01 October Sunday

പാർലമെന്റിലെ ചടങ്ങ്‌ 
മതാധിഷ്‌ഠിതമാക്കി : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023


കോഴിക്കോട്‌
പാർലമെന്റ്‌ മന്ദിര ഉദ്‌ഘാടന വേദി മതാധിഷ്‌ഠിതമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം പി വീരേന്ദ്രകുമാർ അനുസ്‌മരണ റാലിയുടെ ഭാഗമായുള്ള ‘ഫാസിസത്തിനെതിരെ ജനതാ മുന്നേറ്റം’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു മതനിരപേക്ഷ റിപ്പബ്ലിക്കാണ്‌. മതനിരപേക്ഷതയാണ്‌ അതിന്റെ ആണിക്കല്ല്‌. എന്നാൽ, പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിൽ കാട്ടിക്കൂട്ടിയ കാര്യങ്ങൾ ഇതുപോലുള്ള പൊതുവേദിയിൽ നടക്കാൻ പാടില്ലാത്തതാണ്‌. മതപരമായ ചടങ്ങുകൾക്കാണ്‌ പാർലമെന്റിനെ വേദിയാക്കിയത്‌. സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണത്‌. ഇന്ത്യൻ പ്രസിഡന്റിനെ ചടങ്ങിൽനിന്നും മാറ്റിനിർത്തിയത്‌ ഇതുമായി ചേർത്തുവായിക്കണം. 

ജനാധിപത്യം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സർക്കാർ അതിന്‌ ഭീഷണി ഉയർത്തുന്നു.  ആർഎസ്‌എസാണ്‌ കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്നത്‌. രാജ്യത്തെ മതാധിഷ്‌ഠിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. അതിനുള്ള നടപടികളാണ്‌ പാർലമെന്റിൽ കണ്ടത്‌. മതനിരപേക്ഷതയും രാക്ഷസീയതയും ഏറ്റുമുട്ടുമ്പോൾ നിഷ്‌പക്ഷരായിരിക്കാൻ പാടില്ല. അത്‌ മതനിരപേക്ഷതയുടെ എതിർപക്ഷം ചേരുന്നതിന്‌ തുല്യമാണ്‌. രാഷ്‌ട്രീയ പ്രവർത്തകരും മാധ്യമപ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും പൊതുസമൂഹമാകെയും ഇതിനെതിരെ രംഗത്തുവരണം. വീരേന്ദ്രകുമാർ ജീവിച്ചിരുന്നെങ്കിൽ ഇതിനെതിരെ ശബ്ദിക്കുമായിരുന്നുവെന്നും  മുഖ്യമന്ത്രി പറഞ്ഞു.


 


കേരളത്തെ ശ്വാസംമുട്ടിക്കാൻ 
ശ്രമം
കേരളത്തെ ഏത്‌ വിധേനയും ശ്വാസം മുട്ടിക്കാനാകുമോ എന്നാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കേരളം ഒരിഞ്ച്‌ മുന്നോട്ടുപോകരുത്‌ എന്നാണ്‌ അവർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം പി വീരേന്ദ്രകുമാർ അനുസ്‌മരണത്തിന്റെ ഭാഗമായി എൽജെഡി കടപ്പുറം ഫ്രീഡം സ്‌ക്വയറിൽ സംഘടിപ്പിച്ച ‘ഫാസിസത്തിനെതിരെ ജനമുന്നേറ്റം’ റാലി  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സുശക്തമായ കേന്ദ്രം, സംതൃപ്‌തമായ സംസ്ഥാനം എന്നതാണ്‌ ഫെഡറലിസത്തിന്റെ അടിസ്ഥാനം. എന്നാൽ, കേരളത്തെ സഹായിക്കുന്നതിന്‌ പകരം എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നാണ്‌ ബിജെപി സർക്കാർ നോക്കുന്നത്‌. പ്രളയകാലത്ത്‌ ഭക്ഷ്യധാന്യം തന്നതിന്‌ വില ചോദിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക്‌ കൂലി ചോദിച്ചു. മറ്റു രാജ്യങ്ങളിൽനിന്ന്‌ സഹായം ലഭിക്കുന്നത്‌ വിലക്കി.

അധികാരമെല്ലാം കേന്ദ്രത്തിന്റെ വരുതിയിലാക്കാനാണ്‌ ശ്രമം. കിഫ്‌ബി എടുത്ത വായ്‌പ സംസ്ഥാനത്തിന്റെ പൊതുകടമാക്കി മാറ്റുകയാണ്‌. കിഫ്‌ബിപോലുള്ള നിരവധി സംവിധാനമുപയോഗിച്ച്‌ കേന്ദ്രം കോടികൾ കടമെടുത്തിട്ടുണ്ട്‌. അവയ്‌ക്ക്‌ ഈ നിയമം ബാധകമാക്കുന്നില്ല. സംസ്ഥാനം 63 ലക്ഷം പേർക്ക്‌ നൽകുന്ന ക്ഷേമപെൻഷൻ തടസ്സപ്പെടുത്താനാണ്‌ ശ്രമം. 

ഫാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളും രാജ്യത്ത്‌ പ്രകടമാണ്‌. സിനിമകളെപ്പോലും വർഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നു. മതനിരപേക്ഷതയെയും സോഷ്യലിസ്‌റ്റ്‌ മൂല്യങ്ങളെയും തകർക്കാൻ സംഘടിത ശ്രമം നടക്കുന്നു. അതിനെതിരെ യോജിച്ച പോരാട്ടത്തിന്‌ വീരേന്ദ്രകുമാറിന്റെ സ്‌മരണ കരുത്തുപകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ എൽജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ്‌ കുമാർ അധ്യക്ഷനായി. ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്‌, ആർജെഡി എംപി മനോജ്‌ കുമാർ ഝാ, മന്ത്രി കെ കൃഷ്‌ണൻകുട്ടി, മേയർ ബീന ഫിലിപ്പ്‌, കവി ആലങ്കോട്‌ ലീലാകൃഷ്‌ണൻ, വർഗീസ്‌ ജോർജ്‌ എന്നിവർ സംസാരിച്ചു. കെ പി മോഹനൻ എംഎൽഎ സ്വാഗതം പറഞ്ഞു. മുതലക്കുളത്തുനിന്ന്‌ തുടങ്ങിയ റാലിയിൽ ആയിരങ്ങൾ അണിനിരന്നു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top