31 March Friday

കേരളത്തിലെ കോൺഗ്രസും കേന്ദ്രത്തിലെ ബിജെപിയും തമ്മിൽ അവിശുദ്ധ ബന്ധം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

തിരുവനന്തപുരം > കേരളത്തിലെ കോണ്‍ഗ്രസ് പ്രതിപക്ഷവും കേന്ദ്രത്തിലെ ബിജെപി സംവിധാനവും തമ്മിൽ അവിശുദ്ധ ബന്ധമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത്‌ കാര്യമായ സഹായമൊന്നും കേന്ദ്രത്തിൽനിന്നും ഉണ്ടായില്ല. അതിനെതിരെ ഒരു വാക്കുകൊണ്ടെങ്കിലും കോൺഗ്രസ്‌ പ്രതികരിച്ചോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ മറുപടി പൂർണരൂപം:

നമ്മുടെ രാജ്യത്ത് മതനിരപേക്ഷ മൂല്യങ്ങള്‍, ഫെഡറല്‍ സംവിധാനം എന്നിങ്ങനെയുള്ള ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ (ബേസിക്ക് സ്ട്രക്‌ചര്‍) അസാധാരണ വെല്ലുവിളികളാണ് നേരിടുന്നത്. ഇതിന് നേതൃത്വം കൊടുക്കുന്നവര്‍ ഭരണഘടനാദത്തമായ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവരാകുമ്പോള്‍ ഇതിന്‍റെ ഗൗരവമേറുന്നു. ദേശീയപ്രസ്ഥാനത്തിന്‍റെ സത്ത ഉള്‍ക്കൊള്ളുന്ന ഏവരും അതീവജാഗ്രതയോടെ ഇത്തരം ശ്രമങ്ങളെ ചെറുക്കേണ്ട അവസരമാണിത്. ഈ കാര്യം നയപ്രഖ്യാപന പ്രസംഗത്തില്‍ ഊന്നി പറഞ്ഞിട്ടുണ്ട്.

ഭാഷാപരവും മതപരവുമായ മേധാവിത്വ പ്രവണതകള്‍ നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ അധിഷ്ഠിതമായ നമ്മുടെ രാഷ്ട്രീയ ഘടനയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. യോജിക്കാവുന്ന എല്ലാവരുമായി യോജിച്ചുകൊണ്ട് ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പും പ്രതിഷേധവും ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.

ഫെഡറല്‍ സംവിധാനത്തിന്‍റെ ആണിക്കല്ലാണ് കേന്ദ്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അധികാരത്തിന്‍റെ ഭരണഘടനാപരമായ വിഭജനം. അതിനെ മറികടന്നുകൊണ്ട് സംസ്ഥാന, സമാവര്‍ത്തി വിഷയങ്ങളില്‍ കേന്ദ്രം നടത്തുന്ന നിയമനിര്‍മ്മാണങ്ങള്‍ ജനാധിപത്യവിരുദ്ധമായ പ്രവണതയുടെ ദൃഷ്ടാന്തമാണ്.  ഈ കാര്യങ്ങളിലെല്ലാം സമയാസമയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം നിയമപരമായി സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുമുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം കേരളം ബഹു. സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

സഹകരണ നിയമ ഭേദഗതി, ഡാം സേഫ്റ്റി നിയമ ഭേദഗതി, വൈദ്യുതി റഗുലേറ്ററി ഭേദഗതി എന്നിങ്ങനെ നിരവധി നിയമനിര്‍മാണങ്ങള്‍ ഫെഡറല്‍ തത്വങ്ങളെ തെല്ലും മാനിക്കാതെ കേന്ദ്രസര്‍ക്കാര്‍ നടത്തിവരികയാണ്. ഈ പ്രവണതകള്‍ക്കെതിരെ നയപ്രഖ്യാപനത്തില്‍ വ്യക്തമായ പരാമര്‍ശമുണ്ട്. ഇന്ന് ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷ മൂല്യങ്ങളും ഫെഡറലിസവും നേരിടുന്ന ഭീഷണികള്‍ ദേശീയഐക്യത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഉതകൂ എന്ന അഭിപ്രായം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ഇവിടുത്തെ പ്രതിപക്ഷത്തിന് പിന്തുണയ്ക്കാതിരിക്കാന്‍ എന്തു ന്യായം പറയാന്‍ കഴിയും. ഗവണ്‍മെന്‍റിന് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളായതുകൊണ്ട് ഇക്കാര്യങ്ങള്‍ ഞങ്ങള്‍ പറഞ്ഞാല്‍ എതിര്‍ക്കുമെന്ന സമീപനമാണോ പ്രതിപക്ഷം സ്വീകരിക്കേണ്ടത്?

കോവിഡ് മഹാമാരി ഉയര്‍ത്തിയ അതികഠിനമായ വെല്ലുവിളി നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന് വിപുലമായ ഇടപെടലുകള്‍ നടത്തേണ്ടതായി വന്നിട്ടുണ്ട്. ലോകത്താകെയുള്ള സര്‍ക്കാരുകളുടെ  റവന്യൂ വരുമാനം കുറയുകയും ചിലവ് ബാധ്യത ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്ത ഈ കാലഘട്ടത്തില്‍ ആഗോളതലത്തില്‍ തന്നെ സര്‍ക്കാരിന്‍റെ കടബാധ്യതകള്‍ വര്‍ദ്ധിക്കുകയുണ്ടായി. ഇതു സംബന്ധിച്ച കണക്കുകള്‍ ജനുവരി 31 ന് പുറത്തിറങ്ങിയ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഇക്കണോമിക് സര്‍വ്വേയില്‍ നിന്നും കാണാന്‍ കഴിയുന്നതാണ്.

പല സംസ്ഥാനങ്ങളും 2020 ല്‍  കേന്ദ്രസര്‍ക്കാരിനോട് അതിശക്തമായി ആവശ്യപ്പെട്ട ഒരു കാര്യം വാര്‍ഷിക വായ്പാ പരിധി ആഭ്യന്തര വരുമാനത്തിന്‍റെ 3 ശതമാനത്തില്‍ നിന്നും 5 ശതമാനമായി ഉയര്‍ത്തണമെന്നാണ്.  കേരളത്തിനു വേണ്ടി നമ്മള്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ ഇതേ ആവശ്യം ഉന്നയിച്ചതില്‍ ഇവിടെ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമുണ്ട്. സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദവും രാജ്യത്ത് നിലനില്‍ക്കുന്ന അസാധാരണ സാഹചര്യവും പരിഗണിച്ച് മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ അന്ന് വായ്പാ പരിധി ഉയര്‍ത്തിക്കൊണ്ട് ഒരു തീരുമാനമെടുത്തു. ആ തീരുമാനം പൂര്‍ണ്ണ മനസ്സോടെയല്ല ബി ജെ പി സര്‍ക്കാര്‍ എടുത്തത്. 0.5 ശതമാനം വായ്പ നിബന്ധനകളില്ലാതെയും 1.5 ശതമാനം നിബന്ധനകളോടുകൂടിയുമാണ് അനുവദിച്ചത്. ഈ നിബന്ധനകളില്‍ റേഷന്‍ സംവിധാനങ്ങളുടെ പരിഷ്ക്കരണങ്ങള്‍, വൈദ്യുതി വിതരണമേഖലയിലെ നഷ്ടം കുറയ്ക്കല്‍, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കല്‍, നഗരപ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി പരിഷ്ക്കരണം എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളം അധിക വായ്പയ്ക്കുള്ള അര്‍ഹത നേടിയിട്ടാണ് കേന്ദ്ര അനുമതിയോടുകൂടി കോവിഡ് കാലത്തെ അസാധാരണ സാഹചര്യം തരണം ചെയ്യാന്‍ ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാനായി അധിക വായ്പയെടുത്തത്. ഇതിനെ ഒരു വലിയ കുറ്റമായി, ധൂര്‍ത്തായി ചിത്രീകരിക്കുന്ന കുപ്രചരണങ്ങളിലാണ് യുഡിഎഫ് ഏര്‍പ്പെട്ടിരിക്കുന്നത്.

