും പാര്‍ട്ടി ഗുണ്ടകളെയും റോഡിലിറക്കി തെരുവ് യുദ്ധക്കളമാക്കിയപ്പോള്‍, സ്വപ്നസുരേഷിന്റെയും കുഞ്ഞാലിക്കുട്ടിയുടെ മരുമകന്‍ റമീസ് അഹമ്മദിന്റെയും പേരുകള്‍ വിസ്മതൃതിലാണ്ടു. റമീസിനു വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ വേഷംകെട്ടിയാടുന്നതെന്ന രഹസ്യം അറിഞ്ഞിട്ടും മാധ്യമങ്ങള്‍ ഒരക്ഷരം മിണ്ടുന്നില്ല.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരാവട്ടെ യു.ഡി.എഫ് ഒരുക്കിക്കൊടുത്ത രാഷ്ട്രീയ പടനിലം നന്നായി ഉപയോഗിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്‍.ഐ.എ ഒരു സാക്ഷിയെ വിസ്തരിച്ചത് എട്ടുമണിക്കൂര്‍! എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വേറെ, കസ്റ്റംസ് വേറെ! ഇനി സി.ബി.ഐയും വരുന്നുണ്ടെത്ര!

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇനിയും എന്തെല്ലാം കളിക്കാനിരിക്കുന്നു. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടത് ജലീലിന്റെ രക്തമാണ്! പിണറായിയുടെ കൈയിലുള്ള അധികാരമാണ്! സ്വന്തം മരുമകന്റെയും ഒരു ഡസനോളം വരുന്ന മുസ്ലീം ലീഗുകാരായ കള്ളക്കടത്തു പ്രതികളുടെയും മോചനവുമാണ്. അതിനു വേണ്ടിയാണ് ആര്‍.എസ്.എസുമായി ചങ്ങാത്തം കൂടി ഖുര്‍ആന്റെ പേരില്‍ തെരുവ് സംഘര്‍ഷഭരിതമാക്കുന്നത്.

കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ബെഹ്നാനുമൊക്കെ കളിക്കുന്നത് തീക്കളിയാണ്. രാഷ്ട്രീയവിവാദത്തിലേക്ക് ഖുര്‍ആനെ വലിച്ചിഴച്ചു കൊണ്ടുവന്ന് വര്‍ഗീയധ്രുവീകരണത്തിന് കോപ്പ് കുട്ടുന്ന യു.ഡി.എഫ് നേതാക്കള്‍ ഒടുവില്‍ ഖേദിക്കേണ്ടിവരും. പ്രകാശ് കാരാട്ട് മുമ്പ് സൂചിപ്പിച്ചത് പോലെ മുസ്ലീമാകുന്നത് കുറ്റകരമാകുന്ന ഇന്ത്യനവസ്ഥയില്‍ ഖുര്‍ആന്റെയും സക്കാത്തിന്റെയും പേരിലുള്ള ഏത് വിവാദവും വളമാകുന്നത് ആര്‍.എസ്.എസിനായിരിക്കും. അവര്‍ അത് മുതലെടുക്കുമ്പോള്‍ 'ഇസ്ലാമോഫോബിയ' എല്ലാ പരിധികളും ലംഘിച്ച് അന്തരീക്ഷം വര്‍ഗീയമയമാവും.

സി.പിഐ എമ്മിനെയും ജലീലിനെയും അടിക്കാനുള്ള വടി തേടുന്ന മുസ്ലീം ലീഗുകാര്‍ യഥാര്‍ഥത്തില്‍ സമുദായത്തെ ഒറ്റുകൊടുക്കകുയാണ് ശത്രുക്കള്‍ക്ക്. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ചെയ്യുന്നത് ആര്‍.എസ്.എസിന് മുസല്ല വിരിച്ചുകൊടുക്കലാണ്. ഖുര്‍ആന്‍ പോലും അവമതിക്കപ്പെടുന്ന സംഭവങ്ങളുണ്ടായി. അതാണ് സമസ്ത നേതാക്കളായ ജിഫ്രി മുത്തുകോയ തങ്ങളും പ്രഫ. ആലിക്കുട്ടി മുസ്ല്യാരും ഓര്‍മപ്പെടുത്തിയത്. മത സ്ഥാപനങ്ങളെയും മത ചിഹ്നങ്ങളെയും അവമതിക്കരുതെന്ന്. സ്വര്‍ണക്കടത്തുമായി ഖുര്‍ആനെ ബന്ധിപ്പിക്കരുതെന്നും. നരിപ്പുരത്തുള്ള കുഞ്ഞാപ്പയുടെ ഈ സഞ്ചാരം അവസാനിക്കുന്നത് മനുഷ്യരക്തം പുരണ്ട നരിയുടെ മുഖത്ത് ചിരി പടര്‍ത്തിക്കൊണ്ടായിരിക്കും തീര്‍ച്ച!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top