09 August Sunday

"ഏത് അന്വേഷണവുമാകാം; വിവാദ വനിതയ്ക്കായി എയർ ഇന്ത്യയിലും കോൺസുലേറ്റിലും ശുപാർശ ചെയ്തതാര്'

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

തിരുവനന്തപുരം > തിരുവനന്തപുരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കേന്ദ്രസർക്കാരിന് കീഴിലെ കസ്റ്റംസാണ് അന്വേഷിക്കുന്നത്. അവർ ആവശ്യപ്പെടുന്ന എല്ലാ സഹായവും നൽകും. സിബിഐ ഉൾപ്പെടെ ഏത് അന്വേഷണം വേണമെന്ന് കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടത്. ഏത് അന്വേഷണത്തിനും സംസ്ഥാന സർക്കാരിന് ഒരു തടസ്സവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേസുമായി തന്റെ ഓഫീസിനെ ബന്ധപ്പെടുത്തിയുള്ള  പ്രതിപക്ഷ ആരോപണങ്ങൾക്കും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകി. രാജ്യത്തുള്ള എല്ലാ വിമാനത്താവളങ്ങളും കേന്ദ്രസർക്കാരിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. അവിടെ ഒരു സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാനാകില്ല. ഈ കേസ് സംസ്ഥാന സർക്കാരുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത്. ഈ പാഴ്‌സൽ സർക്കാരിന്റെ ഏതെങ്കിലും ഏജൻസിക്കാണോ വന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. യുഎഇ കോൺസുലേറ്റിന്റെ അധികാരം ഉപയോഗിച്ചാണു കാര്യങ്ങൾ നടത്താൻ നോക്കുന്നത്. യുഎഇ കോൺസുലേറ്റിന്റെ അധികാരപത്രം ഹാജരാക്കി എന്നൊക്കെയാണ് കേൾക്കുന്നത്.

ഈ കേസിലുള്ള വിവാദ വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി യാതൊരു ബന്ധവുമില്ല. ഐടി വകുപ്പുമായും ബന്ധമില്ല. ഐടി വകുപ്പിനു കീഴിൽ നിരവധി പ്രോജക്ടുകളുണ്ട്. അവയുടെ മാർക്കറ്റിങ് ചുമതലയാണ് അവർക്ക് ഉണ്ടായിരുന്നത്. ഇവരെ ജോലിക്കെടുത്തത് ഈ മാനേജ്‌മെന്റാണ്. പ്ലേസ്‌മെന്റ് ഏജൻസി വഴിയാണ് താത്കാലിക നിയമനം നടത്തിയത്. ഇവരുടെ മുൻപത്തെ ചരിത്രം പരിശോധിക്കുമ്പോൾ സംസ്ഥാന സർക്കാരുമായും ബന്ധമില്ല. യുഎഇ കോൺസുലേറ്റിലും എയർ ഇന്ത്യയിലുമാണു ജോലി ഉണ്ടായിരുന്നത്. ഇതൊന്നും സംസ്ഥാന സർക്കാറിന്റെ അറിവോടെ നടന്ന നിയമനമല്ല. ആ നിയമന കാലമാണ് പ്രവർത്തി പരിചയമായി അവർ നൽകിയത്. കേരള സർക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഉണ്ടായിട്ടില്ല. ഇവർ കേരള സർക്കാരിനുവേണ്ടി ചെയ്ത ജോലിയിൽ തട്ടിപ്പ് നടന്നതായി പരാതിയില്ല.

സ്വർണക്കടത്തു നടത്തിയെന്നതു ശരിയാണ്. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല. കസ്റ്റംസിന് എല്ലാ സഹായവും ചെയ്യും. ക്രൈംബ്രാഞ്ച് ഈ വനിതയുമായി ബന്ധപ്പെട്ട് ഹൈക്കോടതയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ആ കേസിൽ ഇവരെ പ്രതി ചേർക്കാം എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. കൃത്യമായി മെറിറ്റ് അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ച് ചിലർ പറഞ്ഞത് മാധ്യമങ്ങൾ ആവർത്തിച്ചു.

കംസ്റ്റംസ് തന്നെ പറഞ്ഞു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ആരും വിളിച്ചില്ലെന്ന്. ഇവിടെ ഉന്നതമായ മൂല്യമാണ് എൽഡിഎഫ് സർക്കാർ പുലർത്തുന്നത്. ഐടി സെക്രട്ടറി ശിവശങ്കറിനെതിരെ ആക്ഷേപം ഉയർന്നു. അതേത്തുടർന്ന് അദ്ദേഹത്തെ മാറ്റി. ഈ വനിതയുമായി ഒട്ടേറെ പരാമർശം വന്നതിനാലാണ് അദ്ദേഹത്തെ മാറ്റി നിർത്തിയത്. യുഡിഎഫിന് ഇങ്ങനെ ഒരു നിലപാട് ചിന്തിക്കാൻ പോലും സാധിക്കില്ല. പുകമറ ഉയർത്തി സർക്കാറിനെ തളർത്തിക്കളയാമെന്നാണ് ഉദ്ദേശമെങ്കിൽ നടക്കില്ല. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ. സംസ്ഥാന സർക്കാരിന്റെ താൽപര്യപ്രകാരമല്ല എയർ ഇന്ത്യയിലേക്കും കോൺസുലേറ്റിലേക്കും ശുപാർശ ചെയ്തത്. ആരാണ് ഇതൊക്കെ ചെയ്തതെന്ന് അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top