2006 - 11 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ ധനദൃഢീകരണത്തിനുള്ള ശക്തമായ നടപടികളാണ് സ്വീകരിച്ചത്. 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ തനതു നികുതി വരുമാനത്തില്‍ 23 ശതമാനം വര്‍ദ്ധനയാണുണ്ടായത്. യുഡിഎഫ് സര്‍ക്കാര്‍ രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ തനതു നികുതി വരുമാനത്തിന്‍റെ വളര്‍ച്ച, 2013 - 14 ല്‍ 10 ശതമാനമായി കൂപ്പുകുത്തി. ഈ പ്രവണത 2015 - 16 വരെ തുടര്‍ന്നു. അതിനുശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഓരോ സാമ്പത്തിക വര്‍ഷത്തിലും അസാധാരണ സാഹചര്യങ്ങളെയാണ് നേരിടേണ്ടി വന്നത്. നോട്ടു നിരോധനം, പ്രകൃതിദുരന്തങ്ങള്‍, കോവിഡ് മഹാമാരി എന്നിങ്ങനെ സമാനതകളില്ലാത്ത വെല്ലുവിളികളാണുണ്ടായത്. അതുകൊണ്ട് തനതു നികുതി വരുമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ 2021 - 22 ല്‍ 22 ശതമാനം വളര്‍ച്ച തനതു നികുതി വരുമാനത്തിലുണ്ടായിട്ടുണ്ട്.

കേരളം കടക്കെണിയിലാണെന്ന് വ്യാപകമായ കുപ്രചരണം ബോധപൂര്‍വ്വം നടത്തുകയാണ്. ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്നതിനായി മൂലധന ചിലവ് വര്‍ദ്ധിപ്പിക്കണമെന്ന് എടുത്തുപറയുന്നുണ്ട്. സാമ്പത്തിക സര്‍വ്വേയിലും ഈ അഭിപ്രായത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ വിയോജിക്കുന്നില്ല. 2016 - 17 മുതല്‍ കേരളത്തില്‍ മൂലധന ചിലവ് വര്‍ദ്ധിപ്പിക്കാന്‍ സുദൃഢമായ കാല്‍വെയ്പ്പാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, കൊച്ചി - ഇടമണ്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി പ്രസരണ രംഗത്തെ വികസന പദ്ധതികള്‍ എന്നിങ്ങനെ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കട്ടപ്പുറത്തായിരുന്ന നിരവധി പദ്ധതികളെ ചലനാത്മകമാക്കിയതും പ്രാവര്‍ത്തികമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്.

മൂലധന ചിലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ സ്വീകരിച്ച നടപടികളുടെ ഭാഗമാണ് കിഫ്ബി വഴി നടപ്പാക്കുന്ന പശ്ചാത്തല സൗകര്യ വികസന പരിപാടികള്‍. ഇപ്പോള്‍ ഈ വികസന പരിപാടികളെ ഏതെല്ലാം വിധത്തില്‍ തുരങ്കംവയ്ക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് സര്‍വ്വാത്മനാ പിന്തുണ നല്‍കുകയാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം. കേരളത്തില്‍ എന്തെങ്കിലും വികസന പദ്ധതികള്‍ വരാനായി സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ഇവിടുത്തെ കോണ്‍ഗ്രസും ബിജെപി നേതാക്കളും വലിയ ഐക്യത്തോടും സാഹോദര്യത്തോടും കൂടി അത് നല്‍കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ്.

ഇവിടെ ധനധൂര്‍ത്തുണ്ടെന്നും കടക്കെണിയുണ്ടെന്നും അനാവശ്യ പ്രചരണം വ്യാപകമായി നടത്തുകയാണ്. സി & എ ജി ഏപ്രില്‍ - ഡിസംബര്‍ 2022  കാലയളവില്‍ നമ്മുടെ ധനക്കമ്മി, റവന്യൂ കമ്മി എന്നിവയെക്കുറിച്ചുള്ള കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 - 21 ലെ ഇതേ കാലയളവിലെ കണക്കുകളെക്കാള്‍ ഗണ്യമായ കുറവ് ഈ സൂചികകളിലെല്ലാം വന്നിട്ടുണ്ട്. റവന്യൂ കമ്മിയില്‍ 20,852 കോടി രൂപയുടെയും ധനക്കമ്മിയില്‍ 21079 കോടി രൂപയുടെയും കുറവുണ്ടായിട്ടുണ്ട്. ബജറ്റ് വരാനാരിക്കുന്നതിനാല്‍ കൂടുതല്‍ കണക്കുകള്‍ അതിലുണ്ടാവും. സംസ്ഥാനം ധനദൃഢീകരണത്തിന്‍റെ പാതയിലാണെന്ന് വ്യക്തമാണ്. ഇവിടെ നടത്തുന്ന മറ്റൊരു കുപ്രചരണം മന്ത്രിമാര്‍ക്കും മറ്റും വേണ്ടി അധിക ചിലവുണ്ടെന്നാണ്. 2019 ڊ 20 ല്‍ ഈ ശീര്‍ഷകത്തില്‍ 13.84 കോടി രൂപയാണ് ബജറ്റ് എസ്റ്റിമേറ്റ്. യഥാര്‍ത്ഥ ചിലവ് 11.40 കോടി രൂപ. 2020 - 21 ല്‍ 12.84 കോടി രൂപയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. യഥാര്‍ത്ഥ ചിലവ് 10.95 കോടി രൂപ. 2021 22 ല്‍ 13.56 കോടി രൂപയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. യഥാര്‍ത്ഥ ചിലവ് 12.28 കോടി രൂപ. ഇവ സംസാരിക്കുന്ന കണക്കുകളാണ്. ഇതില്‍ നിന്നും കാണാന്‍ കഴിയുന്നത് ഇതില്‍ ഒരു ധൂര്‍ത്തും നടത്തുന്നില്ലായെന്നതു തന്നെയാണ്. ഈ ചിലവുകളില്‍ സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പാലിച്ചിട്ടുണ്ട്. കണക്കുകള്‍ മറച്ചുവെച്ചുകൊണ്ട്, യാഥാര്‍ത്ഥ്യങ്ങളെ മൂടിവെച്ചുകൊണ്ട്, പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വലിയ ശ്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്.

അസാധാരണമായ വെല്ലുവിളികളെ നേരിടേണ്ടി വന്ന നമ്മുടെ സംസ്ഥാനം സര്‍ക്കാരിന്‍റെ കൃത്യമായ ഇടപെടലിന്‍റെ ഫലമായി 2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥിരവിലയില്‍ 12 ശതമാനവും നടപ്പുവിലയില്‍ 17 ശതമാനവും സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇത് അഖിലേന്ത്യാ സാമ്പത്തിക വളര്‍ച്ചാ നിരക്കിന്‍റെ ഒന്നരയിരട്ടി വരുമെന്ന കാര്യം നിങ്ങള്‍ക്ക് മറച്ചുവയ്ക്കാന്‍ കഴിയില്ല. പശ്ചാത്തലസൗകര്യ വികസന മേഖലയിലും സാമൂഹ്യമേഖലയിലും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഈ അഭിമാനകരമായ സാമ്പത്തിക വളര്‍ച്ചക്ക് മുഖ്യ ത്വരകമായിരുന്നുവെന്ന കാര്യം കാണാതെ സാമ്പത്തിക രംഗത്ത് കെടുകാര്യസ്ഥതയാണെന്നുള്ള വ്യാജ പ്രചരണം ബോധപൂര്‍വ്വം  അഴിച്ചുവിടുകയാണ്. ഈ വസ്‌തുത നമ്മുടെ സംസ്ഥാനത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് അശേഷം സംശയമില്ല.

ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം എന്നത് വിവിധങ്ങളായ വിഷയങ്ങളെയാകെ സ്പര്‍ശിക്കുന്നതാണ്. കേരളത്തിന്‍റെ പ്രശ്നങ്ങളെ അപഗ്രഥിക്കുന്നതും ഭാവിയെ വിഭാവനം ചെയ്യുന്നതുമാണ്. അത്രമേല്‍ വിപുലവും വിശാലവുമാണ് അതിന്‍റെ പരിഗണനാവിഷയങ്ങള്‍ എന്നതു കൊണ്ടുതന്നെ അതിേډലുള്ള ചര്‍ച്ച എക്കാലവും വിഷയ പരിധിയില്ലാത്തതാവാറുണ്ട്. ഏതു വിഷയവും ആ ചര്‍ച്ചയില്‍ സ്വാഭാവികമായി ഉയര്‍ന്നു വരാം. പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്നാവുമ്പോള്‍ അത് വിമര്‍ശനപരമായാണു സ്വാഭാവികമായും വരിക. പലപ്പോഴും അത് അതിനിശിതവും രൂക്ഷമാവാം. അങ്ങനെയായതിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഈ സഭയില്‍ തന്നെ എത്രയോ ഉണ്ട്. ചാട്ടവാറടി പോലുള്ള വിമര്‍ശനങ്ങള്‍. അവയേറ്റുള്ള ഭരണപക്ഷത്തിന്‍റെ പുളയല്‍. ഇതൊക്കെ ഈ സഭ പല ഘട്ടങ്ങളില്‍ കണ്ടിട്ടുണ്ട്.

