25 May Saturday

പ്രതീക്ഷ, ധൈര്യം നാം മുന്നോട്ട‌്

സ്വന്തം ലേഖകൻUpdated: Friday Aug 24, 2018


ആലപ്പുഴ/പത്തനംതിട്ട/ കൊച്ചി/ തൃശൂർ
പ്രളയം മാറിയ വഴിയിൽ, കണ്ണീരുണങ്ങാത്ത ദുരിതാശ്വാസ ക്യാമ്പുകളിൽ  ജാതി‐മത‐ രാഷ്ട്രീയഭേദമെന്യേ ജനത കാത്തിരിപ്പുണ്ടായിരുന്നു. അവർക്കിടയിലേക്ക‌് ആശ്വാസത്തിന്റെ കരസ്പർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും പറയാനുണ്ടായിരുന്നത‌് നഷ്ടങ്ങളുടെ കഥ. ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ദിനങ്ങൾ പലരുടെയും കണ്ണുകളിൽ നിറഞ്ഞുനിന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ, പേടിക്കേണ്ട; നമ്മൾ അതിജീവിക്കും.

‘ഇവിടെ ജാതിയും മതവും രാഷ്ട്രീയവുമൊന്നുമില്ല സാറേ, ഞങ്ങൾ ഒരുമിച്ചാണ‌്’‐ ചെങ്ങന്നൂർ ക്രിസ‌്ത്യൻ കോളേജിലെ ക്യാമ്പിൽ പാണ്ടനാട്ടുകാരി മോളി ചെല്ലപ്പന്റെ വാക്കുകളിൽ ദുരിതകാലത്തെ നാട‌് നേരിടുന്നതെങ്ങനെയെന്ന‌് വ്യക്തം. ‘നമുക്ക‌് രാഷ്ട്രീയം വേണം, പക്ഷേ ഇവിടെ വേണ്ട, ഇവിടെ നമുക്ക‌് ഒറ്റക്കെട്ടായി നിൽക്കാം’ എന്ന‌് മുഖ്യമന്ത്രി പറയുമ്പോൾ സാഹോദര്യത്തിന്റെ തെളിച്ചുമുണ്ടായി ക്യാമ്പിന‌്.  ഭക്ഷണത്തിനും വസ‌്ത്രത്തിനും മറ്റു സൗകര്യങ്ങൾക്കും കുറവില്ലെന്ന‌് എല്ലാവരും. പ്രളയം കവർന്ന വീടിനെക്കുറിച്ചുള്ള ആശങ്കകളാണ‌് പലർക്കും പറയാനുണ്ടായത‌്.  പൂലൂരിലെ കാർത്യായനിയ‌്ക്കും മുണ്ടൻകാവിലെ ലതികയ‌്ക്കും അതുപറയുമ്പോൾ തൊണ്ടയിടറി. അതെല്ലാം നമുക്ക‌് ശരിയാക്കിയെടുക്കാം, സർക്കാർ കൂടെയുണ്ടെന്ന്‌ മുഖ്യമന്ത്രിയുടെ മറുപടി. രക്ഷകരായ മത്സ്യത്തൊഴിലാളികൾക്കും സർക്കാരിനുമുള്ള നന്ദി അറിയിച്ച‌് മുണ്ടൻകാവിലെ സുജ. 45 പേരാണ‌് സുജയുടെ വീട്ടിൽ അഭയം പ്രാപിച്ചത‌്. ക്യാമ്പിൽ ഭക്ഷണവും ഡോക്ടർമാരുടെ സേവനവുമുൾപ്പെടെ ലഭിക്കുന്നുണ്ടെന്ന‌് രമ്യയും ശ്രീലേഖയും. കോളേജ‌് ഓഡിറ്റോറിയത്തിലും മെയിൻ ബ്ലോക്കിലുമെത്തി മുഖ്യമന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു.

