23 April Friday

എല്‍ഡിഎഫിനെതിരെ നുണക്കഥകളുമായി യുഡിഎഫും ബിജെപിയും ഒരുമിച്ച് നീങ്ങി; രാഹുല്‍ കടലില്‍ ചാടിയ നേട്ടം ടൂറിസം വകുപ്പിന്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

തിരുവനന്തപുരം>  അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയാത്ത ഒരു സര്‍ക്കാരായിരുന്നു 2016 ന് മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവ മഹാ സംഗമം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

 ഇന്നത്തെ കേരളത്തിലെ പ്രതിപക്ഷം അടിസ്ഥാന വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയാത്തവരാണ്. ദേശീയ പാതാ വികസനം ഒരു രീതിയിലേ കേരളത്തിന്റെ വികസനത്തിന്റെ ഭാഗമാകു. മറ്റ് അനേകം അടിസ്ഥന വികസനം നടക്കണം. ആവശ്യത്തിന് പണമില്ല എന്നതാണ് പ്രയാസം. എന്നാല്‍ എല്‍ഡിഎഫ് നിസഹായമായി നിന്നില്ല.  പല വെല്ലുവിളികളുടേയും മുന്നില്‍ കയ്യും കെട്ടി നിന്നില്ല സര്‍ക്കാര്‍. ആ ആലോചനയുടെ ഭാഗമായാണ് നാമെല്ലാവരും വലിയ തോതില്‍ അംഗീകരിക്കുന്ന കിഫ്ബിയുടെ വികസന നടപടികള്‍ ആരംഭിക്കുന്നത്.

പുതിയ ക്യാന്‍വാസില്‍ കിഫ്ബിയെ അവതരിപ്പിച്ചു. നാടിന്റെ അടിസ്ഥാന വികസനം പ്രധാനമാണെന്ന് അന്ന് സര്‍ക്കാര്‍ പറഞ്ഞു. അതിന് കിഫ്ബിയിലൂടെ ധനം കണ്ടെത്താനാകുമെന്ന് പറഞ്ഞു. എന്നാല്‍ അതിന് എന്തെല്ലാം ആക്ഷേപം കേട്ടു. അക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് പിശകാണ് കാണിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.

 നാടിന്റെ വികസനം ശരിയായ രീതിയില്‍ പൂര്‍ത്തിയാകുമ്പോഴാണ് തൊഴില്‍ ആഗ്രഹിക്കുന്ന അനേക ലക്ഷം പേര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നത്. ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. സര്‍ക്കാര്‍ ഇതിനാണ് മുന്‍കൈ എടുത്തത്. എന്നാല്‍ പ്രതിപക്ഷം ഇതിനെ ആക്ഷേപിച്ചു. അധികാരത്തിലെത്തിയപ്പോള്‍ തന്നെ നാടിന്റെ വികസനം എങ്ങനെയെന്ന് എല്‍ഡിഎഫ്  പ്രഖ്യാപിച്ചു.



 സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫ് പറഞ്ഞത്. കേരള മോഡല്‍ പ്രസിദ്ധമാണ്. വികസിത മുതലാളിത്ത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നിലയിലേക്ക് ചില കാര്യങ്ങളില്‍ നമ്മുടെ നാട് എത്തി. പൊതുവിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് കാലത്ത് വലിയ കൊഴിഞ്ഞുപോക്കുണ്ടായി.അനേകര്‍ ദുഖിതരായി. തുടര്‍ന്ന്  എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചു. യുഡിഎഫിന്റെ കാലത്ത് 5 ലക്ഷം കുട്ടികള്‍ കൊഴിഞ്ഞു. അതേ പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്‍ഡിഎഫിന്റെ കാലത്ത് 6,80000 കുട്ടികള്‍ കൂടുതലായി വന്നുചേര്‍ന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളിലേക്കാണിന്ന് കുട്ടികള്‍ പോകുന്നത്.  അടിസ്ഥാന വികസനവും അക്കാദമിക നിലവാരവും ഉയര്‍ത്താന്‍ ശ്രമം നടന്നു. അങ്ങനെ വിദ്യാലയങ്ങള്‍ ഹൈടെക്കായി.

 കോവിഡ് കാലത്തും ആ ഹൈടെക്ക് നിലവാരം അനുഭവിക്കാനായി. ഈ നാടിന് വേണ്ടാത്ത കാര്യമാണോ ഇത്.  പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് കരുതുന്ന മുഴുവന്‍ ജനതയും നെഞ്ചത്ത് കൈവച്ച് പറയും, നിങ്ങള്‍ ചെയ്തത് തെറ്റല്ലെന്ന്.


 ഉന്നതവിദ്യാഭ്യാസ മേഖല വലിയ തോതില്‍ മാറാന്‍ പോകുന്നു. ഇല്ലായ്മകളെല്ലാം പരിഹരിക്കപ്പെടും.  വലിയ മാറ്റമാണ് വരുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനാണ് ശ്രമിക്കുന്നത്.  തൊഴിലാഗ്രഹിക്കുന്ന ചെറുപ്പക്കാരെ  ഏതെങ്കലും രീതിയില്‍ സഹായിക്കാനാകുമോ എന്നാണ് സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍ എന്തെല്ലാമാണ് അതിന്റെ പേരില്‍ നടന്നത്. നാടിതെല്ലാം മനസിലാക്കുന്നു.ഏതെങ്കിലും ഒരു നുണ പ്രത്യേകമായി സൃഷ്ടിച്ച് കേരളീയരെ പറ്റിക്കാമെന്ന് കരുതണ്ട. നിങ്ങളുടെ വഞ്ചന ശരിയായി തിരിച്ചറിഞ്ഞവരാണവര്‍.


എല്‍ഡിഎഫ് തീര്‍ന്നു എന്ന തരത്തില്‍ ആരോപണങ്ങളുയര്‍ത്തി.  വലിയ തോതിലുള്ള നുണക്കഥകള്‍. യുഡിഎഫും ബിജെപിയും ഒരുമിച്ച് നീങ്ങി. കുറെ ഏജന്‍സികളും കൂട്ടിനുണ്ടായി. ഒപ്പം വലതുപക്ഷ മാധ്യമങ്ങളുമുണ്ടായി. എന്നിട്ട് എന്ത് സംഭവിച്ചു. എന്താണ് ഉന്നമെന്ന് നാടിന് മനസിലായി. വലതുപക്ഷ വിദഗ്ധരുടെ കണ്ണ് തള്ളിപ്പോകുന്ന ഫലമാണുണ്ടായത്. ഓരോ ആളുടേയും ജീവിതാനുഭവമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍. എല്ലാ ജനവിഭാഗവും എല്‍ഡിഎഫിനൊപ്പം അണിനിരന്നു എന്നാണ് കഴിഞ്ഞ ഘട്ടം തെളിയിച്ചത്.


ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഗൂഡാലോചനയെന്നും മുഖ്യമന്ത്രി ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തിയെന്നും ഇതിനായി പ്രതിപക്ഷം ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
 
രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണെന്നും രാഹുല്‍ കടലില്‍ ചാടിയതുകൊണ്ട് ടൂറിസം വകുപ്പിനാണ് നേട്ടമുണ്ടായതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top