20 February Wednesday

വർഗീയതയുടെ എ ടീമായാലും ബി ടീമായാലും എതിർക്കും: പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

പറവൂർ> വർഗീയതയുടെ എ ടീമായാലും ബി ടീമായാലും ഇടതുപക്ഷം ശക്തമായി എതിർക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയോടുള്ള സമരസപ്പെടൽ രീതി അവസാനിപ്പിച്ച‌് കോൺഗ്രസ‌് യഥാർഥ രാഷ‌്ട്രീയ പാർടിയാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിപിഐ എം പറവൂർ ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ‌് ഉദ‌്ഘാടനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയെ പരാജയപ്പെടുത്താൻ ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷവുമായി സഹകരിക്കാമെന്നാണ‌് കോൺഗ്രസ‌് നേതാവ‌് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത‌്. ബോധമുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ പറയില്ല. കോൺഗ്രസ‌ും അതിന്റെ നേതാക്കളും മോഹവലയത്തിൽപ്പെട്ടിരിക്കുകയാണ‌്. ഒരുകാലത്ത‌് രാജ്യം ഭരിച്ച പാർടിയാണത‌്. എന്നാൽ ഇന്ന‌് ശോഷിച്ചു. ജനവിരുദ്ധ നയങ്ങളാണ‌് അവർക്ക‌് തിരിച്ചടിയായത‌്. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർടികളാണ‌് പ്രബലമായത‌്. ഇക്കാര്യം കോൺഗ്രസ‌് അംഗീകരിക്കണമെന്നും പിണറായി പറഞ്ഞു.

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് രക്ഷയില്ല. ഇവർ വീണ്ടും അധികാരത്തിൽ വരാതിരിക്കാനാണ‌് രാജ്യം ആഗ്രഹിക്കുന്നത‌്. ബിജെപിയുടെ കൂടെ നിന്നവർ പലരും വിട്ടുപോയി. യുപിയിൽ എസ‌്പിയും ബിഎസ‌്പിയും ചേർന്നുള്ള സഖ്യം മഹാശക്തിയാണ‌്. യുപിയിൽ തിരിച്ചടി നേരിട്ടാൽ കേന്ദ്രത്തിൽ ബിജെപിയുടെ അധികാരമോഹം കൊഴിയും. കോൺഗ്രസ‌് ഈ യഥാർഥ്യം ഉൾക്കൊള്ളണം.

സിപിഐ എമ്മിന‌് മത്സരിക്കാൻ കഴിയുന്നിടത്തേ മത്സരിക്കുന്നുള്ളു. മറ്റിടങ്ങളിൽ മതനിരപേക്ഷ സ്ഥാനാർഥികൾ ജയിക്കണമെന്നാണ‌് പാർടിയുടെ കാഴ‌്ചപാട‌്. ബിജെപിയുടെ പരാജയമാണ‌് പ്രധാനം. 40 അല്ല 400 കോടിയായാലും ഇടതുപക്ഷത്തിന്റെ എംപിമാരെ സമീപിക്കാൻ സംഘപരിവാരത്തിന‌് ധൈര്യമുണ്ടാകില്ല. കോൺഗ്രസ‌ിന്റെ പ്രമുഖ നേതാക്കളെല്ലം ബിജെപിയിലേക്ക‌് ചേക്കേറുകയാണ‌്.

വർഗീയതയെ എതിർക്കാതെ മതനിരപേക്ഷത സംരക്ഷിക്കാനാവില്ല. ബിജെപിയെ തോൽപിച്ച‌് മധ്യപ്രദേശിൽ അധികാരത്തിൽ വന്ന കോൺഗ്രസ‌് സർക്കാർ ദേശ സുരക്ഷാ നിയമം അടിച്ചേൽപ്പിച്ചിരിക്കുയാണ‌്. സംഘപരിപവാരത്തേക്കാൾ തങ്ങളാണ‌് മുന്നിലെന്ന‌് കോൺഗ്രസ‌് തെളിയിക്കുകയാണ‌്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ തയ്യാറാണെന്നാണ‌് കോൺഗ്രസ‌് നേതാക്കൾ പറയുന്നത‌്. ഭരണഘടനയേയും മതനിരപേക്ഷതയേയും ജനാധിപത്യത്തേയും തകർക്കാനാണ‌് ആർഎസ‌്എസ‌് ശ്രമം. ജനങ്ങളിൽ ശിഥിലീകരണമുണ്ടാക്കുന്നു. സിബിഐയുടെ വിശ്വാസം തകർക്കാനാണ‌് നീക്കം.

രാജ്യമാകെ ന്യൂനപക്ഷ വേട്ടപെരുകുകയാണ‌്. കേരളത്തിൽ ഇടതുപക്ഷം ശക്തമായതിനാൽ അത‌് നടക്കുന്നില്ല. ലാവ‌്‌ലിൻ കേസിൽ ആരെയും രക്ഷപെടുത്തണമെന്നാവശ്യപ്പെട്ട‌് ഇടതുപക്ഷം ആരുടെ അടുത്തും പോയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ചടങ്ങിൽ എസ‌് ശർമ എംഎൽഎ അധ്യക്ഷനായി.


പ്രധാന വാർത്തകൾ
 Top