16 September Monday

വിമാനാപകടത്തിൽ മരിച്ച സൈനികൻ ഷെറിന്റെ വീട‌് മുഖ്യമന്ത്രി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

അഞ്ചരക്കണ്ടി> വ്യോമസേന വിമാനാപകടത്തിൽ മരിച്ച അഞ്ചരക്കണ്ടി സ്വദേശി എൻ കെ ഷെറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ 9.30 ന് കുഴിമ്പാലോട് മെട്ടയിലെ വസതിയിൽ എത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.

വ്യോമസേനയുടെ എഎൻ-32 വിമാനത്തിൽ പറക്കവെ ജൂൺ മൂന്നിനാണ‌്‌  ഷെറിനടക്കം 13പേരെ കാണാതായത‌്. ഒരാഴ‌്ച‌യ‌്ക്ക‌് ശേഷം എല്ലാവരും മരിച്ചതായി ഇന്ത്യൻ വ്യോമസേനാ അധികൃതർ അറിയിച്ചത്. രണ്ടുദിവസം മുമ്പാണ‌് വ്യോമസേന അധികൃതർ ചക്കരക്കൽ പോലീസ് സ്റ്റേഷനിലെത്തി ഭൗതിക ശരീരം കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ കൈമാറിയത‌്.

അസമിലെ ജോർഹട്ടിൽ നിന്ന് അരുണാചൽ പ്രദേശിലെ മേടുകയിലേക്ക് പോകവേയായിരുന്നു സൈനിക വിമാനം  കാണാതായത്. ദിവസങ്ങൾ കഴിഞ്ഞാണ്  12,000 അടി ഉയരത്തിൽനിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ  കണ്ടെത്തിയത്. വിമാനം തകർന്ന് വീണ പ്രദേശത്തേക്ക് ഹെലികോപ്ടർ ഇറക്കാൻ സാധിക്കാത്തതിനെ തുടർന്ന് പാരച്യൂട്ടുകൾ ഉപയോഗിച്ചാണ് ആളുകളെ ഇറക്കിയത്. മോശം കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ  നിർത്തിവെക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.  ഇപ്പോഴും തിരച്ചിൽ പൂർണമായും നടത്താൻ സാധിച്ചില്ലെന്നാണ് ഒടുവിൽ ലഭിച്ച വിവരം.

മുഖ്യമന്ത്രിയോടൊപ്പം മണ്ഡലം പ്രതിനിധി പി ബാലൻ, സി പി ഐ എം ജില്ല സെക്രട്ടറി എം വി ജയരാജൻ, അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി കെ ശബരീഷ് കുമാർ, പിണറായി ഏരിയ സെക്രട്ടറി കെ ശശിധരൻ, ലോക്കൽ സെക്രട്ടറി കെ സജീവൻ, അഞ്ചരക്കണ്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി സീത, വൈസ് പ്രസിഡന്റ്‌ പി പി സുരേന്ദ്രൻ എന്നിവരുമുണ്ടായിരുന്നു. ഷരിന്റെ മാതാപിതാക്കൾ, സഹോദരി, സഹോദരി ഭർത്താവ് എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top