23 March Saturday

ബിജെപിയുടെ അടവ‌് ഇവിടെ ചെലവാകില്ല: പിണറായി

പ്രത്യേക ലേഖകൻUpdated: Tuesday Nov 6, 2018

കണ്ണൂർ > ശബരിമലയുടെ പേരിൽ കേരളത്തെ കലാപഭൂമിയാക്കി മുതലെടുക്കാനാണ‌് ആർഎസ‌്എസ്സും ബിജെപിയും ശ്രമിക്കുന്നതെന്ന‌് ഞങ്ങൾ പറഞ്ഞപ്പോൾ  പൂർണമായി വിശ്വസിക്കാത്ത ശുദ്ധാത്മാക്കളെയും കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു വിശ്വാസിയുടെയും ഇടപെടലല്ല തുലാമാസ പൂജയ‌്ക്ക‌് നട തുറന്നപ്പോൾ ശബരിമലയിൽ കണ്ടത‌്. ബിജെപി രാഷ്ട്രീയമായി തീരുമാനിച്ച, തങ്ങളുടെ ശക്തി വർധിപ്പിക്കുന്നതിനായി അവർ സ്വീകരിച്ച തന്ത്രമാണ‌് നടപ്പാക്കിയത‌്. വിശ്വാസി സമൂഹം ഈ നീക്കങ്ങളെ ശരിയായ നിലയിൽ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കരുതെന്ന ആഹ്വാനവുമായി കണ്ണൂർ കലക്ടറേറ്റ‌്  മൈതാനിയിൽ പതിനായിരങ്ങൾ അണിനിരന്ന എൽഡിഎഫ‌്  ബഹുജനറാലി   ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഒരു പോരാട്ടത്തിന്റെ കൊടിക്കൂറ ഉയർത്തിയിരിക്കുന്നു എന്നാണ‌് ശ്രീധരൻപിള്ള പറയുന്നത‌്. എന്നാൽ, ആ പിപ്പിടിയൊന്നും കേരളത്തിൽ ചെലവാകുന്നതല്ല. കുറച്ചാളുകളെ കൂട്ടി കുറച്ചു ബഹളമൊക്കെ കാണിച്ചാൽ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ‌് ആകെ ഉലഞ്ഞുപോകുമെന്ന ഒരാശങ്കയും ഞങ്ങൾക്കില്ല. ദൃഢമാണത‌്. നിങ്ങൾ നുണകളെ ആശ്രയിക്കുന്നു. ഞങ്ങൾ ജനങ്ങളുടെ മുമ്പിൽ സത്യം പറയുന്നു. ആ സത്യത്തിനാണ‌് എപ്പോഴും വിലയുണ്ടാവുക. നുണകൾക്ക‌് അൽപ്പായുസ്സേ ഉണ്ടാവൂ. നിങ്ങൾ കെട്ടിപ്പൊക്കുന്ന ഓരോ നുണയും അടുത്ത നിമിഷം പൊളിയുകയാണ‌്. വ്യക്തിഹത്യ, വിവിധതരം നുണപ്രചാരണങ്ങൾ- ഇതെല്ലാം സംഘടിതമായി നടത്തിക്കൊണ്ടിരിക്കയാണ‌്. പക്ഷേ, അതിലൊന്നും നമ്മുടെ നാടിന്റെ മതനിരപേക്ഷ മനസ്സ‌് കുലുങ്ങില്ല.

ഞങ്ങൾ ആവർത്തിച്ചു പറയുന്നു; കേരളത്തിന്റെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കും. ശബരിമലയെ എത്രത്തോളം സംരക്ഷിക്കാനാവുമോ അത്രത്തോളം ഞങ്ങൾ മുന്നിലുണ്ടാകും. വിശ്വാസികൾക്ക‌് എല്ലാ സംരക്ഷണവുമുണ്ടാകും. വിശ്വാസികൾക്കൊപ്പം ഈ സർക്കാരുണ്ടാകും. ഇക്കാര്യത്തിൽ ആർക്കും ഒരാശങ്കയും ഉണ്ടാകേണ്ടതില്ല. കോടതിവിധി നടപ്പാക്കൽ മാത്രമേ ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം  വഴിയുള്ളൂ. അതാണ‌് ഹൈക്കോടതിവിധി നടപ്പാക്കിയത‌്. ഇപ്പോൾ സുപ്രീം കോടതി വിധിച്ചു. അതു നടപ്പാക്കുന്നു. നാളെ സുപ്രീംകോടതി മറ്റൊരു നിലപാട‌് എടുത്താൽ അതിനൊപ്പമായിരിക്കും സർക്കാർ.

സ‌്ത്രീകൾക്ക‌് പുരുഷന്മാർക്കൊപ്പം തുല്യാവകാശമുണ്ടെന്ന‌് ഞങ്ങൾക്ക‌് അഭിപ്രായമുണ്ടാകും. പക്ഷേ, സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതപ്പെട്ട സർക്കാർ എന്ന നിലയ‌്ക്ക‌് അതായിരിക്കും ഞങ്ങൾ നടപ്പാക്കുക. ഞങ്ങളെ കുറ്റപ്പെടുത്തി കുറച്ചാളുകളെ തങ്ങളോടൊപ്പം കൂട്ടിക്കളയാം, അങ്ങനെ നിങ്ങളും ഞങ്ങളും മാത്രമുള്ള ഒരു നാടാക്കി കേരളത്തെ മാറ്റാമെന്നാണ‌് ശ്രീധരൻപിള്ളയുടെ ധാരണയെങ്കിൽ അത‌് അത്രത്തോളം ചെലവാകാൻ പോകുന്നില്ല. കോൺഗ്രസിലെ കുറേപ്പേർ സംഘപരിവാരത്തിനൊപ്പം വന്നേക്കാം.
കോൺഗ്രസ‌് ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള പാർടിയാണ‌്. മതനിരപേക്ഷ വിശ്വാസികളായ ധാരാളമാളുകൾ ഇപ്പോഴും ആ  പാർടിയിലുണ്ട‌്.  അവർ മതനിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നു തന്നെയാണ‌് പ്രതീക്ഷിക്കുന്നത‌്.
കേരളത്തിന്റെ പൊതുസമൂഹത്തോട‌് ഒരു കാര്യമേ പറയാനുള്ളൂ. ഇത‌് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ‌്; മതനിരപേക്ഷത തകർക്കാനുള്ള നീക്കമാണ‌്. ഇൗ നീക്കത്തെ ശക്തമായി നേരിടാനാകണം. അതിനായി എല്ലാ മതനിരപേക്ഷ ശക്തികളും ഒന്നിച്ച‌് അണിനിരക്കണം–- പിണറായി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top