31 May Sunday

ബന്ധുനിയമനം വസ്തുതാ വിരുദ്ധമെന്ന് ഗവര്‍ണര്‍; കെ ടി ജലീലിനെതിരായ ഫിറോസിന്റെ പരാതി തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

ന്യൂഡല്‍ഹി> മന്ത്രി കെ ടി ജലീലിനെതിരെ  അന്വേഷണം ആവശ്യപ്പെട്ട് പി കെ ഫിറോസ് നല്‍കിയ പരാതി ശക്തമായ നിരീക്ഷണങ്ങളോടെ ഗവര്‍ണര്‍ തള്ളി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി  കെ ഫിറോസ് ഹൈക്കോടതിയില്‍ നല്‍കിയ കേസ് വിധി പറയാനിരിക്കെ സ്വയം പിന്‍വലിച്ചിരുന്നു.

കേസ് കൊടുക്കലും പിന്‍വലിക്കലും തമാശക്കളിയല്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി പ്രസ്തുത കേസ് തള്ളിയത്. മന്ത്രിക്കെതിരെ അന്വേഷണത്തിന് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനാണ് കേസ് പിന്‍വലിക്കുന്നത് എന്ന് ഫിറോസ് പറഞ്ഞിരുന്നു.

 ഇതേതുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് മന്ത്രി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി അപേക്ഷ നല്‍കിയത്. പ്രസ്തുത പരാതിയാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം വിധിന്യായം തന്നെ പുറപ്പെടുവിച്ച് തള്ളിയത്. ഗവര്‍ണര്‍ക്കുവേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ വിശദമായ മറുപടിയുടെ മലയാള വിവര്‍ത്തനം താഴെ ചേര്‍ക്കുന്നു.1) ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ ടി ജലീല്‍ തന്റെ ബന്ധുവിനെ കേരള സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചനയും കുറ്റകരമായ പെരുമാറ്റ ദൂഷ്യവും നടത്തിയിട്ടുണ്ടെന്ന് സൂചിപ്പിച്ചും  അഴിമതി നിരോധന നിയമം 1988 ലെ 17 എ വകുപ്പനുസരിച്ച് അദ്ദേഹത്തിനെതിരെ  അന്വേഷണം നടത്താന്‍ അനുമതി തേടിയും താങ്കള്‍ സമര്‍പ്പിച്ച പരാതി സംബന്ധിച്ചാണ് ഈ അറിയിപ്പ്

2) അഴിമതി നിരോധന നിയമം 1988ലെ വകുപ്പുകളുടെയും സമാന സ്വഭാവമുള്ള  പരാതികളില്‍ ബഹു: ഹൈക്കോടതി പുറപ്പെടുവിച്ച വിധികളുടെയും വെളിച്ചത്തില്‍ താങ്കളുടെ പരാതി പരിശോധിച്ചു.

ആദ്യമേ തന്നെ പറയട്ടെ,  സംസ്ഥാന പൊതുമേഖലാ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷന്‍  വ്യവസ്ഥയില്‍ മന്ത്രിയുടെ  ബന്ധുവെന്നാരോപിക്കപ്പെടുന്ന ആളിനെ നിയമിച്ചത് കുറ്റകരമായ പെരുമാറ്റ ദൂഷ്യവും ക്രിമിനല്‍ ഗൂഢാലോചനയും ആണെന്ന് വരുത്തി തീര്‍ക്കാനായി പ്രസ്തുത നിയമനം അപേക്ഷ ക്ഷണിക്കാതെയും മന്ത്രിസഭാ തീരുമാനമില്ലാതെയും 1958 ലെ കേരളാ സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സ് ലംഘിച്ചുകൊണ്ടുമാണെന്ന ആരോപണം ഉന്നയിക്കുന്നതല്ലാതെ മേല്‍ പരാമര്‍ശിച്ച  ആക്ടിലെ ഏതെങ്കിലും വകുപ്പ്, മന്ത്രി  ലംഘിച്ചതായോ മന്ത്രിയുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയോ നിയമവിരുദ്ധമായ പ്രവര്‍ത്തിയോ ഉണ്ടായതായോ  തെളിയിക്കുന്ന വസ്തുതാപരമായ വിശദാംശങ്ങള്‍ താങ്കളുടെ പരാതിയില്‍ അടങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു.

പരാതിക്കാസ്പദമായ നിയമനം മേല്‍പറഞ്ഞ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആരോപണത്തിന് യാതൊരു വസ്തുതയുടെയും പിന്‍ബലമുണ്ടെന്ന് കാണുന്നില്ല.

3) രമേശ് ചെന്നിത്തല vs കേരള സര്‍ക്കാര്‍ (2018 KERALA 14261) കേസിലെ ബഹു: ഹൈക്കോടതിയുടെ നിരീക്ഷണം ഈ പരാതിയിലും പ്രസക്തമാണ്. അവയില്‍ ചിലത് ഇതോടൊപ്പം ചേര്‍ക്കുന്നുണ്ട്.

4) (പ്രസ്തുത കേസിന്റെ വിധിയില്‍ നിന്നുള്ള ഉദ്ധരണികള്‍ അക്കമിട്ട് ചേര്‍ത്തിരിക്കുന്നു. ഇതോടൊപ്പമുള്ള കത്തിന്റെ ഇംഗ്ലീഷ് കോപ്പി നോക്കുക)

5) താങ്കളുടെ പരാതി പ്രകാരം, ആരോപിതനായ മന്ത്രിക്കുമേല്‍ കുറ്റം രജിസ്റ്റര്‍ ചെയ്യാനും നിയമാനുസൃതം അന്വേഷണം നടത്താനും വിജിലന്‍സ് വകുപ്പിനോ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ക്കോ ബന്ധപ്പെട്ട മറ്റ് ഓഫീസര്‍മാര്‍ക്കോ നിര്‍ദേശം നല്‍കണമെന്ന്  ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെയും വിജിലന്‍സ് വകുപ്പ് ഡയറക്ടറെയും കൂടി കക്ഷികളാക്കി താങ്കള്‍ 03.11.2018 ന് 10262/2019 നമ്പറായി ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതായി കാണുന്നു.