എന്നാല്‍, ഈ നന്ദിപ്രമേയ ചര്‍ച്ചയെ ശ്രദ്ധേയമാക്കുന്നത്, വസ്തുനിഷ്ഠവും രൂക്ഷതരവും എന്നു വിശേഷിപ്പിക്കേണ്ട വിധത്തിലുള്ള കാര്യമായ ഒരു വിമര്‍ശനവും പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല എന്നതാണ്. ഇത് എന്തുകൊണ്ടാണ് ഉണ്ടാവാത്തത്? പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മ കൊണ്ടാണോ? അതല്ല. പ്രഗത്ഭരായ സാമാജികരുടെ ഒരു നിര തന്നെ അപ്പുറത്തുണ്ട്. അവര്‍ക്കു വിഷയങ്ങള്‍ നല്ലതുപോലെ അപഗ്രഥിച്ചവതരിപ്പിക്കാനുള്ള കഴിവുമുണ്ട്. എന്നിട്ടും ഭരണപക്ഷത്തെ വിഷമത്തിലോ പ്രതിസന്ധിയിലോ ആക്കുന്ന കാര്യമായ ഒരു വിമര്‍ശനവും ഉണ്ടായില്ല. ഇത് ഭരണപക്ഷത്തോട്, ഈ സര്‍ക്കാരിനോട് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യമോ, സൗജന്യഭാവമോ പ്രതിപക്ഷത്തിനുള്ളതു കൊണ്ടാണോ? അല്ല എന്ന് നമുക്കിരു കൂട്ടര്‍ക്കും അറിയാം. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ?

ഈ ചോദ്യത്തിനുള്ള മറുപടി ഒന്നു മാത്രമാണ്. വിമര്‍ശിക്കപ്പെടാന്‍ വേണ്ട ഒരു ദുഷ്ചെയ്‌തിയും ഈ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ മുന്‍നിര്‍ത്തി അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ കെട്ടിപ്പൊക്കാന്‍ ശ്രമിച്ചാല്‍ എല്ലാം അറിയുന്ന, എല്ലാം കാണുന്ന ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരായിപ്പോവും. അതുകൊണ്ടു തന്നെയാണു രൂക്ഷമായ കടന്നാക്രമണങ്ങള്‍, സഭയ്ക്കും ജനങ്ങള്‍ക്കും ബോധ്യമാവുന്ന വസ്തുതകള്‍ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉണ്ടാവാതിരിക്കുന്നത്. ഇത് സര്‍ക്കാരിനുള്ള സൗജന്യമല്ല. ഇക്കാര്യം ഞങ്ങള്‍ക്കു ബോധ്യമുണ്ട്. ജനങ്ങള്‍ക്കും ബോധ്യമുണ്ട്.

പ്രതിസന്ധികളുണ്ടാക്കിയ വൈഷമ്യങ്ങള്‍ പതിറ്റാണ്ടുകള്‍ നിലനില്‍ക്കേണ്ടതാണ്. ആ തുടര്‍ മരവിപ്പുണ്ടാകേണ്ട ഘട്ടമാണു സത്യത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ രണ്ടാമൂഴം. ഇവിടെ എവിടെയെങ്കിലും മരവിപ്പുണ്ടായോ? ഇല്ല. ഭാവനാപൂര്‍ണമായുള്ള ആസൂത്രിത വിഭവ മാനേജ്മെന്‍റു കൊണ്ടാണിതു സാധ്യമാക്കിയത്. ഇതര സംസ്ഥാനങ്ങളില്‍ കാണാന്‍ കഴിയാത്തതാണിത്.

ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുക, കുട്ടികളുടെ ഭാവി ഭദ്രമാക്കുക. ഇതൊക്കെ ജനതയുടെയും നാടിന്‍റെയും ഭാവി സുരക്ഷിതമാക്കും. സുരക്ഷിതമായ ആ ഭാവി നാടിനെ സര്‍വതോډുഖമായ അഭിവൃദ്ധിയിലേക്കു നയിക്കും. ബ്ലേഡ് കമ്പനി സങ്കല്‍പത്തില്‍ മനസു കുടുങ്ങിക്കിടക്കുന്നവര്‍ക്ക് നാടിന്‍റെ, ജനങ്ങളുടെ ഭാവി ഉറപ്പാക്കുന്ന നിക്ഷേപം എന്ത് എന്നതു മനസ്സിലാവില്ല.

ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേര്‍ന്ന് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതെത്തി. പബ്ലിക് അഫയര്‍സ് ഇന്‍ഡക്സില്‍ കേരളം മൂന്നു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം, വര്‍ഗ്ഗീയ സംഘര്‍ഷം ഒന്നും ഇല്ലാത്ത സംസ്ഥാനം, മികച്ച ക്രമസമാധാനം ഉള്ള സംസ്ഥാനം, ശിശു-മാതൃ മരണങ്ങള്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനം, മികച്ച സ്കൂള്‍ വിദ്യാഭ്യാസം ഉള്ള സംസ്ഥാനം, ഭിന്നശേഷി സൗഹൃദ സംസ്ഥാനം, മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഉള്ള സംസ്ഥാനം, മികച്ച ടൂറിസം ഡെസ്റ്റിനേഷന്‍, വ്യവസായ രംഗത്ത് ബെസ്റ്റ് പ്രാക്ടീസ് ഏര്‍പ്പെടുത്തിയ സംസ്ഥാനം എന്നിങ്ങനെ അന്താരാഷ്ട്ര-ദേശീയ തലങ്ങളില്‍ നിരവധി നേട്ടങ്ങളും ബഹുമതികളും കേരളം കൈവരിച്ചു.

2015 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 34.9 ലക്ഷം പേരായിരുന്നു കേരളത്തിലെ തൊഴില്‍ അന്വേഷകര്‍. എന്നാല്‍ ജൂലൈ 2022 ലെ കണക്കനുസരിച്ച് അത് 28.4 ലക്ഷമായി കുറഞ്ഞു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ കമ്പനികള്‍ 3892. 14 കോടിയുടെ ടേണ്‍ ഓവറും 386.03 കോടിയുടെ പ്രവര്‍ത്തനലാഭവും നേടി. ടേണ്‍ ഓവറില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 17.8% വര്‍ദ്ധന.

2022-23 വര്‍ഷം 'സംരംഭക വര്‍ഷ'മായി ആഘോഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു.  എട്ടു മാസം കൊണ്ടുതന്നെ ഒരു ലക്ഷം സംരംഭങ്ങള്‍ സൃഷ്ടിക്കപ്പെട്ട പദ്ധതിയാണിത്.

ശിശുമരണ നിരക്ക് ( IMR    ), മാതൃമരണ നിരക്ക് ( MMR    ) ഇവയില്‍ കേരളത്തിന്‍റെ പ്രകടനം വളരെ മികച്ചതാണ്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളില്‍ സിംഗിള്‍ ഡിജിറ്റ്  IMR   ഉള്ള ഏക സംസ്ഥാനമാണ് കേരളം. കേരളത്തിന്‍റെ  IMR     ആറ് (6) ആണ്. ദേശീയ തലത്തില്‍ ഇത് 28 ആണ്.

ദേശീയ തലത്തിലെ മാതൃമരണ നിരക്ക് 97 ആണെങ്കില്‍ കേരളത്തില്‍ അത് 19 മാത്രമാണ്. രാജ്യത്ത് ഏറ്റവും കുറവ്.