തുടർന്ന‌് കോഴഞ്ചേരി തെക്കേമല സെന്റ് ബസ്ഹാനാനിയ ഓർത്തഡോക്സ് പള്ളിയുടെ എംജിഎം ഓഡിറ്റോറിയത്തിലെ ക്യാമ്പിലേക്ക‌്. 'ഇവിടെയെല്ലാമുണ്ട് സർ, പക്ഷേ വീട്ടിലേക്ക് മടങ്ങിയാൽ ഞങ്ങൾ എന്തുചെയ്യും. ഉപ്പുപാത്രംവരെ വെള്ളം കൊണ്ടുപോയി’’. ആറന്മുള ലക്ഷ്മിപാർവതിയിൽ ലത മുഖ്യമന്ത്രിക്കുമുന്നിൽ വിങ്ങിപ്പൊട്ടി. രക്ഷാപ്രവർത്തനങ്ങളിൽ കാണിച്ച അതേ മനസ്സോടെ പുനരധിവാസ പ്രവർത്തനങ്ങളിലും സർക്കാർ ഒപ്പമുണ്ടാകുമെന്ന‌് മുഖ്യമന്ത്രിയുടെ ഉറപ്പ‌്. ആരും സങ്കടപ്പെടേണ്ടതില്ലെന്നും സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും  അദ്ദേഹം  പറഞ്ഞപ്പോൾ ദിവസങ്ങൾക്കുശേഷം പലരുടെയും മുഖത്ത‌് പുഞ്ചിരി.

പെരുവെള്ളക്കുത്തൊഴുക്കിൽ  പാഠപുസ‌്തകവും യൂണിഫോമും വസ‌്ത്രങ്ങളും നഷ്ടപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനി മല്ലപ്പുഴശേരിയിലെ  ലക്ഷ്മിക്കും ഊർജം പകർന്നു മുഖ്യമന്ത്രി. 'പുസ്തകങ്ങൾ ഉടനേയെത്തും. നഷ്ടപ്പെട്ടതെല്ലാം തിരികെക്കിട്ടും. സങ്കടപ്പെടരുത‌്’ബ പിണറായി അവളുടെ തോളിൽ തട്ടി ഉറപ്പുനൽകി. തിരിച്ചറിയൽ  രേഖകളും റേഷൻകാർഡുമെല്ലാം നഷ‌്ടമായ വേവലാതിയുമായി ആലപ്പുഴ ലജനത്തുൽ  മുഹമ്മദിയ ഹയർസെക്കൻഡറി സ‌്കൂളിലെ ക്യാമ്പിൽ വീട്ടമ്മ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. ‘രേഖകൾ എല്ലാം നിങ്ങൾക്കു തിരിച്ചു തരും . അതിനെപ്പറ്റി ബേജാറാകേണ്ട’ മുഖ്യമന്ത്രിയുടെ സാന്ത്വനം.   ‘ വീടു മുഴുവൻ ശുചിയാക്കിയിട്ടു നിങ്ങൾ അങ്ങോട്ടു പോയാമതി.  തകർന്ന വീടുകൾ പുനർ നിർമ്മിക്കാം. നഷ‌്ടപ്പെട്ട സാമഗ്രികളുടെ കാര്യത്തിൽ എന്തുചെയ്യാൻ പറ്റുമെന്നു നോക്കാം’‐ മുഖ്യമന്ത്രിയുടെ വാക്കുകളിൽ പലർക്കും പുതുശ്വാസം.

പറവൂർ സെന്റ‌് തോമസ‌് യാക്കോബായ സുറിയാനി പള്ളിയിലെയും ചാലക്കുടി  പനമ്പിള്ളി കോളേജിലെയും ക്യാമ്പുകളിലും സമാനമായ കാഴ‌്ചകൾ. വീട് നഷ്ടപ്പെട്ടവർക്ക്  പണിതുനൽകും.

കേടായ വീടുകൾ നന്നാക്കിത്തരും. അതുവരെ താമസിക്കാൻ ഇടവും ഭക്ഷണവും നൽകും. പുസ്തകങ്ങൾ സൗജന്യമായി നൽകും. സർട്ടിഫിക്കറ്റുകൾ പോയവർക്ക് പകരം നൽകും‐ ദുരിതമനുഭവിക്കുന്നവർക്കൊപ്പം സർക്കാരുണ്ടെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ‌് ക്യാമ്പിൽ ആശ്വാസത്തിരയായി. മുഖ്യമന്ത്രിയെ കുട്ടികളും മുതിർന്നവരും സന്തോഷത്തോടെ കൈകൊടുത്ത‌് യാത്രയാക്കി. തുടർന്ന‌് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആയിരങ്ങൾക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ പകർന്നു നൽകിയത‌് സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശമാണ‌്.

പ്രധാന വാർത്തകൾ
 Top