ഈ റിട്ട് ഹര്‍ജിയിന്‍മേല്‍ 24.05.2019 ലെ കോടതി നിര്‍ദ്ദേശപ്രകാരം 17.06.2019 ന് പരാതിക്കാസ്പദമായ നിയമനവുമായി ബന്ധപ്പെട്ട സര്‍വ ഉത്തരവുകളും രേഖകളും സഹിതം സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് അറ്റോര്‍ണി മുഖേന ബഹു: ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.  താങ്കള്‍ പരാതിയില്‍ പരാമര്‍ശിക്കുന്നതു പോലെയുള്ള യാതൊരു നിയമലംഘനവും ഈ നിയമനക്കാര്യത്തില്‍ നടന്നിട്ടില്ലെന്നും അതിനാല്‍ താങ്കളുടെ പരാതി മേല്‍പറഞ്ഞ നിയമത്തിന്റെ പരിധിയില്‍ ഒരു തരത്തിലും വരുന്നതല്ലെന്നും കോടതിയെ അത് മുഖേന ബോധിപ്പിച്ചിട്ടുമുണ്ട്.

6) ഈ അവസരത്തില്‍ ഒരു കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടട്ടെ. താങ്കള്‍ 09.06.19 ന് ബഹു: ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച പരാതിയില്‍ നേരത്തെ ഹൈക്കോടതിയില്‍ താങ്കള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയെക്കുറിച്ച് യാതൊരു സൂചനയും നല്‍കിയിരുന്നില്ല.

18.06.19 ലെ കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ് വകുപ്പും ഡയറക്ടറും(V & ACB) 29.06.19 ന് ഗവണ്‍മെന്റിന്റെ സ്‌പെഷ്യല്‍ പ്ലീഡര്‍ മുഖേന  കോടതില്‍ അവരുടെ സത്യപ്രസ്താവന സമര്‍പ്പിക്കുകയുണ്ടായി. 03.11.2018 ന് താങ്കള്‍ ഒപ്പിട്ട പരാതി വിജിലന്‍സ് വകപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന താങ്കളുടെ അവകാശവാദം തീര്‍ത്തും വാസ്തവവിരുദ്ധമാണെന്ന് ഈ സത്യവാങ്മൂലത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഹോം ആന്റ് വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി മന്ത്രി കെ.ടി.ജലീലിനെതിരെയുള്ള താങ്കളുടെ പരാതിയില്‍ നിയമപരമായി ഒരു നടപടിയും സ്വീകരിക്കാനാവില്ലെന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറെ അറിയിക്കുകയും ചെയ്തിരുന്നു.

11.07.19 ന് താങ്കളുടെ റിട്ട് ഹര്‍ജി അന്തിമവാദത്തിനായി ബഹു: ഹൈക്കോടതിയുടെ മുമ്പാകെ വന്നപ്പോള്‍ റിട്ട് ഹര്‍ജി പിന്‍വലിക്കുവാന്‍ അനുമതി തേടി താങ്കള്‍ താങ്കളുടെ അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയില്‍ മെമ്മോ സമര്‍പ്പിച്ചു. ഇത്തരത്തിലുള്ള പരാതി തോന്നിയപടി സമര്‍പ്പിക്കുന്നതും പിന്‍വലിക്കുന്നതും തമാശക്കാര്യമായി കരുതാനാവില്ലെന്ന നിരീക്ഷണത്തോടെ താങ്കളുടെ അപേക്ഷ കോടതി സ്വീകരിക്കുകയും റിട്ട് ഹര്‍ജി താങ്കള്‍ പിന്‍വലിച്ചതായി കണക്കാക്കി കേസ് തള്ളുകയുമാണ് ചെയ്തത്.

7 ) ഈ കേസില്‍ താങ്കള്‍ കോടതിയെ സമീപിച്ചത് നിയമനാധികാരിയുടെ അനുമതിയില്ലാതെയും നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണെന്ന്, രമേശ് ചെന്നിത്തല v/s കേരള സര്‍ക്കാര്‍ കേസിലെ ഹൈകോടതി വിധിയുടെ കൂടി അടിസ്ഥാനത്തില്‍ കോടതി ചൂണ്ടിക്കാട്ടി.

8) 1988ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമുള്ള വ്യവഹാര നടപടികള്‍ക്ക്  മുന്‍കൂര്‍ അനുമതി തേടിക്കൊണ്ട് താങ്കള്‍ സമര്‍പ്പിച്ച പരാതി അവ്യക്തവും വസ്തുതകളുടെ അഭാവമുള്ളതും അയുക്തികവും ന്യായരഹിതവുമാണെന്ന് മേല്‍ സൂചിപ്പിച്ച നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാണ്. താങ്കളുടെ പരാതി സത്യസന്ധമോ പരിഗണാനാര്‍ഹമോ അല്ലെന്ന് ബോധ്യപ്പെടുന്നതിനാല്‍ ബഹുമാനപ്പെട്ട ഗവര്‍ണറുടെ ഉത്തരവു പ്രകാരം തള്ളിക്കളയുന്നു.


                                
 


പ്രധാന വാർത്തകൾ
 Top