ഇനി, പ്രതിപക്ഷത്തോടുള്ള ചോദ്യത്തിലേക്കു വരാം. പ്രളയക്കെടുതിയില്‍ മുങ്ങിയ നാളുകളില്‍ നഷ്ടപരിഹാരം നിഷേധിച്ചു കേന്ദ്രം. പുറത്തു നിന്നുള്ള സഹായം സ്വീകരിക്കുന്നതില്‍ നിന്നും വിലക്കി. പ്രവാസിമലയാളികളുടെ സഹായം വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ അതു പോയി വാങ്ങുന്നതില്‍ നിന്നുപോലും വിലക്കി. വൈകി അനുവദിച്ച നഷ്ടപരിഹാരത്തുകയാകട്ടെ, നഷ്ടത്തിന്‍റെ ചെറിയ ഒരു ഭാഗം നികത്താന്‍ പോലും പര്യാപ്‌തമല്ലാത്ത വിധത്തിലായിരുന്നു. വളരെ അധികമായി ചിലവു വര്‍ദ്ധിച്ചപ്പോള്‍ പതിവായി കിട്ടുന്നതില്‍ നിന്നും കുറഞ്ഞ തോതില്‍ മാത്രം കേന്ദ്ര തുക. കേന്ദ്രത്തിന്‍റെ ഈ നിലപാടുകള്‍ക്കെതിരെ നിങ്ങള്‍ ഒരക്ഷരം പറഞ്ഞോ?

ഇതേപോലെ, കോവിഡ് കാലം. ക്ഷേമ-സേവന കാര്യങ്ങളില്‍ കൂടുതല്‍ ഊന്നേണ്ടി വന്നപ്പോള്‍, സര്‍ക്കാര്‍ ചെലവ് സ്വാഭാവികമായും വര്‍ദ്ധിച്ചു. കാര്യമായ സഹായമെന്തെങ്കിലും കേന്ദ്രത്തില്‍ നിന്നുണ്ടായോ? അതിനെതിരെ ഒരു വാക്കുകൊണ്ടെങ്കിലും നിങ്ങള്‍ പ്രതികരിച്ചോ? ഇപ്പോള്‍ നിങ്ങള്‍ ഒരു ധവളപത്രമിറക്കിയിരിക്കുന്നു. അതില്‍ അര്‍ഹതപ്പെട്ടതൊക്കെ നിഷേധിക്കപ്പെട്ട ഈ കേരളത്തെ കുറ്റപ്പെടുത്താനല്ലേ നിങ്ങള്‍ തുനിഞ്ഞുള്ളു. അര്‍ഹതപ്പെട്ടതൊക്കെ നിഷേധിച്ച കേന്ദ്രത്തിനെതിരെ നിങ്ങള്‍ ഒരു വാക്കെങ്കിലും പറഞ്ഞോ? പറയില്ല. സത്യത്തില്‍ ഇതാണ് ഇവിടുത്തെ കോണ്‍ഗ്രസ് പ്രതിപക്ഷവും കേന്ദ്രത്തിലെ ബി ജെ പി സംവിധാനവും തമ്മിലുള്ള അവിശുദ്ധ ബന്ധം. അതു ശക്തിപ്പെടുത്തിക്കൊണ്ട് ഞങ്ങളെ കുറ്റപ്പെടുത്താന്‍ വരേണ്ടതില്ല.

മരുമക്കത്തായം നിലനിന്ന ഘട്ടത്തിലെ അമ്മാവډാരുടെ രീതി വര്‍ണിക്കുന്ന ഒരുപാടു കഥകളും നോവലുകളുമുണ്ട് മലയാളത്തില്‍. അമ്മാവന്‍ മരുമക്കളെക്കൊണ്ടു പണിയെടുപ്പിച്ച് വിളവാകെ പത്തായത്തില്‍ നിറച്ചു പൂട്ടി താക്കോലുമായി പോകും. മരുമക്കള്‍ പട്ടിണിയില്‍. അവര്‍ അധ്വാനിച്ചുണ്ടാക്കിയതാ. പക്ഷെ, അവര്‍ക്കതില്‍ നിന്നു നാഴി നെډണി കിട്ടാന്‍ അമ്മാവന്‍റെ കനിവു വേണം. അമ്മാവന്‍റെ ചീത്തവിളിയത്രയും കേള്‍ക്കണം.

ഹൃദയശൂന്യരായ ഇത്തരം അമ്മാവډാരെ ഓര്‍മ്മിപ്പിക്കും കേന്ദ്രം. കേന്ദ്രത്തിന്‍റെ വരുമാനം എന്നു പയുന്നത് എന്താണ്? അതു സംസ്ഥാനങ്ങളില്‍ നിന്നു ചെല്ലുന്നതാണ്. സംസ്ഥാനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വരുമാനത്തിന്‍റെ ഓഹരി സംസ്ഥാനത്തിനു കിട്ടാന്‍ കേന്ദ്രം കനിയണം. ഇതാണു സ്ഥിതി. മരങ്ങളെല്ലാം വെട്ടിക്കളഞ്ഞു കാടു നിലനിര്‍ത്തണമെന്നു പറയുന്നതുപോലെയാണ് സംസ്ഥാനങ്ങളുടെ വരുമാനമെല്ലാം ഇല്ലാതാക്കി കേന്ദ്രത്തിനു ശക്തമാവാമെന്നു കരുതുന്നത്.

സംസ്ഥാനങ്ങളുടെ സംയുക്തമാണ് ഇന്ത്യ. സംസ്ഥാനങ്ങളെ ശക്തമാക്കിക്കൊണ്ടേ കേന്ദ്രത്തിനു സുശക്തമാവാന്‍ കഴിയൂ.

സംസ്ഥാനങ്ങള്‍ അവയുടെ മുന്‍ഗണനാക്രമങ്ങള്‍ സ്വയം നിശ്ചയിച്ച് ആവശ്യമായ പ്രൊജക്റ്റുകള്‍ നടപ്പാക്കുക എന്ന രീതിയാണ് അഭികാമ്യം. കേന്ദ്ര വിഹിതം പൊതുവില്‍ കിട്ടുകയായിരുന്നു. എന്നാലിന്ന് പ്രൊജക്റ്റുകള്‍ക്കാണു കേന്ദ്രാംഗീകാരം. സംസ്ഥാനത്തിനു മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിക്കാനാവില്ല. സംസ്ഥാനത്തിന് ആവശ്യമില്ലാത്തതും എതിരായതുമായ പ്രൊജക്റ്റുകള്‍ പോലും നടപ്പാക്കണം. ആഗോളവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണു പൊതുവേ പല പ്രൊജക്റ്റുകളും. ആ നയങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തിയേ അടുത്ത ഗഡു സഹായം തരൂ. ഇതാണ് സംസ്ഥാന ജനത നിരാകരിച്ച നയങ്ങള്‍ സംസ്ഥാനത്തു നടപ്പാക്കിക്കുന്ന രീതി. ജനാധിപത്യ വിരുദ്ധമാണിത്. യു ഡി എഫിന് ഇതേക്കുറിച്ചെന്താണ് അഭിപ്രായം.. ആസൂത്രണ കമ്മീഷന്‍ പൊളിച്ചതു തന്നെ ഇത്തരത്തില്‍ ഫെഡറല്‍ ഘടന പൊളിക്കുംവിധം സംസ്ഥാനത്ത് ഇടപെടാനുള്ള പഴുതുണ്ടാക്കാന്‍ വേണ്ടിയാണ്.

കേന്ദ്രത്തില്‍ നിന്നുള്ള സഹായം ഇങ്ങനെ ചുരുക്കുന്നു. നികുതി ഓഹരി വെട്ടിക്കുറക്കുന്നു. മതിയായ ആശ്വാസധനം നല്‍കാതിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലാണ്  കടം എടുക്കാന്‍ നിര്‍ബന്ധിതരാവുന്നത്. അപ്പോഴോ? കടത്തിന്‍റെ പരിധിയിലും കര്‍ശനമായ വിലക്കേര്‍പ്പെടുത്തുന്നു. അതായത്, ആ വഴിക്ക് എന്തെങ്കിലും ആശ്വാസം ലഭിക്കാനുള്ള പഴുതും കേന്ദ്രം അടയ്ക്കുന്നു. കടം എടുക്കുന്നെങ്കില്‍ അത് ഉത്തരവദിത്വത്തോടെയാണ്. ആ ഉത്തരവാദിത്വമാണ് കിഫ്ബി നിക്ഷേപങ്ങള്‍ക്കു പ്രഖ്യാപിച്ച സര്‍ക്കാര്‍ ഗ്യാരന്‍റിയിലടക്കം തെളിഞ്ഞുകാണുന്നത്. നഷ്ടം വരില്ല. വന്നു പോയാലോ? സര്‍ക്കാര്‍ നികത്തും. ഈ വിധത്തിലുള്ള കിഫ്ബിയുടെ കടവും സര്‍ക്കാര്‍ കടമായി കണക്കാക്കി കിഫ്ബിയെയും പൂട്ടിക്കാന്‍ ശ്രമിച്ചു. ഇത്തരം കേന്ദ്ര നടപടികളുടെ ഓരോ ഘട്ടത്തിലും  കേരളത്തിനു വേണ്ടി ഇടപെടുകയല്ല, കേന്ദ്ര നടപടിയില്‍ ആഹ്ലാദിക്കുകയാണു യു ഡി എഫ് ചെയ്‌തത്.

