09 August Sunday

'ഉന്നയിക്കുന്ന ആരോപണത്തിന് ഉറപ്പ് വേണം, ഫയല്‍ മുഴുവന്‍ വായിക്കണ്ടേ'; ഇ-മൊബിലിറ്റിയില്‍ ചെന്നിത്തലയ്ക്ക് മറുപടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

തിരുവനന്തപുരം > ഇ ‐ ബസ് നിർമ്മാണത്തിന് പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്ക് അനുമതി നൽകിയതിനെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ പ്രത്യേകതയാണെന്ന്‌ മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് ഇരിക്കുന്നതെന്ന് ഉൾക്കൊള്ളണം. ചീഫ് സെക്രട്ടറി കണ്ടെത്തിയത് കൊണ്ടാണ് ഇലക്ട്രിക് ബസ് നിർമ്മാണത്തിലേക്ക് പോകാത്തത് എന്ന് അദ്ദേഹം പറഞ്ഞു. ഫയലിന്റെ ഒരു ഭാഗവും കാണിച്ചു. ഫയലിൽ ഒരു ഭാഗം മാത്രം കാണാൻ പറ്റില്ല. ഫയൽ ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് തനിയെ നടന്ന് പോയതല്ല. രമേശ് ചെന്നിത്തല കാണിച്ച ഭാഗത്തിന് തൊട്ടുമുൻപ് മുഖ്യമന്ത്രിയുടെ ഭാഗമുണ്ട്. ചീഫ് സെക്രട്ടറി പരിശോധിച്ച് അഭിപ്രായം പറയണമെന്ന് പറയുന്നുണ്ട്. ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് അതിന്റെ അർത്ഥം. ഈ ഭാഗം പ്രതിപക്ഷ നേതാവ് മറച്ചുവെച്ചത് എന്തിനാണ്?

ഈ ഫയലിൽ ഒരിടത്ത് മാത്രമല്ല പരിശോധന വേണമെന്ന് ആവശ്യപ്പെട്ടത്. കയ്യിലുള്ള ഫയൽ മനസ്സിരുത്തി വായിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പുവേണം. ആരെങ്കിലും പറയുന്നത് കേട്ട് സമയം പാഴാക്കരുത്. തെറ്റായ കാര്യം ഓരോ ദിവസവും പറയുക, മാധ്യമങ്ങൾ മറുപടി തേടുക. ഇത്തരമൊരു വൃഥാവ്യായാമം നടക്കുന്നു. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല, നടക്കുകയുമില്ല. ഏതെങ്കിലും ആക്ഷേപം കേട്ടത് കൊണ്ട് കേരളത്തിന്റെ ഭാവിക്ക് വേണ്ട പദ്ധതികൾ ഉപേക്ഷിക്കില്ല.

ഇലക്ട്രിക് ബസ് നിർമ്മാണ പദ്ധതി കേരളത്തിൽ നിന്ന് പറിച്ച് കൊണ്ടുപോകാൻ ശ്രമം നടക്കുന്നുണ്ട്. അതിന് വളം വെച്ച് കൊടുക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാവരുത്. കേരളത്തെ വൈദ്യുത വാഹനത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. കുറേ വൈദ്യുതി ബസ് ഉണ്ടാക്കുക മാത്രമല്ല ലക്ഷ്യം. അതടക്കം നിരത്തിലിറക്കി പൊതു ഗതാഗതം പ്രകൃതി സൗഹൃദമാക്കുക. വൈദ്യുത വാഹന നിർമ്മാണ മേഖലയിൽ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് ജോലിക്ക് അവസരം ഒരുക്കും. ബാറ്ററി നിർമ്മാണത്തിനടക്കം അവസരം ഒരുങ്ങും. വിവിധ മേഖലയിൽ വളർച്ചയുണ്ടാകും. വ്യവസായ മേഖലയെ പരസ്പര ബന്ധിതവും കാലാനുസൃതവുമായ വളർച്ചയിലേക്ക് ഉയർത്താനാണ് ശ്രമം. അതിനെ ചുരുക്കിക്കാണാനും വിവാദത്തിലൂടെ തളർത്താനുമുള്ള ശ്രമം ജനവിരുദ്ധവും നാടിന്റെ വികസനത്തിന് എതിരുമാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top