19 October Saturday

VIDEO - "അഴിമതിക്കാർ ശ്രദ്ധിക്കണമെന്ന്‌ പറയുമ്പോൾ പ്രതിപക്ഷനേതാവ് എന്തിനാണ് വേവലാതിപ്പെടുന്നത്"

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

പാലാ > അഴിമതിക്കെതിരെ എൽഡിഎഫ‌് സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമ്പോൾ ഒരുരീതിയിലുമുള്ള  വിരട്ടലുമായി ഇങ്ങോട്ടു  വരേണ്ടെന്ന‌്  പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയെ ഓർമിപ്പിച്ച‌് മുഖ്യമന്ത്രി പിണറായി വിജയൻ. വിരട്ടലിൽ ഭയന്ന‌് അഴിമതിക്കെതിരായ പ്രവർത്തനങ്ങളിൽ വിട്ടുവീഴ‌്ച ചെയ്യുമെന്ന‌് ധരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലായിൽ എൽഡിഎഫ‌് തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘മലർപ്പൊടിക്കാരന്റെ സ്വപ‌്നവുമായി നടക്കേണ്ടെന്നേ പ്രതിപക്ഷനേതാവിനോട‌് പറയാനുള്ളൂ. ഒരുപാട‌് സ്വപ‌്നം കണ്ടയാളാണല്ലോ. പലതും ചെയ്യാമെന്നും കരുതിയിരുന്നല്ലോ. അഴിമതി കാട്ടുന്നവർ സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന‌് ഉപദേശരൂപേണ ഞാൻ പറഞ്ഞിരുന്നു. ഉടനെ പ്രതിപക്ഷനേതാവ‌് ആ തൊപ്പി എടുത്ത‌് തലയിൽ അണിഞ്ഞിരിക്കുകയാണ‌്.

 അഴിമതി കാണിക്കുന്നവർ ശ്രദ്ധിക്കണമെന്ന്‌ പറയുമ്പോൾ പ്രതിപക്ഷനേതാവ‌് എന്തിനാണ‌് അതിൽ വേവലാതിപ്പെടുന്നത‌്. നിങ്ങൾ വേവലാതിപ്പെട്ടതു കൊണ്ട‌് അഴിമതിക്കാർക്കെതിരായ നിലപാട‌് സർക്കാർ അവസാനിപ്പിക്കുമെന്ന‌് കരുതിയോ ? അഴിമതിക്കെതിരായ പ്രവർത്തനത്തിൽ ഒരു വിട്ടുവീഴ‌്ചയുമില്ല. ശക്തമായ നടപടി തുടരും.’’ മുഖ്യമന്ത്രി തുടർന്നു.

 ഒരു നുണ പല തവണ ആവർത്തിച്ചാൽ യാഥാർഥ്യമെന്ന‌് നാട്ടുകാർ വിശ്വസിക്കുമെന്നാണ‌്ചിലർ ധരിച്ചു വച്ചിരിക്കുന്നത‌്. ഹിറ്റ‌്‌ലറുടെ ഉറ്റ ചങ്ങാതി ഗീബൽസിന്റെ അതേ തന്ത്രമാണ‌് ‘കിഫ‌്ബി’യുടെ കാര്യത്തിൽ പ്രതിപക്ഷനേതാവ‌് അടക്കമുള്ള യുഡിഎഫ‌് നേതാക്കൾ പയറ്റുന്നത‌്. അത‌് എവിടെയും വിലപ്പോവില്ല.

 നിരന്തരം ആരോപണം ഉന്നയിക്കുന്നവരുടെ സൂക്കേട‌് എന്താണെന്നറിയാം.  കേരളത്തിൽ വികസനം നടക്കാതിരിക്കണമെന്ന വിചാരമാണ‌് ഇക്കൂട്ടർക്ക‌്. ഇത‌് സാധ്യമാകണമെങ്കിൽ ‘കിഫ‌്ബി’യുടെ പ്രതിഛായ തകരണം. കിഫ‌്ബിയിലേയ‌്ക്കുള്ള ധനത്തിന്റെ വരവ‌് തടയണം. അങ്ങനെ വികസനം മുടക്കുകയാണ‌് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 യുഡിഎഫ‌് ഭരണത്തിൽ എങ്ങനെയൊക്കെ അഴിമതി നടത്താമെന്നതായിരുന്നു  ഗവേഷണം. നിയന്ത്രിക്കാൻ ചുമതലപ്പെട്ടവർ തന്നെ അഴിമതിയിൽ മുങ്ങിക്കുളിച്ചു. ഇത‌് അഴിമതിക്കാർക്ക‌് തണലായി. ആ രീതി ഇപ്പോൾ മാറി. നാട്ടിലെ അന്വേഷണസംവിധാനങ്ങൾക്ക‌് ഇപ്പോൾ കൂച്ചുവിലങ്ങില്ല. തെളിവിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ അന്വേഷണഉദ്യോഗസ്ഥർക്ക‌് സ്വതന്ത്രാധികാരമുണ്ട‌്. നിയമത്തിന്റെ കരങ്ങൾ സ്വതന്ത്രമായി എത്തേണ്ടിടത്ത‌് എത്തുന്നുണ്ട‌്. ഇത‌് അഴിമതി കുറയാൻ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top