യു ഡി എഫ് നേതാക്കള്‍ പലവട്ടം ഡല്‍ഹിക്കു പോയല്ലോ. പി സി സി പ്രസിഡണ്ടിനെ മാറ്റാനും മാറ്റാതിരിക്കാനും ഒക്കെ മാത്രമായിരുന്നു അത്. പോയ ഒരു ഘട്ടത്തിലെങ്കിലും കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഒന്നും കേന്ദ്ര ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തയ്യാറായോ? ഇല്ല. എന്തുകൊണ്ട്? കേരള താല്‍പര്യങ്ങളല്ല, സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളാണു നിങ്ങളെ നയിക്കുന്നത്. കിഫ്ബിയുടെ കാര്യത്തിലുള്ള കേന്ദ്ര ദുഷ്പ്രചരണം ഏറ്റുപിടിച്ചു യു ഡി എഫ് നടക്കുന്നതിലടക്കം കാണുന്നത് ഇതാണ്.

കടത്തിന്‍റെ പരിധി കുറയ്ക്കുന്നു. സഹായ സാധ്യതകള്‍ വിലക്കുന്നു. ആനുകൂല്യങ്ങള്‍ മുതല്‍ നികുതി ഓഹരിവരെ വെട്ടിക്കുറയ്ക്കുന്നു. കിഫ്ബിയെ തകര്‍ക്കുന്നു. ഇങ്ങനെ നമ്മുടെ കരചരണങ്ങള്‍ വെട്ടി മാറ്റുകയാണ്. ഇതു കേരളത്തിന്‍റെ പൊതുവായ പ്രശ്നമാണ്. കേന്ദ്രം ഇങ്ങനെ കേരളത്തെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍, അരുത് എന്നു നാടിന്‍റെ  താല്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിനൊപ്പം നിന്നു പറയാന്‍ ഒരു പ്രതിപക്ഷമിവിടില്ല എന്നതാണു കേരളത്തിന്‍റെ മറ്റൊരു ദൗര്‍ഭാഗ്യം.

കേരളം ഒരു വികസന പദ്ധതി മുമ്പോട്ടുവെച്ചാല്‍ അതിനുവേണ്ടി പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്താനല്ല, അതു മുടക്കാന്‍വേണ്ടി ശബ്ദമുയര്‍ത്താന്‍ മാത്രം നില്ക്കുന്നു കേരളത്തില്‍ നിന്നുള്ള ഭൂരിപക്ഷം എം പിമാര്‍ എന്നതാണു കേരളത്തിന്‍റെ ദൗര്‍ഭാഗ്യം!

കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോള്‍, പെന്‍ഷന്‍ മുടങ്ങും, റേഷന്‍ മുടങ്ങും, വികസനമാകെ സ്തംഭിക്കും. ജനം വലയും. നാടുദുരിതത്തിലാവും. ജനരോഷം ഉയരും. അങ്ങനെ വരുമ്പോള്‍ അതില്‍ നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്താമെന്നു കരുതുന്ന പ്രതിപക്ഷം നാടിന്‍റെ ദൗര്‍ഭാഗ്യമാണ്. വാമനന്‍ മഹാബലിയെ എന്നപോലെ, ബി ജി പി കേന്ദ്രം കേരളത്തെ രാഷ്ട്രീയ ശത്രുത മുന്‍ നിര്‍ത്തി ചവിട്ടിത്താഴ്ത്തുമ്പോള്‍ തട്ടിത്തെറിപ്പിക്കേണ്ട കൈകള്‍ തന്നെ ആ കാലു തടവിക്കൊടുക്കുന്നു എന്നതാണു കേരളത്തിന്‍റെ ദൗര്‍ഭാഗ്യം.

കേരളത്തിന്‍റെ വഴി ഒന്നൊന്നായി കേന്ദ്രം മുടക്കിയപ്പോള്‍ ഇവിടെ നിന്ന് ലോകസഭയ്ക്കു പോയ 18 യു ഡി എഫ് എം പിമാര്‍ എന്താണു ചെയ്തത്? ആ ചോദ്യം മുന്‍നിര്‍ത്തി യു ഡി എഫിനെ കേരളജനത കുറ്റവിചാരണ ചെയ്യാന്‍ പോവുന്ന ഘട്ടമാവാന്‍ പോവുകയാണു വരാനിരിക്കുന്ന പാര്‍ലമെന്‍റു തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ തങ്ങളെ ചിലതു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ജയിച്ചുപോയവര്‍ ചെയ്ത കാര്യങ്ങള്‍ ഓരോന്നും മുന്‍നിര്‍ത്തി ജനങ്ങള്‍ ചോദ്യങ്ങളുയര്‍ത്തും. ഓരോന്നിനും ഉത്തരം പറയിക്കും. ആ ജനരോഷക്കൊടുങ്കാറ്റില്‍ കരിയില പോലെ പറന്നുപോവും യു ഡി എഫ്.

ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ഈ കാലത്ത് സയാമീസ് ഇരട്ടകള്‍ പോലെയാണു കേന്ദ്രവും ഒരു വ്യവസായ ഗ്രൂപ്പും. ഈ വ്യവസായ ഗ്രൂപ്പാണ് കേന്ദ്രത്തിന്‍റെ മണി പവര്‍. അതു തകരുകയാണ്. ഇന്ത്യയിലെ മാധ്യമങ്ങളില്‍ മിക്കതിനെയും വിലയ്ക്കെടുത്തു. ശേഷിച്ച ചിലവയെ ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കി. അപ്പോഴതാവരുന്നു ഒരു അമേരിക്കന്‍ ഗവേഷണ സ്ഥാപനത്തിന്‍റെ വെളിപ്പെടുത്തല്‍. ഓഹരിക്കമ്പോളത്തിലെ ആ ഗ്രൂപ്പിന്‍റെ വീഴ്ച കേന്ദ്രത്തിലെ അധികാരികളുടെ രാഷ്ട്രീയ വീഴ്ചയുടെ തുടക്കമാണ്. എം എല്‍ എമാരെയടക്കം വിലയ്ക്കു വാങ്ങാനും സംസ്ഥാന ഭരണങ്ങള്‍ മാറ്റാനും പൊതു തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ ജയിപ്പിച്ചെടുക്കാനും പണമൊഴുക്കിയ സംവിധാനമാണ് തകരുന്നത്. ഇതു ഭരണത്തെ ബാധിക്കും. പല കൂട്ടുകച്ചവടങ്ങളും പുറത്തുവരും.

മോര്‍ബി പാലം പൊളിഞ്ഞുവീണ ശേഷവും 50,000 വോട്ട് ബി ജെ പിക്ക് അധികമായി കിട്ടി എന്ന അവകാശവാദമുണ്ടല്ലൊ. പാലം പൊളിഞ്ഞു വീണതുകൊണ്ടു വോട്ടു കൂടുകയല്ല ചെയ്തത്. പാലം പൊളിഞ്ഞിട്ടും അതിനു പിന്നിലെ യാഥാര്‍ത്ഥ്യം ജനം മനസ്സിലാക്കാത്തവിധം വര്‍ഗീയ പ്രചരണം വിഷലിപ്തമാംവിധം ഗംഭീരമായി നടത്താനുള്ള പണവും ദുസ്സാമര്‍ത്ഥ്യവും ബി ജെ പിക്കുണ്ടായി എന്നാണു മനസ്സിലാക്കേണ്ടത്. ആ ദുസ്സാമര്‍ത്ഥ്യത്തിനു പിന്നിലെ പണച്ചാക്കാണു ചോരുന്നത്.

