26 May Tuesday

ആരോഗ്യപ്രവർത്തകർക്ക് അതേ കരുതൽ തിരിച്ചുംനൽകണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

തിരുവനന്തപുരം > ആരോഗ്യപ്രവർത്തകർക്ക് അവർ നൽകുന്ന കരുതൽ തിരിച്ചും നൽകാനുള്ള ചുമതല ഓരോരുത്തർക്കുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്താകെയുള്ള മലയാളിസമൂഹവും മലയാളി സംഘടനകളും അതാതു സ്ഥലങ്ങളിൽ അവർക്ക് ഇടപെടാൻ പറ്റുന്ന എല്ലാ തലത്തിലും ഇടപെട്ടുകൊണ്ട് ആരോഗ്യപ്രവർത്തകരെ സഹായിക്കണം. ലോകത്തിൻറെ നാനാഭാഗങ്ങളിലും മലയാളി നഴ്‌സുമാർ അനുഭവിക്കുന്ന പ്രയാസങ്ങളും ആശങ്കകളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്. നിപ വൈറസിനെതിരായ നമ്മുടെ പോരാട്ടത്തിൻറെ രക്തസാക്ഷിയാണ് ലിനി.

കോട്ടയത്ത് കൊറോണ ബാധിച്ച വയോധിക ദമ്പതികൾക്ക് സുഖം പ്രാപിച്ചത് നമ്മുടെ ആരോഗ്യമേഖലയുടെ അഭിമാനകരമായ നേട്ടമാണ്. അവരെ ശുശ്രൂഷിക്കവെ വൈറസ് ബാധിച്ച് സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹൻദാസ് ചികിത്സയിലായിരുന്നു. രോഗം ഭേദമായി ആവശ്യത്തിന് നിരീക്ഷണത്തിൽ കഴിഞ്ഞശേഷം തിരിച്ചെത്തിയാൽ ഇനിയും കൊറോണ വാർഡിൽ ജോലി ചെയ്യാൻ സന്നദ്ധയാണ് എന്ന രേഷ്മയുടെ വാക്കുകൾ നാം കേട്ടു. കോട്ടയത്തു തന്നെയുള്ള മറ്റൊരു നഴ്‌സായ പാപ്പ ഹെൻട്രി കോവിഡ് ബാധയുള്ള ഏതു ജില്ലയിലും പോയി ജോലി ചെയ്യാനുള്ള സന്നദ്ധത ആരോഗ്യമന്ത്രിയെ അറിയിക്കുന്നത് ഒരു മാധ്യമം തന്നെ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നഴ്‌സുമാർ നമുക്ക് നൽകുന്ന ഊർജത്തിൻറെയും കരുതലിൻറെയും ഉദാഹരണമാണ് ഇത്. അവർക്ക് അതേ കരുതൽ തിരിച്ചുനൽകാനുള്ള ചുമതല നമുക്കോരോരുത്തർക്കുമുണ്ട്. അതുകൊണ്ടാണ് ഡെൽഹിയിലും മുംബൈയിലും കോവിഡ് രോഗം ബാധിച്ച നഴ്‌സുമാരെക്കുറിച്ച് നമുക്ക് ഉൽക്കണ്ഠയുണ്ടാകുന്നത്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് മനുഷ്യജീവൻ രക്ഷിക്കാൻ അവർ നടത്തുന്ന ത്യാഗോജ്വലമായ പ്രവർത്തനത്തിൽ നമുക്ക് അഭിമാനമുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കണം എന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്കും ഡൽഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്കും കേരളം കത്തയച്ചിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top