ബി ബി സി ഡോക്യുമെന്‍ററി ഒരു പ്രധാന രാഷ്ട്രീയ സൂചന മുന്നോട്ടുവെക്കുന്നുണ്ട്. വലിയ മാറ്റത്തിന്‍റെ ചെറിയ സൂചന അതിലുണ്ട്. ആ ബി ബി സി ഡോക്യുമെന്‍ററി നിരോധിച്ചു. അതിനെതിരെ ഒരക്ഷരം പറയാത്ത കോണ്‍ഗ്രസ് നേതാക്കളെ അറിയാമല്ലോ? അടുത്ത കാലത്ത് എസ് എഫ് ഐയെ നിരോധിക്കണമെന്നു പറഞ്ഞയാളാണ്. എന്താ ഇപ്പോള്‍ മൗനം? അതിലുമുണ്ട് ചില സൂചനകള്‍.

സമാധാനത്തിന്‍റെ പാതയിലൂടെയാണു കേരളം നീങ്ങുന്നത്. ഒരു അസ്വസ്ഥതയുമില്ലാത്ത ഇന്ത്യയിലെ ഒരു പച്ചത്തുരുത്തായി നില്ക്കുന്നു ഈ കേരളം. വര്‍ഗീയ കലാപങ്ങളില്ല. ജനക്കൂട്ടത്തിനു നേര്‍ക്കുള്ള വെടിവെയ്പുകളില്ല. ലോക്കപ്പ് കൊലപാതകങ്ങളില്ല. ഏത് അസ്വസ്ഥയും മുളയിലേ നുള്ളുന്നു. ഗുണ്ടകളെ അമര്‍ച്ചചെയ്യുന്നു. പൊലിസിലെ ക്രിമിനല്‍ സ്വഭാവമുള്ളവരെ പിരിച്ചുവിടുന്നു. സമാധാനത്തിന്‍റേതായ ഈ അവസ്ഥയും പ്രതിപക്ഷത്തെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ക്രമസമാധാനത്തകര്‍ച്ച എന്ന പതിവു പല്ലവി പാടിയാല്‍ ഏറ്റുമുട്ടാന്‍ ആരുമില്ല എന്ന സ്ഥിതി. എന്നിട്ടും മറിച്ച് ഒരു പ്രതീതി സൃഷ്ടിക്കാന്‍ പ്രതിപക്ഷം വിഫലമായി ശ്രമിക്കുന്നുണ്ട്.

കേരളത്തില്‍ ക്രമസമാധാനത്തകര്‍ച്ചയില്ല; ഇവിടെയുള്ളത് പ്രതിപക്ഷത്തിന്‍റെ മനഃസമാധാനത്തകര്‍ച്ചയാണ്. അതിനാകട്ടെ, ഞങ്ങളുടെ കൈയില്‍ പ്രതിവിധിയൊന്നുമില്ല. തെളിയിക്കപ്പെടാതെ കിടന്ന കേസുകള്‍ വരെ തെളിയിച്ചു മുമ്പോട്ടുപോവുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങളിലെ പ്രതികളെയടക്കം പുറം നാടുകളില്‍ വരെ പോയി പിടിക്കുകയാണ്. എല്ലാ തെളിവുകളും നശിപ്പിച്ചുവെന്നു പ്രതികള്‍ വിശ്വസിച്ച കേസുകളിലെ പ്രതികളെ കൃത്യമായി തെളിവുകള്‍ കണ്ടെത്തി ശിക്ഷിപ്പിക്കുകയാണ്. പൊലിസിനെ അടിമുടി ശുദ്ധീകരിച്ച്, മര്‍ദ്ദനോപകരണം എന്ന നിലയില്‍ നിന്നു ജനസേവനോപകരണം എന്ന നിലയിലേക്കു മാറ്റുകയാണ്.

ജനപ്രതിഷേധങ്ങളെ എങ്ങനെ നേരിടണം എന്നതിനു പുതുമാതൃകകള്‍ സൃഷ്ടിക്കുകയാണ്. പഴയ ഒരു മാതൃക ഉണ്ടായിരുന്നല്ലൊ. കിടപ്പാടം ചോദിച്ച ആദിവാസികളെ അവരുടെ വനദേശത്തു തന്നെ വെടിവെച്ചുകൊന്ന നേരിടല്‍ സംസ്കാരം. അതായിരുന്നു യു ഡി എഫ് കാലത്ത്. ഇന്നോ, ആളിക്കത്തിച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്താമെന്നു യു ഡി എഫ് കൊതിച്ചു നിന്ന വിഴിഞ്ഞം പ്രശ്നത്തില്‍ രാഷ്ട്രീയമായി രമ്യ പരിഹാരമുണ്ടാക്കി. ഇതാണു സമീപനത്തിലെ വ്യത്യസ്തത. രണ്ടു നയങ്ങള്‍ തമ്മിലുള്ള വ്യത്യാസം.

എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു ആക്ഷേപവും പ്രതിപക്ഷത്തിന് ഉയര്‍ത്താനില്ല എന്നതിന്‍റെ സ്ഥിരീകരണമായി ഈ നയപ്രഖ്യാപന ചര്‍ച്ച. പ്രതിപക്ഷം വിഷയദാരിദ്ര്യം ഇതുപോലെ അനുഭവിച്ച മറ്റൊരു ഘട്ടമില്ല. അതുകൊണ്ടുതന്നെ അവര്‍ കാടും പടലും തല്ലുന്ന മട്ടില്‍ ചര്‍ച്ച കൊണ്ടുപോയി. അങ്ങനെയാണ് ഗവര്‍ണര്‍ - സര്‍ക്കാര്‍ ബന്ധങ്ങളിലേക്ക് ഒക്കെ എത്തുന്നത്.

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ എന്തോ അവിശുദ്ധ ബന്ധം എന്നാണിവര്‍ പറഞ്ഞു നടക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിവിടുള്ളപ്പോള്‍ അതിനെതിരെ നിവേദനവുമായി രാജ്ഭവനിലേക്കു പോയവരാണിവര്‍. ഗവര്‍ണര്‍ - സര്‍ക്കാര്‍ ഏറ്റുമുട്ടലുണ്ടായി ഭരണഘടനാ പ്രതിസന്ധിയുണ്ടാവുമെന്നും അതില്‍ നിന്നു മുതലെടുക്കാമെന്നും കണക്കുകൂട്ടി നടന്നവരാണിവര്‍. ആ മോഹം ഫലിക്കില്ലെന്നു വരികയും അങ്ങനെ മോഹിച്ച് ഗവര്‍ണറുടെ പക്ഷം ചേരുന്നപക്ഷം തങ്ങള്‍ ഒപ്പം ഉണ്ടാവില്ലെന്ന് യു ഡി എഫിലെ പ്രധാന ഘടകകക്ഷിക്കു പോലും പറയേണ്ടി വന്നത് നമ്മള്‍ കണ്ടതാണ്. ആ വഴിക്കുള്ള തന്ത്രങ്ങളില്‍ നിന്നു കോണ്‍ഗ്രസ് പിന്തിരിഞ്ഞത്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം നിലപാടു വ്യക്തമാണ്. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ ഗവര്‍ണര്‍ നിര്‍വ്വഹിക്കുമ്പോള്‍ എല്ലാ പിന്തുണയും നല്‍കും. അതു ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചെയ്തിട്ടുണ്ട്. അതു തുടരുക തന്നെ ചെയ്യും. വിയോജനാഭിപ്രായങ്ങളുണ്ടായാല്‍, അത് ആ സ്ഥാനത്തോടുള്ള ആദരവു നിലനിര്‍ത്തിക്കൊണ്ടുതന്നെ അത് അറിയിക്കുകയും ചെയ്യും.

ബി ജെ പിയും ഞങ്ങളും തമ്മില്‍ ധാരണ എന്നതാണു മറ്റൊരു വിമര്‍ശനം. പൗരത്വനിയമം ഭേദഗതി അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തന്നെ പ്രതിഷേധമുയര്‍ത്തിയവരാണു ഞങ്ങള്‍. കര്‍ഷക സമരമടക്കമുള്ള കാര്യങ്ങളില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നവരാണു ഞങ്ങള്‍. നിര്‍ണയാകമായ ബിജെപി വിരുദ്ധ സമരങ്ങളിലെവിടെയെങ്കിലും നിങ്ങളെ കണ്ടിട്ടുണ്ടോ?

ഇക്കഴിഞ്ഞ ദിവസമാണ് ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനോ, പാര്‍ട്ടിക്കോ, പ്രത്യയശാസ്ത്രത്തിനോ എതിരെയല്ല തങ്ങളുടെ യാത്ര എന്ന തരത്തിലുള്ള അഭിപ്രായ പ്രകടനം ഒരു കോണ്‍ഗ്രസ്സ് നേതാവ് നടത്തിയത്. അത് സമര്‍ത്ഥിക്കാന്‍ അദ്ദേഹം പറഞ്ഞത് അവര്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ സ്മൃതി മണ്ഡപത്തില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടാണ് യാത്ര നടത്തിയിട്ടുള്ളത് എന്നാണ്. ആരും ആരും തമ്മിലാണ് സര്‍ ഒത്തുകളിയുള്ളത്?

ഇന്ന് രാജ്യത്താകെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് കേന്ദ്ര സര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍. ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ വരെ ജുഡിഷ്യറിയെ കടന്നാക്രമിക്കുന്നു. ജുഡീഷ്യറിയെ നിലയ്ക്കു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജുഡീഷ്യറിയുടെ ഇന്‍റിപെന്‍റന്‍സിനെതിരെ വരെ നീക്കങ്ങള്‍ ഉണ്ടാകുന്നു. ജുഡീഷ്യറി അതിരു കടക്കുന്നു എന്ന് താക്കീതിന്‍റെ സ്വരത്തില്‍ ചിലര്‍ പറയുന്നു.  കേരളത്തിലെ കോണ്‍ഗ്രസ്സിനും യു ഡി എഫിനുമൊക്കെ ഇക്കാര്യത്തില്‍ വല്ല നിലപാടുമുണ്ടോ സര്‍? ഇതില്‍ നിന്നൊക്കെ വ്യക്തമല്ലേ സര്‍ ഒത്തുകളിയും ധാരണയുമൊക്കെ ഉള്ളത് ആരൊക്കെ തമ്മിലാണെന്ന്?

ബി ജെ പിയുടെയും കോണ്‍ഗ്രസിന്‍റെയും സാമ്പത്തിക നയം ഒന്നാണ്. കോണ്‍ഗ്രസ് തുടങ്ങിവെച്ച നയം കൂടുതല്‍ ശക്തിയോടെ ബി ജെ പി നടപ്പാക്കുന്നു. അപ്പോള്‍ നിങ്ങള്‍ക്കു തമ്മില്‍ അല്ലേ ധാരണ? ഞങ്ങളാണെങ്കില്‍ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്നു. പൊതുമേഖലാ സ്ഥാപനത്തെ അവര്‍ വിറ്റഴിക്കുമ്പോള്‍, ഞങ്ങള്‍ ഏറ്റെടുത്തു ലാഭത്തിലാക്കുന്നു. ഓരോനയത്തിലും ഇതു പ്രകടമാണ്.

ഈ അടുത്താണ് കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്കു വച്ച ബെല്‍ ഇ എം എല്ലിനെ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് കെല്‍ ഇ എം എല്‍ ആക്കിയത്. വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്കു വച്ചപ്പോള്‍ കേരള സര്‍ക്കാര്‍ അതിനെ ഏറ്റെടുത്ത് കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡാക്കി മാറ്റുകയുണ്ടായി. ഇവ രണ്ടും ഇപ്പോള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. പൊതുമേഖലയില്‍ തന്നെ കേരള റബ്ബര്‍ ലിമിറ്റഡ് എന്ന കമ്പനി ആരംഭിക്കുകയാണ്.

പൊതുമേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി പ്രത്യേക പൊതുമേഖലാ നയം തന്നെ ഈ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. അതിന്‍റെകൂടി ഫലമായാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നമ്മുടെ 25 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായത്. 18 ശതമാനം വര്‍ദ്ധനവോടെ 3,892 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനലാഭം 386 കോടി രൂപയാണ്. ഇങ്ങനെയൊക്കെയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ബദല്‍ നയങ്ങള്‍ നടപ്പാക്കിക്കൊണ്ട് കേരളത്തെ പുരോഗതിയിലേക്കു നയിക്കുന്നത്.  

കേരളത്തിന്‍റെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മുന്നോട്ടുവെച്ച ഓരോ പദ്ധതിയോടും നിങ്ങളുടെ സമീപനം എന്തായിരുന്നു എന്നത് ജനങ്ങളെ അറിയിക്കാന്‍ കൂടി ഈ സന്ദര്‍ഭം ഉപയോഗിക്കേണ്ടതുണ്ടെന്നു കരുതുന്നു. നിങ്ങളുടെ സമീപനങ്ങള്‍ ക്രിയാത്മകമായിരുന്നോ നിഷേധാത്മകമായിരുന്നോ എന്ന് ഞാന്‍ പറയുന്നില്ല. ജനങ്ങള്‍ തീരുമാനിക്കട്ടെ.

കേരളത്തിന്‍റെ ജീവനാഡിയായി നീണ്ടുകിടക്കുന്ന ദേശീയപാതാ 66 ന്‍റെ വികസനം സ്തംഭിച്ചത് 2011-16 കാലഘട്ടത്തില്‍ നിങ്ങള്‍ ഭരണത്തിലിരിക്കുമ്പോഴാണ്. ഭൂമി ഏറ്റെടുക്കലിനായി തുടങ്ങിയിരുന്ന റവന്യൂ ഓഫീസുകള്‍ അടച്ചുപൂട്ടിയത് നിങ്ങളാണ്, 2014 ല്‍. 2016 ല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നതിനുശേഷം ദേശീയപാതാ വികസനം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയവരാണ് നിങ്ങള്‍. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രത്തിനു മുന്നില്‍ പോംവഴി അവതരിപ്പിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ്. അങ്ങനെയാണ് ഭൂമി ഏറ്റെടുക്കലിന്‍റെ ഒരു വിഹിതം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന നിലയുണ്ടായത്. 5,311 കോടി രൂപയാണ് അതിനായി ചിലവാക്കിയത്.

ഗെയില്‍ വാതക പൈപ്പ്ലൈനിന്‍റെ പണി ആരംഭിച്ചത് 2012 ലായിരുന്നെങ്കില്‍ 2013 ല്‍ തന്നെപദ്ധതിയെ ഏറെക്കുറെ ഉപേക്ഷിച്ചു. പിന്നീട് 2016 ല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴാണ് പദ്ധതിക്ക് ജീവന്‍ വെച്ചത്. എന്നാല്‍, അതിനെതിരെ അക്രമസമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഇങ്ങനെയൊരു പദ്ധതി ഈ നാട്ടിലേ വേണ്ട എന്നാണ് നിങ്ങളുടെ നേതാക്കള്‍ പറഞ്ഞത്. ഇന്നിപ്പോള്‍ പൈപ്പ്ലൈനിന്‍റെ പണി പൂര്‍ത്തിയായി എന്നുമാത്രമല്ല, അതിന്‍റെ ഫലമായി എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഗാര്‍ഹിക ഉപയോഗത്തിനായി പ്രകൃതിവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തിരിക്കുന്നു. ഇത് മറ്റു പ്രദേശങ്ങളിലും വേഗം തന്നെ എത്തിക്കാനവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2006 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏര്‍പ്പെടുത്തിയ പ്രത്യേക നഷ്ടപരിഹാര പാക്കേജുകളുടെ അടിസ്ഥാനത്തിലാണ് ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയുടെ ഭാഗമായ കൊച്ചിയിലെ 400 കെ വി സബ് സ്റ്റേഷനും തിരുനല്‍വേലി മുതല്‍ ഇടമണ്‍ വരെയും കൊച്ചി മുതല്‍ മാടക്കത്തറ വരെയുമുള്ള ലൈനിന്‍റെ നിര്‍മ്മാണവും പൂര്‍ത്തിയായത്. എന്നാല്‍, ദേശീയപാതയുടെയും ഗെയിലിന്‍റെയും കാര്യത്തിലെന്നപോലെ തന്നെ പവര്‍ ഹൈവേയുടെ കാര്യത്തിലും പദ്ധതി സ്തംഭിച്ചത് 2011-16 ല്‍ യു ഡി എഫിന്‍റെ കാലത്താണ്. 2016 ല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ ഇതിന്‍റെ പണി നടക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത് യു ഡി എഫ് നേതാക്കളും അണികളുമാണ്. ഇന്നിപ്പോള്‍ അതിനെയൊക്കെ അതിജീവിച്ച് ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

കേരളത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് 2009 ല്‍ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് സാധ്യതാപഠനം നടത്തിയ മലയോര ഹൈവേ. എന്നാല്‍, തുടര്‍ന്നുവന്ന യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് പദ്ധതി ഏറ്റെടുക്കപ്പെട്ടില്ല. 2016 ല്‍ എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നാണ് മലയോര ഹൈവേയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പുനര്‍ജീവന്‍ ലഭിച്ചത്. ഇത്തരം വികസന പ്രവര്‍ത്തനങ്ങളെയും അവയ്ക്കുവേണ്ട ധനവിഭവമൊരുക്കിയ കിഫ്ബിയെയും അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് നിങ്ങള്‍. എന്നിട്ടും സ്വന്തം മണ്ഡലങ്ങളില്‍ കിഫ്ബി പദ്ധതികള്‍ വേണ്ട എന്നുപറയാന്‍ നിങ്ങളിലൊരാളുപോലും തയ്യാറായോ. മാത്രമല്ല, സ്വന്തം മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രതീകങ്ങളായി അവയെ ചൂണ്ടിക്കാട്ടാന്‍ എന്തൊരു ധൃതിയാണ് നിങ്ങളെല്ലാം കാണിച്ചത്.

കേരളത്തിന് സ്വന്തമായൊരു ധനകാര്യ സ്ഥാപനം എന്ന സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണ് കേരള ബാങ്കിന്‍റെ രൂപീകരണത്തിലേക്കു നയിച്ചത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയും ഒക്കെ അതിനെ എതിര്‍ത്തവരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി നിര്‍ത്തലാക്കാനും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പേരുപറഞ്ഞ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനെ തടയാനും ശ്രമിച്ചവരാണ് നിങ്ങള്‍. ഇത്തരത്തില്‍ കേരളത്തിന്‍റെ വികസനത്തിനും ക്ഷേമത്തിനും ഉതകുന്ന എല്ലാ മുന്‍കൈകളെയും അട്ടിമറിക്കാന്‍ ശ്രമിച്ച ചരിത്രമാണ് നിങ്ങള്‍ക്കുള്ളത്.

കിഫ്ബിക്കെതിരെ നിങ്ങള്‍ ബി ജെ പിക്കൊപ്പം കരുക്കള്‍ നീക്കുന്നു. കേരള ബാങ്ക് വരാതിരിക്കാന്‍ ബി ജെ പിക്കൊത്തു കളിച്ചു. ദേശീയപാതാവികസന കാര്യത്തില്‍ ബി ജെ പിയുടെ അഭിപ്രായം പങ്കിട്ടു. സില്‍വര്‍ ലൈനിന്‍റെ കാര്യത്തില്‍ ഒരുമിച്ചു തടസ്സവാദങ്ങളുമായി നിവേദനത്തിനിറങ്ങി. ഒരുമിച്ചുതന്നെ തെരുവിലുമിറങ്ങി. പാര്‍ലമെന്‍റില്‍ കേരള പദ്ധതികളെ ബി ജെ പിക്കൊപ്പം നിന്ന് എതിര്‍ത്തു.

കേന്ദ്രം അരിവിഹിതം നിഷേധിച്ചപ്പോള്‍ മൗനം പാലിച്ചു. ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നതിനെ വായ്പയെടുത്താണിത് ചെയ്യുന്നത് എന്നു പറഞ്ഞ ബി ജെ പിക്കൊപ്പം നിന്ന് ആക്ഷേപിച്ചു. പാവപ്പെട്ടവര്‍ക്കു വീടു നല്‍കുന്ന ലൈഫ് പദ്ധതിക്കെതിരെ ബി ജെ പി തെരുവിലിറങ്ങിയപ്പോള്‍, ഒരു പടികൂടി കടന്നു നിങ്ങള്‍ സി ബി ഐ അന്വേഷണത്തിനായി പരാതി കൊടുത്തു. കിഫ്ബിക്കെതിരെ കേന്ദ്രം നീങ്ങുമ്പോള്‍ അതിന്‍റെ വിശ്വാസ്യത തകര്‍ക്കാനുള്ള വേലകള്‍ നിങ്ങളെടുത്തു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വില കേന്ദ്രം ഉയര്‍ത്തിയപ്പോള്‍ അതിനെ ന്യായീകരിക്കുംവിധം മൗനം ദീക്ഷിച്ചു.

ഏറ്റവും ഒടുവിലെ ബജറ്റില്‍ വരെ കേരളത്തെ കേന്ദ്രം ക്രൂരമായി അവഗണിച്ചിരുന്നു. എന്തുകൊണ്ടാണിത്? കേരളത്തിനു വേണ്ടി വാദിക്കാന്‍ നിങ്ങളുടെ 18 പ്രതിനിധികള്‍ തയ്യാറല്ല. നിങ്ങള്‍ക്ക് ഒരു കാര്യത്തിലേ താല്‍പര്യമുള്ളു. എന്തെങ്കിലും കേരളത്തിനു കിട്ടുമെങ്കില്‍ അതു മുടക്കുന്നതില്‍. മുടക്കു നിവേദനങ്ങളായി എത്തുന്ന കോണ്‍ഗ്രസും മുടക്കു നിവേദനങ്ങള്‍ സ്വീകരിച്ച് അംഗീകരിക്കുന്ന കേന്ദ്ര ബി ജെ പി ഭരണവും തമ്മിലാണു സത്യത്തില്‍ അവിശുദ്ധ ബന്ധമുള്ളത്. ബി ജെ പിയെയും അതിന്‍റെ നയങ്ങളെയും ഇഞ്ചിനിഞ്ചിന് എതിര്‍ക്കുന്ന ഞങ്ങള്‍ക്കിടയില്‍ പൊതുവായ യോജിപ്പിന്‍റെ ഒരു മേഖല പോലുമില്ല.

നിങ്ങള്‍ക്കാണെങ്കിലോ? കോ-ലീ-ബി സഖ്യത്തിന്‍റെ പഴയകാലം മുതല്‍ക്കുള്ള ചരിത്രം തന്നെ സ്വന്തമായുണ്ട്. അതു മറയ്ക്കാന്‍ നിങ്ങളുടെ ചെയ്തികളെ ഞങ്ങളുടെ തലയില്‍ വെച്ചുകെട്ടാമെന്നു കരുതേണ്ട. ഒരു കാര്യം വ്യക്തമാക്കാം. നിങ്ങള്‍ കേരളവിരുദ്ധമായി ചെയ്യുന്നതിനൊക്കെ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിങ്ങളെക്കൊണ്ട് എണ്ണിയെണ്ണി മറുപടി പറയിക്കും.

നിങ്ങളെ തെരഞ്ഞെടുത്തയച്ചു എന്ന കുറ്റത്തിന് എന്തിനിങ്ങനെ കേരളത്തെ ശിക്ഷിച്ചു എന്ന ചോദ്യം മുന്‍നിര്‍ത്തി നിങ്ങളെ കേരളജനത വിചാരണ ചെയ്യും. കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നതു കൈയ്യും കെട്ടി കണ്ടു നില്‍ക്കുക മാത്രമല്ല, കൈകൊട്ടി രസിച്ചു നില്‍ക്കുക കൂടിയാണ് ഈ വര്‍ഷങ്ങളില്‍ നിങ്ങള്‍ ചെയ്തത്. ഇതെല്ലാം കണ്ടുനിന്ന ജനങ്ങള്‍ സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുനരാലോചിക്കും; പുനരണിചേരലുമുണ്ടാവും.

കമ്മ്യൂണിസ്റ്റു വിരുദ്ധവികാരം പടര്‍ത്തിയാല്‍ ഏതുവിധേനയും ജയിച്ചു കയറാമെന്ന പഴയ സ്ഥിതി രക്ഷയ്ക്കു വരുമെന്നു കരുതരുത്. ആ കാലം മാറി. 1950കളിലെപ്പോലെ, കമ്മ്യൂണിസ്റ്റുവിരുദ്ധ മുന്നണി കെട്ടിപ്പൊക്കാമെന്നാണു നിങ്ങള്‍ കരുതുന്നതെങ്കില്‍ ഏഴു പതിറ്റാണ്ടുകൊണ്ടുണ്ടായ കേരളത്തിലെ രാഷ്ട്രീയമാറ്റം എന്തെന്നു നിങ്ങള്‍ക്കു മനസ്സിലായിട്ടില്ല എന്നേ പറയാനുള്ളു. കാലത്തിന്‍റെ രാഷ്ട്രീയ സ്വീകരണം മാറിയിരിക്കുന്നു എന്ന് കമ്മ്യൂണിസ്റ്റു വിരുദ്ധതയുടെ കുടക്കീഴില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ബി ജെ പിയെയും കോണ്‍ഗ്രസിനെയും വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യും - മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top